K. VINEETHA

K. VINEETHA

Any

Reading

Problem

Poet

Kottalam Parambath

Chalavara P.O.

Palakkad, 0466-2289732, 9747415450

Nil

Back

NIL

സാഹിത്യതറവാട്ടിന്റെ നടുമുറ്റത്തേക്ക് ഭദ്രദീപമേന്തി, പ്രസാദാത്മകമായ പുഞ്ചിരിയോടെ വിനീതമായെത്തിയ വിനീത; നാലകത്തേക്ക് മണിശിഞ്ജിതനാദം മുഴക്കി കവിതാകന്യയാളെ ആനയിക്കുകയായി. അനിതരസാധാരണമായ സര്‍ഗ്ഗശക്തിയുടെ അക്ഷയശ്രോതസ്സായ ഈ ചെറുബാലിക, തന്റെ തൂലികതുമ്പിലെ അക്ഷരപ്പൂക്കളാല്‍ നിരവദ്യസുന്ദരമായ നിരവധി ചിത്രഹാരങ്ങള്‍ സാഹിതീദേവിക്ക് നൈവേദ്യമര്‍പ്പിച്ചു കഴിഞ്ഞു.
പാലക്കാടു ജില്ലയിലെ ചളവറ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഒന്‍പതാം ക്ളാസ്സ് വിദ്യാര്‍ത്ഥിനിയായ വിനീത നന്നേ ചെറുപ്പത്തില്‍തന്നെ കവിതാരചനയില്‍ ഉത്സുകയായിരുന്നു. ജില്ലാതലമത്സരങ്ങളില്‍ നിരവധി പുരസ്കാരങ്ങള്‍ കവിതയിലും ഇതര സാഹിതീയ ശാഖകളിലും നേടിയിട്ടുണ്ട്. കവിതാരചനയില്‍ ഒന്നാംസ്ഥാനം, പ്രസംഗത്തില്‍ എ ഗ്രേഡ്; സോഷ്യല്‍ സയന്‍സ് പ്രസംഗത്തില്‍ രണ്ടാംസ്ഥാനം; ഉപജില്ലാതലത്തില്‍ കവിതാരചനയ്ക്കും കഥാരചനയ്ക്കും ഒന്നാംസ്ഥാനം; പഞ്ചായത്തുതലമത്സരങ്ങളില്‍ കഥ, കവിത, ആസ്വാദനക്കുറിപ്പ് എന്നിവയില്‍ ഒന്നാംസ്ഥാനം എന്നിവ കരസ്ഥമാക്കിയിട്ടുള്ള ഈ തളിര്‍പ്രതിഭ ഗള്‍ഫ് ഉദ്യോഗസ്ഥനായ വിജയകുമാറിന്റേയും, അദ്ധ്യാപികയായ സ്നേഹലതയുടേയും മക്കളില്‍ മൂത്തവളാണ്. ഇളയവള്‍ വിനയ. മാതൃഭൂമി ദിനപത്രത്താളുകളിലൂടെയാണ് 2006-ല്‍ ആദ്യമായി ഈ ബാലകവയിത്രിയുടെ -മഴവില്ല്, വിദ്യാലയം- എന്നീ കവിതകള്‍ ആസ്വാദകരിലെത്തുന്നത്. ഒരു മിന്നാമിനുങ്ങിന്റെ നറുങ്ങുവെട്ടം ചക്രവാളങ്ങളെ പ്രകാശിപ്പിക്കുന്ന ജ്യോതിര്‍ഗോളമായി മാറുന്ന ഭ്രമണപഥങ്ങളിലാണ് നാമീബാലികയെ പിന്നീട് ദര്‍ശിച്ചത്. ഏഴാംക്ളാസ്സ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ വിനീത രചിച്ച 40 കവിതകളുടെ സമാഹാരം -മയില്‍കുഞ്ഞിനോട്- എന്ന പേരില്‍ പ്രമുഖ പുസ്തക പ്രസാധകരായ കോട്ടയത്തെ അവന്തി പബ്ളിക്കേഷന്‍സ്; മാനേജിംഗ് ഡയറക്ടറായ ശ്രീ. ടി.