N. Kumaran Asan

N. Kumaran Asan

Any

Reading

Problem

Poet, Philosopher

1873-1924

Kayikkara

Trivandrum, Nil

Nil

Back

NIL

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മലയാളസാഹിത്യത്തില്‍ പ്രത്യേകിച്ച് കവിതാശാഖയില്‍ വിപ്ളവാത്മകമായ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച മഹാകവിയാണ് എന്‍. കുമാരനാശാന്‍. തമിഴ്, മലയാളം എന്നീ ഭാഷകളില്‍ പാണ്ഡിത്യമുണ്ടായിരുന്ന പുത്തന്‍ കടവത്ത് നാരായണന്റെ ഒന്‍പതു മക്കളില്‍ രണ്ടാമനായി 1873 ഏപ്രില്‍ മാസം ചിറയന്‍കീഴ് താലൂക്കിലെ കായിക്കരയിലാണ് അദ്ദേഹം ജനിച്ചത്. കുമാരു എന്ന പേരാണ് ഇദ്ദേഹത്തിനു നല്‍കിയിരുന്നത്. പില്‍ക്കാലത്ത് അദ്ധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ ആശാന്‍ ആകുകയും മഹത്തായ കാവ്യങ്ങളുടെ കര്‍ത്താവായതിനാല്‍ മഹാകവി ആകുകയും അപ്രകാരം മഹാകവി കുമാരനാശാന്‍ എന്ന പേര് സര്‍വ്വസാധാരണമാകുകയും ചെയ്തു. 1922-ല്‍ മദ്രാസ് സര്‍വ്വകലാശാല ഇദ്ദേഹത്തെ മഹാകവി പട്ടം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. കഥകളിയും ശാസ്ത്രീയസംഗീതവും പൈതൃകമായിത്തന്നെ ഇദ്ദേഹം സ്വായത്തമാക്കി. ഗണിതവും സംസ്കൃതവും പഠിച്ചശേഷം, പിതാവിന്റെ അഭീഷ്ടപ്രകാരം ഒരു പ്രൈമറി സ്ക്കൂളില്‍ അദ്ധ്യാപകനായി കുറെക്കാലം ജോലി നോക്കിയെങ്കിലും അധികനാള്‍ തുടര്‍ന്നില്ല. വീടിനടുത്തുള്ള ഒരു വ്യാപാരശാലയില്‍ കണക്കെഴുത്തുകാരനായി ജോലിയില്‍ ഏര്‍പ്പെട്ടു. സംസ്കൃതത്തില്‍ കൂടുതല്‍ വ്യുല്പത്തി നേടുന്നതിനായി മണമ്പൂര്‍ ഗോവിന്ദനാശാന്‍ നടത്തിവന്നിരുന്ന വിദ്യാലയത്തില്‍ ചേര്‍ന്ന് ഉപരിപഠനം നടത്തി. ഇതിനിടയില്‍ യോഗയിലും താന്ത്രികവിദ്യയിലും, ഭക്തിമാര്‍ഗ്ഗത്തിലും ഭ്രമം തോന്നുകയും വൈയ്ക്കത്തുള്ള സുബ്രഹ്മണ്യക്ഷേത്രത്തിലെ ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇക്കാലത്ത് കാവ്യദേവതയുടെ ദര്‍ശനാനുഗ്രഹം അദ്ദേഹത്തിനു ലഭിച്ചതായി കരുതുന്നു. ഭക്തിരസപ്രധാനങ്ങളായ ചില കൃതികള്‍ ഈ നാളുകളില്‍ അദ്ദേഹം രചിച്ചു.
ബാല്യത്തില്‍ ശാരീരികാസ്വാസ്ഥ്യങ്ങള്‍ അലട്ടിക്കൊണ്ടിരുന്ന കുമാരുവിനെ ഒരിക്കല്‍ ശ്രീനാരായണഗുരു, ഭവനത്തിലെത്തി സന്ദര്‍ശിക്കുകയും തന്റെ കൂടെ വന്ന് താമസിക്കുവാന്‍ ഉപദേശിക്കുകയും ചെയ്തു. ആ ഉപദേശം കുമാരാനാശാന്‍ ശിരസ്സാവഹിച്ചു.
ശ്രീരാമകൃഷ്ണദേവനുമായുള്ള നരേന്ദ്രന്റെ ആദ്യ കൂടികാഴ്ച പോലെ സംഭവബഹുലമായിത്തീര്‍ന്നു കുമാരനാശാന്റെ ശ്രീനാരായണഗുരു ദര്‍ശനവും. നരേന്ദ്രന്‍ സന്ന്യാസത്തിലേക്ക് തിരിഞ്ഞു. കുമാരനാശാന്‍, ഗുരുവിന്റെ അനുയായിയായി സാമൂഹ്യപരിഷ്കരണപ്രവര്‍ത്തനങ്ങളിലും, അതിനുള്ള മാര്‍ഗ്ഗമായി കാവ്യദേവതയെ കൈ പിടിക്കുകയും ചെയ്തു. ഗുരുദേവന്റെ അനുഗ്രഹാശിസ്സുകളോടെ കുമാരനാശാന്‍ 1895-ല്‍ സംസ്കൃത പഠനത്തിനായി ബാംഗ്ളൂരിലെ ശ്രീ ചാമരാജേന്ദ്രസംസ്കൃത കോളേജില്‍ ചേര്‍ന്നു. തര്‍ക്കശാസ്ത്രത്തില്‍ പ്രാവീണ്യം