Brahmasree M.M. Maheswaran Namboothiri

Brahmasree M.M. Maheswaran Namboothiri

Any

Reading

Problem

Social Worker

Manthral mazhoor Madom

Palolangara, Thrichambaram, Thalipparamb P.O.

Kannur, 0460-2203854

Nil

Back

NIL

തനിക്ക് ലഭിച്ച ഈ ജന്മം അതുല്യമായിക്കണ്ട്, തന്നെക്കൊണ്ടാവുന്ന സേവനങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാക്കണമെന്ന ദൃഢപ്രതിജ്ഞയിന്മേല്‍ വളര്‍ന്നുവന്ന ഒരു മാതൃകാവ്യക്തിത്വമാണ് ബ്രഹ്മശ്രീ. എം.എം. മഹേശ്വരന്‍ നമ്പൂതിരിയുടേത്. തൃച്ഛംബരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ നിത്യവും കുളിച്ചുതൊഴുന്നതാണ് തന്റെ എല്ലാ വളര്‍ച്ചയ്ക്കും ഐശ്വര്യത്തിനും കാരണമെന്ന് പറയുന്ന ഇദ്ദേഹം തനിക്ക് ലഭിച്ച ഈ ജന്മം ഈശ്വരന്റെ വരദാനമാണെന്ന് ഉറച്ചുവിശ്വസിക്കുന്നു. 77-ാം വയസ്സിലും കര്‍മ്മനിരതനാവാനുള്ള ശക്തി തനിക്ക് ലഭിക്കുന്നത് ഈശ്വരന്റെ കടാക്ഷം മൂലമാണെന്ന കാര്യത്തില്‍ മഹേശ്വരന്‍നമ്പൂതിരിക്ക് സംശയമേതുമില്ല.
പരിയാരത്തിനടുത്ത് മുക്കുന്നില്‍ 01-07-1930 ലാണ് മഹേശ്വരന്‍നമ്പൂതിരിയുടെ ജനനം. - കൊല്ലവര്‍ഷം 1105 മിഥുനമാസം പതിനേഴാം തീയതി പൂരം നക്ഷത്രത്തില്‍ പിറന്ന പുണ്യപുരുഷന്‍- പ്രസിദ്ധനായ യജ്ജുര്‍വ്വേദ പണ്ഡിതന്‍ മന്ത്രല്‍ മഴൂര്‍ മഠം യജ്ഞന്‍നമ്പൂതിരിയാണ് അച്ഛന്‍. മന്ത്രല്‍ മഴൂര്‍ മഠത്തില്‍ ശ്രീദേവിയാണ് അമ്മ. യജ്ജൂര്‍വേദ പണ്ഡിതനായിരുന്ന പിതാവിനെ മഹേശ്വരന്‍നമ്പൂതിരിക്ക് ചെറുപ്പത്തില്‍തന്നെ നഷ്ടമായി. കുട്ടികളുടെ കഴിവുകളെ ഒട്ടുംതന്നെ പ്രോത്സാഹിപ്പിക്കാത്ത, പുരോഗമനപ്രസ്ഥാനങ്ങളില്‍ തെല്ലും വിശ്വസിക്കാത്ത കുടുംബാംഗങ്ങളുടെ ഇടയിലായിരുന്നു പിന്നീടുള്ള കാലമത്രയും. എന്നാല്‍, വിദ്യാഭ്യാസം ഒരു സ്വപ്നം മാത്രമായി ഒതുങ്ങരുത് എന്ന ചിന്ത എല്ലാ കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും തരണംചെയ്യുന്നതിന് സഹായകമായി. 32 ബ്രാഹ്മണഗ്രാമങ്ങളില്‍പെട്ട പെരുഞ്ചല്ലൂര്‍ ഗ്രാമക്കാരായിരുന്നു ഇവര്‍. വിദ്യാഭ്യാസസൌകര്യങ്ങള്‍ ഒട്ടുംതന്നെ ഇല്ലാത്ത ഒരു പ്രദേശമാണ് അന്നും ഇന്നും ഇവിടം. കുപ്പം പുഴകടന്ന് വേണമായിരുന്നു വിദ്യാലയത്തില്‍ എത്താന്‍. കടത്തുകൂലിയായ മുക്കാല്‍ പോലും പലരില്‍ നിന്നും കടംവാങ്ങിയാണ് നല്കിയിരുന്നത്. കഷ്ടതകളുടെ നടുവിലും വിദ്യാഭ്യാസകാര്യങ്ങളില്‍ അഗ്രഗണ്യനായാണ് മഹേശ്വരന്‍നമ്പൂതിരി വളര്‍ന്നത്.
സാഹിത്യത്തോട് തികഞ്ഞ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഇദ്ദേഹം ചെറുപ്പംമുതലേ കഥകളും കവിതകളും രചിക്കുമായിരുന്നു. ദേശമിത്രം ആഴ്ചപ്പതിപ്പിലും മറ്റും അവ പ്രസിദ്ധീകരിച്ചുവരികയും ചെയ്തിരുന്നു. പുസ്തകങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശം 1945 മുതല്‍ ഇദ്ദേഹത്തെ വായനശാലകളിലെ നിത്യസന്ദര്‍ശകനാക്കി മാറ്റി. ഇദ്ദേഹം രചിച്ച ചരിത്രസംബന്ധമായ ലേഖനങ്ങള്‍ ചില പ്രസിദ്ധീകരണങ്ങളിലും ഇടംനേടി.
തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളില്‍നിന്നാണ് ഇദ്ദേഹം എസ്.എസ്.എല്‍.സി. പാസ്സായത്. പഠനസമയം അദ്ദേഹം സ്കൂള്‍ ലീഡര്‍ ആയിരുന്നു. കോഴിക്കോട് സാമൂതിരി കോളജില്‍നിന്നും ഇന്റര്‍മീഡിയറ്റ് 1952-ല്‍ പാസ്സായി.
1953 ഫെബ്രുവരി 1-ാം തീയതി ആന്ധ്രയിലെ എലൂര് പോസ്റോഫീസില്‍ മഹേശ്വരന്‍നമ്പൂതിരിക്ക് ജോലി ലഭിച്ചു. 7 വര്‍ഷത്തെ സേവനത്തിനുശേഷം ഇദ്ദേഹം 1 വര്‍ഷം പാലക്കാട് ഹെഡ് പോസ്റോഫീസില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന്, 1961-ല്‍ കണ്ണൂര്‍ ജില്ലയില്‍ നിയമനം ലഭിക്കുകയും ജില്ലയുടെ വിവിധഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തു. 4 വര്‍ഷം പയ്യന്നൂരിലും സേവനമനുഷ്ഠിച്ചു. 1976 മുതല്‍ 1979 വരെ പയ്യന്നൂരില്‍ വയര്‍ലെസ് ഇന്‍സ്പെക്ടറായിരുന്നു. 1985 -1989 കാലത്ത് കണ്ണൂരില്‍ പബ്ളിക് റിലേഷന്‍സ് ഓഫീസറായും ജോലിനോക്കി. 1989-ല്‍ പോസ്റ്മാസ്ററായ ഇദ്ദേഹം 1990 ജൂലൈ 31-ന് റിട്ടയറായി.
റിട്ടയര്‍മെന്റ് ജീവിതം മുരടിപ്പിച്ചുകളയാന്‍ തയ്യാറായിരുന്നില്ല മഹേശ്വരന്‍നമ്പൂതിരി. 1990 ഡിസംബറില്‍ തളിപ്പറമ്പിനടുത്ത് ഇദ്ദേഹം നാഗാര്‍ജ്ജുന ആയുര്‍വ്വേദ ഔഷധശാലയും ഒരു എസ്.ടി.ഡി ബൂത്തും ആരംഭിച്ചു. ഇവിടെയും ജനസേവനം തന്നെയായിരുന്നു ലക്ഷ്യം. 2000-ല്‍, യുവതലമുറയുടെ ആവശ്യങ്ങള്‍ മാനിച്ച് തളിപ്പറമ്പില്‍ ഒരു ഇന്റര്‍നെറ്റ് കഫേയും ആരംഭിച്ചു.
തികഞ്ഞ സമൂഹസ്നേഹിയായ ഇദ്ദേഹം, 1972 മുതല്‍ 1975 വരെ ഉത്സവാഘോഷക്കമ്മിറ്റിയിലും തുടര്‍ന്ന്, 1976 മുതല്‍ 1982 വരെ തൃച്ഛംബരം ശ്രീകൃഷ്ണസേവാസമിതിയില്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീനിലകളിലും പ്രവര്‍ത്തിച്ചു. കുട്ടികളെ വേദമഭ്യസിപ്പിക്കുന്നതിനായി ശ്രീശങ്കരവിദ്യാപീഠം എന്നപേരില്‍ ഒരു സ്ഥാപനം ആരംഭിച്ചു. പോസ്റല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലിചെയ്യുന്ന കാലത്ത് (1954-55) യു.പി.ടി.ഡബ്ള്യുവിന്റെ ജില്ലാസെക്രട്ടറിയായിരുന്നു. എന്‍.എഫ്.ടി.ടി.ഇ, എഫ്.എന്‍.ടി.ഒ എന്നീ സംഘടനകളുടെ ജില്ലാഭാരവാഹിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. സെന്‍ട്രല്‍ ഗവണ്‍മെന്റ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ജില്ലാഭാരവാഹി, കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം തളിപ്പറമ്പ് യൂണിറ്റ് പ്രസിഡണ്ട്, യോഗക്ഷേമസഭാംഗം എന്നീ സ്ഥാനങ്ങള്‍ ഇപ്പോള്‍ അലങ്കരിച്ചുവരുന്നു.
ഭാര്യ ശ്രീദേവി, ചെപ്പനൂര്‍ ഇല്ലത്തെ വാമനന്‍നമ്പൂതിരിയുടേയും ശ്രീദേവി അന്തര്‍ജ്ജനത്തിന്റെയും മകളാണ്. 1955-ലായിരുന്നു ഇവരുടെ വിവാഹം.
മക്കള്‍: സരള, നാരായണന്‍ (കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍, യു.കെ), ഡോ. മഹേശ്വരന്‍ (ബോംബെ), വാമനന്‍ (നാഗാര്‍ ജ്ജുന ഔഷധശാല). മക്കള്‍ നാലുപേരും വിവാഹിതരാണ്. നാരായണന്‍നമ്പൂതിരിയാണ് ജ്യേഷ്ഠസഹോദരന്‍.

              
Back

  Date updated :