എ. മാത്യൂസിന്റെ പ്രൌഢഗംഭീരമായ ആമുഖത്തോടെ സാഹിത്യാസ്വാദകരില്‍ എത്തിച്ചു. തുടര്‍ന്നും കവിതാരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിനീതയ്ക്ക് കുഞ്ഞുണ്ണി സ്മാരകട്രസ്റ് ഏര്‍പ്പെടുത്തിയ കുട്ടേട്ടന്‍ പുരസ്കാരം 2009-ല്‍ ലഭിക്കുകയുണ്ടായി. സമൂഹമനസ്സാക്ഷിയെ മഥിപ്പിക്കുന്ന ആനുകാലിക സംഭവങ്ങളിലേക്ക് ആകാംക്ഷയോടും അതിലേറെ ആശങ്കയോടും ദൃഷ്ടിപതിപ്പിക്കുന്ന ഒരു ജിജ്ഞാസുവിന്റെ മനോവ്യാപാരങ്ങളുടെ വാങ്മയചിത്രങ്ങള്‍ നമുക്കീ ബാലികയുടെ കുഞ്ഞിക്കവിതകളില്‍ കാണാന്‍ കഴിയും. 2009-ലെ ഏറ്റവും പുതിയ കവിതയായ -ജലം ജീവാമൃതം- കവയിത്രിയുടെ സര്‍ഗ്ഗശക്തികളെ പ്രസ്പഷ്ടമാക്കുന്നു. പ്രസ്തുത കവിത അനുവാചകരുടെ ആസ്വാദനത്തിനായി താഴെ ചേര്‍ക്കുന്നു.
ജലം-ജീവാമൃതം
ഇന്ന്
ജീവിതമിപ്പോള്‍ കുപ്പികളിലാണ്.
ആദ്യം മധുരിപ്പിച്ചും,
പിന്നെ കയ്പിച്ചും,
മൂത്തവര്‍ ചൊല്ലാത്ത മുതുനെല്ലിക്കപോലെ
ഒരു പുതുകുപ്പിക്കാലം.
പച്ച, ഓറഞ്ച്, കറുപ്പ്, വെള്ള
ജീവിതങ്ങളുടെ കുപ്പിക്കുടമാറ്റം....!
ഇന്നലെ
ജലം ജീവന്‍ തിളയ്ക്കുന്ന കലമായിരുന്നു.
വെളിച്ചത്തിന്റെ നിറമായിരുന്ന അവള്‍
ജീവിതത്തിന്റെ വെളിച്ചമായിരുന്നു....
കവിതപോലെ ഒഴുകിയിരുന്ന അവള്‍
കവിതവിതച്ചിരുന്നു....
ഓര്‍മ
കണ്ണീരിനും തണ്ണീരിനും ഒരേ മണമായിരുന്നു....
ശകുന്തളയുടെ കണ്ണീരെല്ലാം
അലിഞ്ഞുപോയതും,
ഉതുപ്പാനെ ഒളിപ്പിച്ച് വച്ചതും,
സൂര്യനെ മുക്കിക്കൊന്ന്
വീണ്ടും പൊക്കിയെടുക്കുന്നതും,
ഇപ്പറഞ്ഞ തണ്ണീര് തന്നെ!
ഭാവി
ലാഭക്കൊതി ഛര്‍ദ്ദിച്ചും,
ലോകമാനമാലിന്യങ്ങള്‍
സംഭാവനചെയ്യുകയും ചെയ്തും,
ഞങ്ങളാല്‍ മരണം കാത്തൊഴുകുന്ന
ഹേ! നീലസ്വര്‍ണമേ,
ഒരഡ്വാന്‍സ്ഡ് ഗുഡ്ബൈ!
വാര്‍ത്ത
വില്‍പ്പനയ്ക്കുണ്ട് നദികള്‍!
വെള്ളമില്ലെങ്കിലും,
മണല്‍വാരിയ കുഴികളുണ്ട്....
മണ്ണില്ലെങ്കിലും,
മാലിന്യങ്ങളുണ്ട്.
ശവമാണെങ്കിലും,
പണ്ടെന്നോ അലിഞ്ഞെത്തിയ-
ശിവനാമം ഇപ്പോഴും ധ്വനിക്കുന്നുണ്ട്....
ആവശ്യമുള്ളവര്‍ മുന്‍കൂട്ടി-
ബുക്ക് ചെയ്യേണ്ടതാണ്!
തത്ത്വചിന്ത
വേഗം വന്നാട്ടെ....,
ഗംഗയുടെ ചിതാഭസ്മമെങ്കിലും കിട്ടും.....
എന്റെ പുണ്യമെനിക്ക്
നിന്റെ പുണ്യം നിനക്ക്.

              
Back

  Date updated :