Jose Punnakuzhy

Jose Punnakuzhy

Any

Reading

Problem

Teacher

Kaniyaram

Mananthavady P.O.

Wayanad, 04935-240401 9447849588

Nil

Back

NIL

അദ്ധ്യാപനരംഗത്ത് മൂന്ന് ദശാബ്ദത്തോളം നീണ്ട സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച് വിശിഷ്ടാംഗീകാരം നേടിയ മാതൃകാദ്ധ്യാപകന്‍, സംഘാടകന്‍, കലാസാംസ്കാരിക സാമൂഹിക സാമുദായിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ മാത്രമല്ല, അഭിനേതാവ്, ഗായകന്‍, പ്രസംഗകന്‍, ഹാര്‍മ്മോണിസ്റ്, വോളിബോള്‍ താരം എന്നീ നിലകളിലും സ്മരണീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ബഹുമുഖ പ്രതിഭയാണ് ശ്രീ ജോസ് പുന്നക്കുഴി. തൊടുപുഴയില്‍ അഞ്ചിരിയില്‍ ജനിച്ച അദ്ദേഹം കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടിയില്‍ അങ്ങാടിക്കടവിലാണ് വളര്‍ന്നത്. പിന്നീട് മാനന്തവാടിയിലെത്തി. അഞ്ചാം വയസ്സില്‍ അമ്മ മരിച്ചു. പിതാവ് രണ്ടാമതും വിവാഹിതനായി. കഴിവും ആത്മാര്‍ത്ഥതയും സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവുംകൊണ്ട് കടുത്ത ജീവിതയാഥാര്‍ത്ഥ്യങ്ങളോടു മല്ലടിച്ച് സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എത്തുവാന്‍ അദ്ദേഹത്തിനായി. പ്രതിസന്ധികളില്‍ തളരാത്ത നിശ്ചയദാര്‍ഢ്യവും, ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനശൈലിയും ജീവിതവിജയത്തിലേക്ക് അദ്ദേഹത്തെ സഹായിച്ചു. കുട്ടിക്കാലം മുതല്‍ ദൈവികകാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്ന അദ്ദേഹം മിഷന്‍ലീഗ് എന്ന കത്തോലിക്ക സംഘടനയുടെ മാനന്തവാടി രൂപതാതല നേതൃത്വം വഹിച്ചിരുന്നു. മാനന്തവാടി കത്തീഡ്രല്‍ ക്വയര്‍ മാസ്ററായി 37 വര്‍ഷമായി നിരൂപമമായ സേവനങ്ങള്‍ ചെയ്തു വരുന്നു. മാനന്തവാടി വൈ.എം.സി.എ.യുടെ സെക്രട്ടറികൂടിയായിരുന്ന ഇദ്ദേഹം രൂപതാതലത്തിലായാലും വിദ്യാഭ്യാസ മേഖലയിലായാലും സെമിനാറുകള്‍ നയിക്കുക, ക്ളാസ്സുകള്‍ എടുക്കുക, കുട്ടികള്‍, മുതിര്‍ന്നവര്‍, അദ്ധ്യാപകര്‍, യുവാക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക് വെവ്വേറെ ക്ളാസ്സുകള്‍ എടുക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ അഭംഗുരം തുടരുന്നു. ശാലോം ടി. വി.