Bishop Rev. Dr. A.I. Chacko

Bishop Rev. Dr. A.I. Chacko

Any

Reading

Problem

Priest

Gospal Light House

Pampady P.O.

Kottayam, 9947748848

Nil

Back

NIL

സുവിശേഷകന്‍, ജീവകാരുണ്യപ്രവര്‍ത്തകന്‍, ദലിത് വിമോചകന്‍, ഉജ്ജ്വലവാഗ്മി, സംഘാടകന്‍ എന്നീനിലകളില്‍ ആത്മീയലോകത്ത് തന്റേതായ പാതതെളിച്ച് ഇന്ത്യയിലെ ലക്ഷക്കണക്കിന് നിരാലംബരും നിരാശ്രയരുമായവര്‍ക്ക് ബൈബിള്‍ മാര്‍ഗ്ഗത്തിലൂടെ ആത്മീയവെളിച്ചം നല്‍കിയ കര്‍ത്തൃദാസനാണ് അഭിവന്ദ്യ ബിഷപ്പ് റവ. ഡോ. എ.ഐ. ചാക്കോ.
കോട്ടയം ജില്ലയില്‍ മണര്‍കാടിനടുത്തുള്ള അരീപ്പറമ്പില്‍ ആപത്താന്‍കുന്നേല്‍ ഐസക്-മറിയാമ്മ ദമ്പതികളുടെ എട്ട് മക്കളില്‍ ആറാമനായി 1945 ജനുവരി 10-ന് ഇദ്ദേഹം ജനിച്ചു. അമയന്നൂര്‍ ഗവ. ഹൈസ്കൂളില്‍നിന്നാണ് സ്കൂള്‍ വിദ്യാഭ്യാസം നേടിയത്. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് പി.യു.സി നേടി.
ദാരിദ്യ്രവും കഷ്ടതകളുംകൊണ്ട് സങ്കീര്‍ണ്ണമായ ജീവിതസാഹചര്യത്തില്‍നിന്ന് ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസധാരയിലൂടെ ഭൂഖണ്ഡങ്ങളില്‍നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് യാത്രചെയ്ത് ക്രിസ്തുവിന്റെ മാര്‍ഗ്ഗം അനേകായിരങ്ങള്‍ക്ക് ഇദ്ദേഹം പകര്‍ന്നുനല്കി. പാരമ്പര്യമായി ജാതി- ഗോത്രങ്ങളില്‍പ്പെട്ടുകിടന്നവര്‍ക്ക് ക്രിസ്തുവിലേക്കുള്ള മാര്‍ഗം തുറന്നുകൊടുത്ത ഇന്‍ഡിപെന്റന്റ് അസംബ്ളീസ് ഓഫ് ഗോഡ് എന്ന ദൈവസഭ സ്ഥാപിച്ചത് റവ. ഡോ. ചാക്കോയാണ്.
കുട്ടിക്കാലത്തെ പ്രാരാബ്ധം നിറഞ്ഞ ജീവിതസാഹചര്യം ഇദ്ദേഹത്തിന്റെ പക്വതയാര്‍ന്ന വ്യക്തിത്വത്തിന് കാരണമായി. ബ്രദറണ്‍ സഭാവിശ്വാസികളായിരുന്ന കുടുംബത്തില്‍ മൂത്തജ്യേഷ്ഠന്റെ പെന്തക്കോസ്തിലേയ്ക്കുള്ള വരവാണ് റവ.ചാക്കോയെ പെന്തക്കോസ്തിലേക്ക് എത്തിച്ചത്. ചെറുപ്പത്തില്‍ നോയല്‍ സായ്പ്, കുക്ക് സായ്പ് എന്നീ വിദേശമിഷണറിമാരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാനിടയായത് വിശ്വാസത്തിന്റെ ആഴവും പരപ്പും വര്‍ദ്ധിപ്പിച്ചു. പഠനകാലത്തുതന്നെ റവ. ചാക്കോ പ്രസംഗത്തില്‍ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. സ്കൂള്‍ തലത്തില്‍ ബാലജനസഖ്യം സംഘടിപ്പിച്ച പ്രസംഗമത്സരത്തില്‍ വിജയിച്ച്, പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവില്‍നിന്ന് ഇദ്ദേഹം അവാര്‍ഡുനേടിയിട്ടുണ്ട്.
