Munderi Balakrishnan

Munderi Balakrishnan

Any

Reading

Problem

Social Worker

Gopalayam

Kanacherry, Echoor P.O.

Kannur, 0497-2791869, 9349406358

Nil

Back

NIL

കണ്ണൂര്‍ ജില്ലയുടെ രാഷ്ട്രീയ, സാമൂഹികരംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് ശ്രീ. മുണ്ടേരി ബാലകൃഷ്ണന്‍. തൊഴിലിനോടുള്ള കൂറും അതോടൊപ്പംതന്നെ സമൂഹത്തോടുള്ള പ്രതിബദ്ധതയും നിറവേറ്റുന്നതിനിടയില്‍ ഇദ്ദേഹത്തിന് വളരെയധികം ത്യാഗങ്ങള്‍ സഹിക്കേണ്ടിവന്നു. എങ്കിലും, തന്നാലാവുംവിധം തൊഴില്‍രംഗത്തും സാമൂഹികരംഗത്തും സംഭാവനകള്‍ നല്കാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊള്ളുകയാണ് ഇദ്ദേഹം.
കൊയിലേരിയില്‍ ഗോപാലന്റെയും പനയന്‍ പാഞ്ചുവിന്റെയും മകനായി 1952 മെയ് 20-ന് കണ്ണൂര്‍ ജില്ലയിലെ കാനച്ചേരിയിലാണ് ഇദ്ദേഹം ജനിച്ചത്. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം തൊഴില്‍മേഖലയായി ബാലകൃഷ്ണന്‍ തെരഞ്ഞെടുത്തത് ബീഡി നിര്‍മ്മാണരംഗമായിരുന്നു. 1964 മുതല്‍ 1978 വരെ ഈ രംഗത്ത് സജീവമായി സേവനമനുഷ്ഠിച്ച ഇദ്ദേഹം തൊഴില്‍സംബന്ധമായി മംഗലാപുരത്ത് 4 വര്‍ഷം ചെലവഴിച്ചിരുന്നു. തിരികെ നാട്ടിലെത്തി 1978 വരെ ദിനേശ് ബീഡി കമ്പനിയില്‍ തൊഴിലാളിയായി ജോലിചെയ്തു.
ബീഡിത്തൊഴിലാളിയായിരുന്ന കാലഘട്ടത്തിലാണ് ഇദ്ദേഹം സാമൂഹികപ്രവര്‍ത്തനരംഗത്ത് സജീവമാകുന്നത്. സാമുദായികമായി പിന്നോക്കം നില്ക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനായി അകമഴിഞ്ഞു പ്രവര്‍ത്തിച്ച ബാലകൃഷ്ണന്‍, 1968-70 കാലയളവില്‍ കേരള ഹരിജന്‍ സൊസൈറ്റി കാനച്ചേരി യൂണിറ്റ് സെക്രട്ടറിയായും കണ്ണൂര്‍ ജില്ലാക്കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചിരുന്നു.
ബീഡിത്തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കണമെങ്കില്‍ ഒരു യൂണിയന്റെ പിന്‍ബലം അനിവാര്യമാണെന്ന് ഇതിനോടകം തന്നെ ഇദ്ദേഹം മനസ്സിലാക്കി. 1975-ല്‍ ബീഡിത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) വാരം ഡിവിഷന്‍ പ്രസിഡണ്ടായി ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. 1977 വരെ തല്‍സ്ഥാനത്ത് തുടരുകയും ചെയ്തു. 1976-77കാലയളവില്‍ ബീഡിത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) കണ്ണൂര്‍ താലൂക്ക് കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ച ഇദ്ദേഹം 1976-ല്‍ സി.പി.എം കാന്‍ഡിഡേറ്റ് അംഗമായി ചേരുകയും 1977-ല്‍ പാര്‍ട്ടി അംഗമായി സജീവപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
ബീഡിത്തൊഴിലാളി യൂണിയനിലെന്നപോലെ കര്‍ഷകത്തൊഴിലാളി യൂണിയനിലും ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. 1976-ല്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ മുണ്ടേരി വില്ലേജ് കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബാലകൃഷ്ണന്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ എടക്കാട് ബ്ളോക്ക് കമ്മറ്റി അംഗമായും കണ്ണൂര്‍ ജില്ലാക്കമ്മറ്റി അംഗമായും 1976-84 കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചു.