നേടി. അവസാന പരീക്ഷ എഴുതാതെ അവിടെനിന്നും മദ്രാസിലും, പിന്നീട് കല്‍ക്കത്തയിലും എത്തി. കല്‍ക്കത്തയിലെ സംസ്കൃതകോളേജില്‍ പഠനം തുടര്‍ന്നു. ന്യായം, വ്യാകരണം, തര്‍ക്കം, കാവ്യം എന്നിവയില്‍ പാണ്ഡിത്യം നേടി. ശ്രീ നാരായണഗുരുവിന്റെ അനുയായിയും തത്വചിന്തകനും സാമൂഹ്യപരിഷ്ക്കര്‍ത്താവുമായിരുന്ന അദ്ദേഹം കേരളക്കരയില്‍ അക്കാലത്ത് നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥിതികള്‍ക്കെതിരെ-അപരിഷ്കൃതമായ ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ, തീണ്ടല്‍ തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ-തൂലിക പടവാളാക്കിയ ശക്തനായ വിപ്ളവകാരിയാണ്. ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവരെ സാഹിത്യത്തില്‍ ആധുനിക കവിത്രയങ്ങളായി ഗണിക്കുന്നു.
സംസ്കൃതത്തില്‍ വ്യാസന്‍, കാളിദാസന്‍, വാല്മീകി എന്നിവര്‍ സഞ്ചരിച്ച ദാര്‍ശനിക ചിന്താപഥത്തില്‍ക്കൂടിയാണല്ലോ തുഞ്ചനും കുഞ്ചനും, ഒട്ടൊക്കെ ചെറുശ്ശേരിയും സഞ്ചരിച്ചിട്ടുള്ളത്. ആ ആത്മീയത-ദാര്‍ശനികത-ആശാനിലും വേരുറച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ കൃതികള്‍ വെളിവാക്കുന്നു. അതുകൊണ്ട് ആ കാവ്യങ്ങളിലെ ചിരസ്ഥായിയായ താല്പര്യം, പ്രായഭേദ്യമെന്യേ പണ്ഡിതപാമര വ്യത്യാസം കൂടാതെ എല്ലാവര്‍ക്കും സ്വയം സംജാതമാകുന്നു. വീണപൂവ്, ചണ്ഡാലഭിക്ഷുകി, നളിനി, കരുണ, ലീല, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ഗ്രാമവൃക്ഷത്തിലെ കുയില്‍, മണിമാല, വനമാല എന്നിവ ആശാന്റെ രചനകളിലെ പ്രസിദ്ധങ്ങളായ കൃതികളാണ്. എഡ്വിന്‍ ആര്‍നള്‍ഡിന്റെ ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയെ അവലംബിച്ച് ബുദ്ധചരിതം എന്ന ഇതിഹാസകൃതിയും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ആശാന്‍ കൃതികളിലെ ആശയങ്ങള്‍ സമൂഹമനസ്സാക്ഷിയ്ക്കു നേരെ ഉയര്‍ത്തിയ ചോദ്യങ്ങള്‍, മറ്റേതു കൃതികളെയും എന്നപോലെ തന്നെ അഭിപ്രായഭിന്നതകള്‍ നിരൂപകരില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഡോക്ടര്‍. അടൂര്‍ സുരേന്ദ്രന് പി. എച്ച്. ഡി. നേടിക്കൊടുത്ത പ്രബന്ധത്തില്‍, കുഴിത്തുറ സി. എം. അയ്യപ്പന്‍പിള്ളയുടെ പ്രസൂന ചരമം കാവ്യത്തിന്റെ വികസിത രൂപമാണ് വീണപൂവ് എന്നും മറ്റുമുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.
1924 ജനുവരിയില്‍ പല്ലനയാറ്റില്‍വച്ച് കുമാരനാശാന്‍ സഞ്ചരിച്ചിരുന്ന കൊല്ലം-ആലപ്പുഴ റഡീമര്‍ ബോട്ട് അപകടത്തില്‍പെട്ട് വെള്ളത്തില്‍ മുങ്ങിയത് ആ മഹാകവിയുടെ അന്ത്യത്തിനു കാരണമായി. മലയാള സാഹിത്യചക്രവാളത്തിലെ ആ വെള്ളിനക്ഷത്രം കാലാതീതമായി പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു. ആശാന്‍ ജന്മശതാബ്ദിവേളയില്‍ സ്മാരകസ്റാമ്പ് പുറത്തിറക്കി ഇന്ത്യന്‍ തപാല്‍വകുപ്പ് അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

              
Back

  Date updated :