ബിരുദംനേടിയ ചാക്കോയ്ക്ക് അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ലഭിക്കുകയും കോഴിക്കോട് മാനാഞ്ചിറയില്‍ 9 വര്‍ഷം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഇടക്കാലത്ത് പല്ലുകള്‍ക്കിടയില്‍ ബാധിച്ച മാറാരോഗത്തെത്തുടര്‍ന്ന്, വിശ്വാസത്തിലേയ്ക്കും അതുവഴി ദൈവവേലയിലേയ്ക്കും ഇദ്ദേഹം ഇറങ്ങിത്തിരിക്കുകയായിരുന്നു. തുടര്‍ന്ന്, അടിക്കടിയുണ്ടായ രോഗപീഡകള്‍മൂലം സര്‍ക്കാര്‍ ജോലി മുടങ്ങി. ഒന്‍പത് വര്‍ഷത്തെ സേവനത്തിനുശേഷം ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് തിരിച്ചെത്തിയ ചാക്കോ, സാമ്പത്തികവും ശാരീരികവുമായി ഒട്ടേറെ കഷ്ടതകള്‍ നേരിട്ടു. ഒരു സുപ്രഭാതത്തില്‍ എടുത്ത തീരുമാനത്തില്‍ ദൈവവേലയ്ക്കായി സ്വദേശമായ മണര്‍കാട്ടുനിന്നും ഇദ്ദേഹം പുറപ്പെട്ടു. കൈയില്‍ ആകെയുണ്ടായിരുന്നത് വെറും രണ്ടരരൂപ മാത്രമായിരുന്നു. ചായപ്പീടികയില്‍ അന്തിയുറങ്ങി ആരംഭിച്ച ഈ യാത്രയാണ് ചാക്കോയെ ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തേയ്ക്കെത്തിച്ചത്.
1964-ല്‍ ഇടുക്കി ജില്ലയില്‍ ആദ്യമായി പെന്തക്കോസ്തുസഭാപ്രവര്‍ത്തനം ആരംഭിച്ച്, ഇന്‍ഡിപെന്‍ഡന്റ് അസംബ്ളീസ് ഓഫ് ഗോഡ് എന്ന ദൈവസഭ ഏലപ്പാറ കേന്ദ്രമായി ഇദ്ദേഹം സ്ഥാപിച്ചു. ഇന്ത്യയുടെ മിക്കസംസ്ഥാനങ്ങളിലുമായി ലക്ഷക്കണക്കിന് വിശ്വാസികളും ജീവകാരുണ്യപ്രവര്‍ത്തന കേന്ദ്രങ്ങളും ഇപ്പോള്‍ ഈ സഭയ്ക്കുണ്ട്.
ജോര്‍ജ്ജ് ഫെര്‍ഗൂസന്‍ എന്ന മിഷനറിയുമായിച്ചേര്‍ന്ന് കേരളത്തിന്റെയും ഇന്ത്യയുടെയും വിവിധ ഭാഗങ്ങളിലേയ്ക്ക് സഭയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 1975-ല്‍, ഓര്‍ഫനേജായ മാന്റില്‍ വേള്‍ഡ് മിഷന്‍ ഏലപ്പാറയില്‍ ആരംഭിച്ചു. 1976-ല്‍ ഇന്ത്യ ലൈഫ് ബൈബിള്‍ കോളജും ഏലപ്പാറയില്‍ ആരംഭിച്ചു. സഭാപ്രവര്‍ത്തനത്തിന്റെ ഭാഗമായി മദ്രാസ്, ഒറീസ്സ, ലക്നൌ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ ധാരാളം ചര്‍ച്ചുകള്‍ സ്ഥാപിക്കുകയും ആത്മീയരംഗം കൂടുതല്‍ വിപുലമാക്കുകയും ചെയ്തു. ഇന്‍ഡിപെന്റന്‍ഡ് അസംബ്ളീസ് ഓഫ് ഗോഡ് എന്ന സഭയുടെ ഇന്ത്യയിലെ സ്ഥാപകനും ഓവര്‍സിയറുമാണ് റവ. ചാക്കോ. 1974-ല്‍ നടന്ന സഭയുടെ ആനുവല്‍ കണ്‍വന്‍ഷനില്‍ വച്ച് ഇന്ത്യയിലെ സഭാസ്ഥാപകനെന്നനിലയില്‍ റവറന്റ് പട്ടം നല്‍കി ഇദ്ദേഹം ആദരിക്കപ്പെട്ടു. ഇടുക്കി ജില്ലയില്‍ ഹൈറേഞ്ചിലെ ആദ്യത്തെ അപ്പോസ്തലന്‍ എന്ന പദവി നല്‍കി ഇമ്മാനുവേല്‍ ചാരിറ്റബിള്‍ട്രസ്റ് 2004-ല്‍ പൊന്നാടയണിയിച്ച് ഡോ. റവ. ചാക്കോയെ ആദരിച്ചിരുന്നു.
ഇദ്ദേഹം ഇതിനോടകം ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും യാത്രചെയ്തുകഴിഞ്ഞു. 12 പ്രാവശ്യം അമേരിക്കയില്‍ പോയിട്ടുണ്ട്. കൂടാതെ ആഫ്രിക്ക, കാനഡ, ജര്‍മ്മനി, ഇംഗ്ളണ്ട്, ചൈന, ഗള്‍ഫ് നാടുകള്‍, വിവിധ ദ്വീപുകള്‍, ശ്രീലങ്ക എന്നിവിടങ്ങളിലും ഇന്ത്യയിലെ എല്ലാ സ്റേറ്റുകളിലും ദൈവവേലയ്ക്കായി റവ. ചാക്കോ യാത്രചെയ്തു.