1975-76 കാലയളവില്‍ കെ.എസ്.വൈ.എഫ് കാനച്ചേരി യൂണിറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം, 78-ലെ മിച്ചഭൂമി സമരത്തില്‍ പങ്കാളിയാവുകയും രണ്ട് മാസക്കാലം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവേളയില്‍ അന്നത്തെ പ്രധാനനേതാക്കളായിരുന്ന പി. കരുണാകരന്‍, സി.പി. മൂസാന്‍കുട്ടി, സതീദേവി എന്നിവരോടൊപ്പം നാട്ടില്‍ തനിക്കുലഭിച്ച സ്വീകരണം ബാലകൃഷ്ണന്‍ ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നു.
തുടര്‍ന്നുനടന്ന തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ഇദ്ദേഹം വിജയിച്ചു. 1979-ല്‍ മുണ്ടേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 1983-84-ല്‍ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ബാലകൃഷ്ണന്‍, 1984-89 കാലത്ത് ഏച്ചൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 വരെ സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം, സി.പി.ഐ (എം) മുണ്ടേരി ലോക്കല്‍ കമ്മറ്റി അംഗമായും ആറ് വര്‍ഷത്തോളം സി.പി.ഐ (എം) കാനച്ചേരി ബ്രാഞ്ച് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
ആദര്‍ശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന് മനസ്സിലാക്കിയ ബാലകൃഷ്ണന്‍, 1995-ല്‍ സി.പി.ഐ (എം) മെമ്പര്‍ഷിപ്പില്‍നിന്നും ഒഴിവായി. തുടര്‍ന്ന്, സി.പി.ഐയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനാവുകയും കാനായി ബ്രാഞ്ച് സെക്രട്ടറി, ചേലോറ ലോക്കല്‍ കമ്മറ്റി അംഗം എന്നീനിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
തൊണ്ണൂറുകളുടെ അവസാനത്തില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ സി.പി.ഐയില്‍നിന്ന് പിന്‍വാങ്ങിയ ഇദ്ദേഹം അന്നുമുതല്‍ സജീവരാഷ്ട്രീയമുപേക്ഷിച്ച് സാമൂഹികപ്രവര്‍ത്തനത്തിന് ഊന്നല്‍ നല്കി.
പട്ടികജാതിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച ബാലകൃഷ്ണന്‍, കേരള ഹരിജന്‍ സമാജ് എന്ന സംഘടനയില്‍ അംഗമാവുകയും 1999-ല്‍ സംഘടനയുടെ ജില്ലാക്കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പ്രവര്‍ത്തനപാടവംകൊണ്ട് 2001-ല്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി ഉയര്‍ന്ന ഇദ്ദേഹം പിന്നീട്, കേരള ഹരിജന്‍ സമാജും മറ്റ് ഹരിജന്‍ സംഘടനകളും ഒത്തുചേര്‍ന്ന് രൂപംനല്കിയ ഭാരതീയ പട്ടികജനസമാജിന്റെ ജില്ലാസെക്രട്ടറിയായും സംസ്ഥാനകമ്മറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.
പിന്നോക്കവിഭാഗക്കാരുടെ ഉന്നമനത്തിനും നിര്‍ദ്ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും അഗതികളെ സഹായിക്കുന്നതിനുമായി നിലകൊള്ളുന്ന ഭാരതീയ പട്ടികജനസമാജ് സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ പുരോഗതിക്കുവേണ്ടി അനവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
രാഷ്ട്രീയരംഗം പൂര്‍ണ്ണമായും ഉപേക്ഷിക്കുവാന്‍ മനസ്സ് അനുവദിക്കുന്നില്ല എന്ന് പറയുന്ന ബാലകൃഷ്ണന്‍ ഇപ്പോള്‍ സി.എം.പി കാനച്ചേരി ബ്രാഞ്ച് സെക്രട്ടറിയായും അഞ്ചരക്കണ്ടി ഏരിയാ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരികയാണ്.
പുന്നക്കല്‍ അനിതയാണ് ബാലകൃഷ്ണന്റെ സഹധര്‍മ്മിണി. 1976-ലായിരുന്നു ഇവരുടെ വിവാഹം. മക്കള്‍: ബിനിത (കണ്ണൂര്‍ ജില്ലാബാങ്ക്, തളാപ്പ് ശാഖ, ബില്‍കളക്ടര്‍), ബിനേഷ് (സതേണ്‍ സ്റീല്‍സ്), ബിജിത (മുണ്ടേരി പഞ്ചായത്ത് എസ്.സി. പ്രമോട്ടര്‍).

              
Back

  Date updated :