യില്‍ ഉത്തരം പരിപാടിയുടെ അവതാരകനായ ഇദ്ദേഹം ജര്‍മ്മനിയിലെ സോവര്‍ലാന്റില്‍ ഹെര്‍ഡിങ്കണ്‍ ദേവാലയത്തിന്റെ 625-ാം വാര്‍ഷികദിനത്തില്‍ ഏഷ്യന്‍ മാതൃകാ ദമ്പതികള്‍ എന്ന ബഹുമതിയോടെ ഭാര്യാ സമേതനായി പങ്കെടുത്തിരുന്നു. കൂടാതെ വത്തിക്കാന്‍, ഫ്രാന്‍സ്, ഇറ്റലി, സ്വിറ്റ്സര്‍ലന്റ് എന്നീ സ്ഥലങ്ങളിലും പര്യടനം നടത്തിയിട്ടുണ്ട്. മാനന്തവാടി ലയണ്‍സ് ക്ളബ്ബ് വൈസ്-പ്രസിഡന്റ് എന്ന നിലയിലും നിസ്തുലമായ സേവനങ്ങള്‍ കാഴ്ച വച്ചിട്ടുണ്ട്. മാനന്തവാടി പ്രതിഭ ആര്‍ട്ട്സ് ക്ളബ്ബിന്റെ നടനും സംവിധായകനുമായിരുന്നു. കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന പ്രശസ്ത ഓര്‍ക്കസ്ട്രാ ഗ്രൂപ്പ് രാഗതരംഗിന്റെ ഗായകനായിരുന്ന ഇദ്ദേഹം അതിന്റെ സ്ഥാപകസെക്രട്ടറിയുമാണ്. എറണാകുളം പാസ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ രണ്ടു വര്‍ഷത്തെ നേതൃത്വപരിശീലന ട്രെയിനിംഗ് നടത്തിയിട്ടുള്ള ഇദ്ദേഹം തദ്ദേശസ്വയംഭരണസ്ഥാപനത്തില്‍ നിന്നും ഡിപ്ളോമയും സമ്പാദിച്ചിട്ടുണ്ട്. പൌരാവകാശ ജനകീയ സംഘടനയുടെ വയനാട് ജില്ലാ സെക്രട്ടറി എന്ന നിലയില്‍ നിസ്തുലമായ സേവനങ്ങള്‍ കാഴ്ചവയ്ക്കുകയും ജില്ലാതലത്തില്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്വം വഹിക്കുകയും ചെയ്യുന്നു. കൌണ്‍സിലിംഗ്, വിവിധ വിഷയങ്ങളെ ആധാരമാക്കിയുള്ള പണ്ഡിതോചിതമായ പ്രസംഗങ്ങള്‍ എന്നിവ ഏവരുടേയും സജീവ ശ്രദ്ധയ്ക്ക് പാത്രീഭവിച്ചിട്ടുള്ളവയാണ്. മികച്ച സ്ക്കൌട്ട് അധ്യാപകന്‍ കൂടിയായ ഇദ്ദേഹത്തിന്റെ വയനാട് ജില്ലാ സ്കൌട്ട് അസിസ്റന്റ് കമ്മീഷണര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളെ ഏവരും അഭിനന്ദിച്ചിട്ടുള്ളതാണ്. ഹിമാലയ വുഡ് ബാഡ്ജ് നേടിയ ഇദ്ദേഹം ഒന്നാന്തരം വോളിബോള്‍ കളിക്കാരനാണ്. മികച്ച അധ്യാപകന്‍ എന്ന നിലയില്‍ അധ്യാപക സംഘടനാപ്രവര്‍ത്തനങ്ങളിലും മികവുറ്റ നേതൃത്വം നല്‍കുവാന്‍ അതീവ താല്പര്യം കാട്ടിയിരുന്നു. പ്രൈവറ്റ് സ്കൂള്‍ ടീച്ചേഴ്സ് അസ്സോസിയേഷന്റെ വയനാട് ജില്ലാ സെക്രട്ടറി, കേരളപ്രൈവറ്റ് സെക്കണ്ടറി സ്കൂള്‍ ഹെഡ്മാസ്റേഴ്സ് അസ്സോസിയേഷന്‍-കെ.പി.എസ്സ്.എച്ച്.എ.-ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയത് പ്രവര്‍ത്തന വൈശിഷ്ട്യത്തിന്റേയും സംഘടനാ വൈഭവത്തിന്റേയും അംഗീകാരം കൂടിയാണ്.
