Adv. A. ANANTHA SIVA IYER M.A.B.L.

Adv. A. ANANTHA SIVA IYER M.A.B.L.

Any

Reading

Problem

Advocate

Valiyamadom

West Fort, Mavelikkara

Alapuzha, 0479-2302883

Nil

Back

NIL

ശ്രേഷ്ഠനായ അദ്ധ്യാപകന്‍, അഭിഭാഷകന്‍, പൊതുപ്രവര്‍ത്തകന്‍, സാഹിത്യസാംസ്ക്കാരിക രംഗങ്ങളിലെ പ്രിയങ്കരന്‍ എന്നീ ബഹുമുഖ പ്രവര്‍ത്തനങ്ങളാല്‍ ജനഹൃദയങ്ങളില്‍ സ്നേഹാദരങ്ങള്‍ നേടിയെടുത്ത പ്രശസ്ത വ്യക്തിയാണ് അനന്തശിവ അയ്യര്‍. അഭിഭാഷകനായി ജീവിതമാരംഭിച്ച അദ്ദേഹം പിന്നീട് അദ്ധ്യാപനത്തിലേക്കും പൊതുപ്രവര്‍ത്തനത്തിലേക്കും കടന്നുവരികയാണുണ്ടായത്.
മാവേലിക്കര വലിയ മഠത്തില്‍ അനന്തസുബ്രഹ്മണ്യ അയ്യരുടേയും, ശിവകാമി അമ്മാളുടേയും മകനായി 1930 ഡിസംബര്‍ 6-ന് ജനിച്ച ഇദ്ദേഹം മാവേലിക്കര എല്‍.പി. സ്കൂള്‍, ഗവണ്‍മെന്റ് ബോയിസ് ഹൈസ്ക്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം തൃശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്നും ബി.എ.ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് മദ്രാസ് ലോ കോളേജില്‍നിന്നും ബി.എല്‍. ബിരുദം നേടി, 1956 മുതല്‍ 1961 വരെ മാവേലിക്കര ബാറില്‍ അഭിഭാഷകവൃത്തി തുടര്‍ന്നു. പ്രസിദ്ധ നിരൂപകനും, സാഹിത്യകാരനും വിദ്യാഭ്യാസമന്ത്രിയുമായിരുന്ന പ്രൊഫസ്സര്‍ ജോസഫ് മുണ്ടശ്ശേരി തുടങ്ങിയ പ്രഗത്ഭരായ അദ്ധ്യാപകരില്‍നിന്ന് വിദ്യ അഭ്യസിക്കുവാന്‍ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ അവസരം ലഭിച്ചപ്പോള്‍, സ്വതവേ തന്നില്‍ ഉണ്ടായിരുന്ന അദ്ധ്യാപകനാകുവാനുള്ള അഭിനിവേശത്തിന് ആക്കം കൂടി. മാവേലിക്കര ബാര്‍ അസ്സോസിയേഷന്‍ സെക്രട്ടറി കൂടിയായിരുന്ന അദ്ദേഹം അഭിഭാഷക ജോലി ഉപേക്ഷിച്ച് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടുകയും, നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജില്‍ അദ്ധ്യപകനായി ചേരുകയും ചെയ്തു. 1962 മുതല്‍ മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ ഇംഗ്ളീഷ് അദ്ധ്യാപകനായി ചേര്‍ന്ന അദ്ദേഹം 1986 മാര്‍ച്ച് 31 വരെ സാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ളീഷ് ഭാഷയുടെ സൌകുമാര്യവും, സാഹിത്യസരണിയിലെ നിരൂപമ സൌന്ദര്യവും തുറന്നു കാട്ടി. ഇംഗ്ളീഷ് ഭാഷയേയും സാഹിത്യത്തേയും സംബന്ധിച്ച അനേകം ലേഖനങ്ങളിലൂടെ ആ ഭാഷയെ സാമാന്യജനങ്ങളിലേക്ക് എത്തിക്കുവാനും, വിശിഷ്യവിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അറിവുകള്‍ നല്‍കുവാനും അദ്ദേഹത്തിനായി. ആത്മീയ രംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ ഇദ്ദേഹത്തിനായി. ഭഗവാന്‍ സത്യസായിബാബയുടെ അനുയായി ആയി മാവേലിക്കര സത്യസായി സേവാസമിതിയുടെ മുഖ്യ സംഘാടകനും കാര്യദര്‍ശിയുമായി സേവാസമിതിക്ക് നേതൃത്വം നല്‍കി സേവനരംഗത്തും പൊതുരംഗത്തും സജീവമായി പ്രവര്‍ത്തിക്കുവാനും ഇദ്ദേഹത്തിന് അവസരം ലഭിച്ചു. ഡോക്ടര്‍ എന്‍.ഗോപാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജ് എന്ന സംഘടനയുടെ പ്രധാന പ്രവര്‍ത്തകനാണ്. വിവിധ ഭാരതീയ ആത്മീയസംഘങ്ങളുടെ പൊതുഐക്യവേദിയായ, മാവേലിക്കരയിലെ സമന്വയ എന്ന സംഘടനയുടെ അദ്ധ്യക്ഷനായി കഴിഞ്ഞ അഞ്ചു വര്‍ഷമായി ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തനങ്ങള്‍കൊണ്ട് ആത്മീയരംഗത്തേയും ധന്യമാക്കുന്നു. അഖില കേരള അയ്യപ്പസേവാസംഘത്തിന്റേയും മാവേലിക്കര പടിഞ്ഞാറേനട മഹാഗണപതിക്ഷേത്രസമിതിയുടെയും കാര്യദര്‍ശിയും, ഉപദേഷ്ടാവുമായി ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് ആത്മീയമൂല്യങ്ങളും ഈശ്വരചിന്തയും സനാതനതത്ത്വങ്ങളും എത്തിക്കുവാനും അദ്ദേഹത്തിനായി. ആത്മീയ പ്രഭാഷകന്‍, ജ്ഞാനപ്രകാശകന്‍ എന്നതുപോലെ സംഗീതത്തിലും അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹം കോട്ടയം രഞ്ജിനി സംഗീതസഭയുടേയും മാവേലിക്കര ശ്രീകൃഷ്ണഗാനസഭയുടേയും പ്രധാനപ്രവര്‍ത്തകനും പ്രചോദകനുമായിരുന്നു. കേരളബ്രാഹ്മണസഭയുടെ ഉപാദ്ധ്യക്ഷനായി മൂന്നു തവണ ഇദ്ദേഹത്തെ തെരഞ്ഞെടുക്കപ്പെട്ടു. സഭയുടെ മുഖപത്രമായ ശ്രുതിവാണിയില്‍ നിരവധി ലേഖനങ്ങള്‍ എഴുതി സമുദായത്തിലും സമൂഹത്തിലും ഈശ്വരചിന്തയില്‍ അധിഷ്ടിതമായ കര്‍മ്മോന്മുഖമായ ജീവിതശൈലി രൂപീകരിക്കുവാന്‍ പ്രേരണ നല്‍കിയിരുന്നു. ആര്‍ജ്ജവമാര്‍ന്ന അദ്ധ്യാപകജീവിതം ആത്മാര്‍ത്ഥതയും സത്യസന്ധതയുമാര്‍ന്ന പൊതുജീവിതം, അഭിഭാഷകന്റെ കൂര്‍മ്മബുദ്ധി, ആത്മീയതയിലമര്‍ന്ന സംശുദ്ധമായ ജീവിതശൈലി എന്നിവയാല്‍ സ്വജീവിതം തന്നെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കിയ മഹാമനുഷ്യസ്നേഹി 79-ന്റെ നിറവിലും കര്‍മ്മോത്സുകതയോടെ ജീവിതയാത്ര തുടരുന്നു.
ശിവകാമിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. അനന്തസുബ്രഹ്മണ്യഅയ്യര്‍ (BSc.B.E) പുഷ്പാമുരളി അയ്യര്‍, ശങ്കരനാരായണന്‍ (BSc.Polymerchemistry,Ghana-East Africa) എന്നിവരാണ് മക്കള്‍. സഹസ്രനാമ അയ്യര്‍, വീരമണി അയ്യര്‍, എസ്സ്.തങ്കം, പാര്‍വ്വതി രാമന്‍, ലക്ഷ്മിഅയ്യര്‍, ലളിതാംബാള്‍, സരസ്വതി സുബ്രമണി എന്നിവര്‍ സഹോദരങ്ങളാണ്.

              
Back

  Date updated :