2004 ജനുവരി 1-ന് ഇദ്ദേഹത്തിന് ക്രൈസ്തവസമൂഹത്തിനുവേണ്ടിയുള്ള ബദേഡ്ദാ മിനിസ്ട്രീസ് പുരസ്കാരം ലഭിച്ചു. 36 വര്‍ഷത്തെ സഭാപ്രയത്നത്തിലൂടെ 306 സഭകള്‍ സ്ഥാപിച്ചു. ദലിത് സമൂഹത്തിന്റെ മോചകന്‍, മികച്ച സംഘാടകന്‍, പ്രാസംഗികന്‍, എഴുത്തുകാരന്‍, ശാലോം തിയോളജിക്കല്‍ സെമിനാരിയുടെ പ്രിന്‍സിപ്പാള്‍, ജൂബിലി പ്രെയ്സ് സംഗീതവിഭാഗത്തിന്റെ ഡയറക്ടര്‍ എന്നീ തുറകളിലുള്ള സേവനത്തെ മാനിച്ചാണ് ഈ പുരസ്കാരം ലഭിച്ചത്. 2006 മാര്‍ച്ച് ഒന്നിന് ബൈബിള്‍ റിസേര്‍ച്ച് ഇന്‍സ്റിട്ട്യൂട്ട് തിരുവനന്തപുരം ഓണററി ഡിഗ്രിയായി ഡോക്ടറേറ്റ് നല്‍കി റവ. ചാക്കോയെ ആദരിച്ചു. മൂന്നൂറിലധികം സഭകള്‍ സ്ഥാപിച്ചതിനാല്‍ ഇന്ത്യയിലെ ബിഷപ്പായി സ്ഥാനാരോഹണം നടത്തി ഇദ്ദേഹം അവരോധിക്കപ്പെട്ടു.
ദീര്‍ഘകാലത്തെ വിശ്രമമില്ലാത്ത പരിശ്രമവും സന്മനസ്സുംകൊണ്ട് ലക്ഷക്കണക്കിന് പെന്തക്കോസ്തു വിശ്വാസികളെയും അനുഭാവികളെയും സൃഷ്ടിച്ച് ദൈവസത്യത്തിന്റെ കാവല്‍ക്കാരനും സാക്ഷിയുമായി ഇദ്ദേഹം ജീവിച്ചു. 2007 ജനുവരി 1 മുതല്‍ സെറിബ്രോവാസ്കുലാര്‍ ആക്സിഡന്റ് പിടിപെട്ട്, സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ട മദ്ധ്യപ്രദേശില്‍ സ്റാഫ് നേഴ്സായിരുന്ന ഇദ്ദേഹം 2008 ഫെബ്രുവരി 15-ാം തീയതി സ്വര്‍ഗ്ഗീയലോകം പൂകി. സംസ്കാരച്ചടങ്ങുകള്‍ ഒക്ടോബര്‍ 17-ന് പാമ്പാടി ശാലോം സ്റേഡിയത്തില്‍ പ്രമുഖ പാസ്റര്‍, ലാസ്സര്‍. വി. മാത്യുവിന്റെ കാര്‍മ്മികത്വത്തില്‍ നടന്നു. പെന്തക്കോസ്തുമിഷന്റെ എല്ലാ ഓവര്‍സീയര്‍മാരും, മുന്‍മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷനേതാവുമായ ഉമ്മന്‍ചാണ്ടി തുടങ്ങിയ പ്രശസ്തവ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു.
പാസ്റര്‍ തോമസ് അരീപ്പറമ്പ്, പാസ്റര്‍ എ. ഐ. മര്‍ക്കോസ് മണര്‍കാട്, പാസ്റര്‍ മാത്യു ഞാലിയാകുഴി, ചിന്നമ്മ പയ്യപ്പാടി, മറിയാമ്മ പങ്ങട, ത്രേസ്യാമ്മ നെടുംകുന്നം എന്നിവര്‍ സഹോദരങ്ങളുമാണ്. മുക്കൂട്ടുതറ ചീരംകുളം തങ്കമ്മ ചാക്കോയാണ് ഭാര്യ. വെ. ഡോ. എ. ഐ. ചാക്കോയുടെ മരണശേഷം ഇവരിപ്പോള്‍ ഗോസ്പല്‍ ലെറ്റ്ഹൌസിന്റെ ഡയറക്ടറായി സ്ഥാനമേറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. പെന്തക്കോസ്തുമിഷ്യന്റെ പുതിയ പ്രവര്‍ത്തനപദ്ധതികളുടേയും, ദൈവവേലയുടേയും വിശദാംശങ്ങള്‍ അമേരിക്കയിലുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ വരവിനുശേഷം തീരുമാനിക്കപ്പെടും.

              
Back

  Date updated :