പഠനത്തെ പാല്‍പ്പായസമാക്കി മാറ്റി, വിദ്യ അര്‍ത്ഥിക്കുന്നവന് വൈജ്ഞാനിക പ്രബുദ്ധത വാരിവിതറുന്ന ഈ അധ്യാപകശ്രേഷ്ഠന്, കെ.പി.എസ്സ്.എച്ച്.എ.യുടെ 2009-ലെ മികച്ച പ്രധാനാധ്യാപകനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2009 മെയില്‍ കോട്ടയത്തു വച്ചു നടന്ന ചടങ്ങില്‍ കോട്ടയം എം.എല്‍.എ. ശ്രീ വി.എന്‍. വാസവനില്‍ നിന്നാണ് അദ്ദേഹം ഈ അവാര്‍ഡ് ഏറ്റു വാങ്ങിയത്. സെന്റ് കാതെറിന്‍സ് എച്ച്.എസ്സ്. പയ്യംപള്ളി, അസംപ്ഷന്‍ ഹൈസ്ക്കൂള്‍ ബത്തേരി എന്നിവിടങ്ങളില്‍ പ്രധാനാധ്യാപകനായിരുന്ന ഇദ്ദേഹം ഇപ്പോള്‍ ഫാ.ജി.കെ.എം. ഹൈസ്ക്കൂള്‍ (കന്നിയാരം) മാനന്തവാടിയില്‍ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. തൊടുപുഴ പുന്നക്കുഴി ദേവസ്യായുടേയും മറിയക്കുട്ടിയുടേയും മകനാണ്. പിതാവ് ദേവസ്യാ വയലിനിസ്റും സംഗീതഞ്ജനും ആയിരുന്നു. ബാല്യത്തിലേ മാതാവിനെ നഷ്ടപ്പെട്ടതും വയനാട്ടിലേക്കുള്ള വരവും, പിതാവിന്റെ രണ്ടാം വിവാഹവുമെല്ലാം കുട്ടിയായിരുന്ന ജോസ് പുന്നക്കുഴിയെ ഏറെ അലട്ടിയിരുന്നു. അഞ്ചും, പിന്നെ ആറും ആകെ പതിനൊന്നു സഹോദരങ്ങളുടെ ഇടയില്‍ പത്താംക്ളാസുവരെ കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്ക്കൂളില്‍ പഠിക്കുവാനേ തരമായുള്ളൂ. പിന്നീടുളള ജീവിതം സ്വയം പടുത്തുയര്‍ത്തുവാന്‍ ആത്മധൈര്യം അദ്ദേഹത്തെ സഹായിച്ചു. ബി.എ.,ബി.എഡ്ഡ് പരീക്ഷകള്‍ വിജയിച്ചു. അലസ്സത എന്തെന്നറിയാതെ ജീവിതത്തില്‍ അവിരാമം പ്രവര്‍ത്തിച്ച് അഭിലാഷകളെ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിനായി. സിസ്റര്‍ റൂത്ത്, അച്ചാമ്മ, സിസ്റര്‍ എല്‍സ, ജൈനമ്മ, സിസിലി, തങ്കമ്മ, സജി, ലില്ലി, ഷിജി, റിറ്റി എന്നിവര്‍ സഹോരങ്ങളാണ്. കൊട്ടിയൂര്‍ മണിയങ്ങാട്ട് എമിലിയാണ് ഭാര്യ. ബാംഗ്ളൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, ബി.എസ്സി. നഴ്സ് എന്നീ നിലകളില്‍ ജോലി നോക്കുന്ന ഡോണ്‍ ജോസ്, ഡെറിന്‍ ജോസ്, ബി.ടെക് വിദ്യാര്‍ത്ഥിനി ഡോണിയ ജോസ് എന്നിവര്‍ മക്കളാണ്. 2010 മാര്‍ച്ച് 31-ന് അധ്യാപക ജോലിയില്‍നിന്ന് വിരമിച്ചാലും തന്റെ സേവനങ്ങളെ വിലമതിക്കുന്ന, തന്നെ ബഹുമാനിക്കുന്ന ജനതതികളുടെ മദ്ധ്യത്തിലേക്ക്, വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഇടയിലേക്ക് സേവനത്തിന്റെ നവകൈത്തിരിയുമായി എത്തി പ്രകാശം പരത്തുവാന്‍ അദ്ദേഹം തയ്യാറെടുക്കുന്നു; വീണ്ടുമൊരങ്കത്തിന്റെ ബാല്യത്തോടെ.

              
Back

  Date updated :