K. Madhavan Master

K. Madhavan Master

Any

Reading

Problem

Social Worker

Akshara

Thrichambaram, Thalipparambu P.O.

Kannur, 0460-2202943, 9446711811

Nil

Back

പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ താന്‍ മുന്‍കൈയെടുത്ത് നട്ടുപിടിപ്പിച്ച തണല്‍മരങ്ങള്‍ക്കരികില്‍ മാധവന്‍മാസ്റര്‍

മാധവന്‍മാസ്റര്‍ കുടുംബത്തോടൊടൊപ്പം

NIL

അദ്ധ്യാപകന്‍, സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ പ്രവര്‍ത്തകന്‍, പരിസ്ഥിതി പ്രേമി, സാഹിത്യകാരന്‍, ഗ്രന്ഥശാലാപ്രവര്‍ത്തകന്‍ എന്നീനിലകളിലെല്ലാം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ വ്യക്തി യാണ് ശ്രീ. കെ. മാധവന്‍മാസ്റര്‍. താന്‍ പ്രവര്‍ത്തിച്ച കര്‍മ്മമേഖലകളിലെല്ലാം പ്രതിഭയുടെ സുവര്‍ണസ്പര്‍ശം പതിപ്പിച്ച് ശ്രദ്ധ നേടാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു.
1939 മെയ് ആറിന് തലശ്ശേരിക്കടുത്തുള്ള മണ്ണയാടില്‍ കര്‍ഷകനായിരുന്ന പി.സി. കുഞ്ഞിരാമന്റെയും കേളോത്ത് നാരായണിയുടെയും മകനായി ജനിച്ചു. മണ്ണയാട് ലക്ഷ്മീവിലാസം എല്‍.പി. സ്കൂള്‍, കാവുംഭാഗം ഗവ:യു.പി.സ്കൂള്‍, തലശ്ശേരി ബി.ഇ.എം.പി. ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം കണ്ണൂര്‍ ട്രെയിനിങ് സ്കൂള്‍ ഫോര്‍ മെന്‍-ല്‍ നിന്ന് ടി.ടി.സി. പൂര്‍ത്തിയാക്കി.
തന്റെ 19-ാമത്തെ വയസ്സില്‍ വയനാട്ടിലെ പടിഞ്ഞാറത്തറ എ.യു.പി സ്കൂളിലാണ് അദ്ധ്യാപനജീവിതത്തിന് തുടക്കമിട്ടത്. 1958 മുതല്‍ 65 വരെ അവിടെ സേവനമനുഷ്ഠിച്ചു. 1965-ല്‍ ചപ്പാരപ്പടവ് എ.എല്‍.പി.സ്കൂളിലേക്ക് മാറുകയും 36 വര്‍ഷത്തെ സേവനത്തിനുശേഷം 1994-ല്‍ അദ്ധ്യാപനവൃത്തിയില്‍നിന്ന് വിരമിക്കുകയും ചെയ്തു. 
അദ്ധ്യാപകസംഘടനാരംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എസ്.ടി.എ. കണ്ണൂര്‍ ജില്ലാകൌണ്‍സിലറായി രണ്ടുവര്‍ഷം പ്രവര്‍ത്തിച്ചു.
സി.പി.ഐ(എം) അനുഭാവിയായ ഇദ്ദേഹം പാര്‍ട്ടിയിലെ സജീവ അംഗമാണ്. 1979 മുതല്‍ 95 വരെ ചപ്പാരപ്പടവ് പഞ്ചായത്ത് അംഗമായിരുന്ന മാസ്റര്‍ കൂവേരി, ഒടുവള്ളിത്തട്ട് വാര്‍ഡുകളുടെ വികസനത്തിനുവേണ്ടി അക്ഷീണം പരിശ്രമിച്ചിട്ടുണ്ട്. 1979-82 കാലത്ത് ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് എന്നനിലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 1980-ലെ വനമഹോത്സവകാലത്ത് പഞ്ചായത്തിലുടനീളം വൃക്ഷത്തൈകള്‍ 
നടുന്നതിന് നേതൃത്വം കൊടുത്തു. അന്ന് നട്ട മരങ്ങളില്‍ പലതും ഇന്ന് പരിസ്ഥിതിക്ക് സമ്പത്തായും നാട്ടുകാര്‍ക്കു തണലായും നിലകൊള്ളുന്നു. കൂവേരി മോട്ടോര്‍ ബോട്ട് തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) സെക്രട്ടറി എന്നനിലയില്‍ രണ്ടുവര്‍ഷക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
1974-ല്‍ മാസ്ററുടെ നേതൃത്വത്തിലാണ് ആദ്യത്തെ ഗ്രാമശാസ്ത്രസമിതി കൂവേരിയില്‍ ആരംഭിച്ചത്. 1977 ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 7 വരെ ശാസ്ത്രസാഹിത്യപരിക്ഷത്ത് നടത്തിയ, കൂവേരി മുതല്‍ പൂവച്ചാല്‍ വരെയുള്ള ശാസ്ത്രസാംസ്കാരികജാഥ വിജയിപ്പിക്കുന്നതിന് ഇദ്ദേഹം പ്രധാനപങ്ക് വഹിച്ചു. ഗ്രാമശാസ്ത്രസമിതി സംസ്ഥാന കണ്‍വീനര്‍, ഗ്രാമശാസ്ത്ര മാസിക സഹപത്രാധിപര്‍, കൂവേരി ബ്രദേഴ്സ് ക്ളബ്ബും കൂവേരി ഗ്രാമശാസ്ത്രസമിതിയും കൂടി നടത്തിയിരുന്ന അസി എന്ന കൈയെഴുത്തുമാസികയുടെ മുഖ്യപത്രാധിപര്‍ എന്നീനിലകളില്‍ ശ്രദ്ധേയമായപ്രവര്‍ത്തനമാണ് ഇദ്ദേഹം കാഴ്ചവച്ചത്. 1979-ല്‍ ചപ്പാരപ്പടവ് സ്കൂളില്‍നിന്ന് ഒരുവര്‍ഷം അവധിയെടുത്ത് ഗ്രാമശാസ്ത്രസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ യത്നിച്ചു.
ഗ്രന്ഥശാലാപ്രവര്‍ത്തനത്തിലും സജീവമായിരുന്നു. വയനാട് താലൂക്ക് ഗ്രന്ഥശാലാസംഘം കമ്മറ്റി അംഗമായി മൂന്നുവര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തനരംഗത്ത് യശഃശരീരനായ പി.ടി. ഭാസ്ക്കരപ്പണിക്കരാണ് മാസ്ററുടെ പ്രചോദനം. തളിപ്പറമ്പ് നഗരസഭാലൈബ്രറി കമ്മറ്റിയംഗമായി പ്രവര്‍ത്തിക്കുന്നു. 1960-65ല്‍ വയനാട്ടിലെ പടിഞ്ഞാറത്തറ ഗ്രാമീണഗ്രന്ഥശാലാസെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കൂവേരി ജവഹര്‍ സ്മാരക ഗ്രന്ഥാലയം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വായനയെ ഏറെ സ്നേഹിക്കുന്ന ഇദ്ദേഹം എഴുത്തുകാരന്‍ എന്നനിലയിലും ശ്രദ്ധേയനാണ്. ഗ്രാമശാസ്ത്രം സഹപത്രാധിപര്‍, വയോജനശബ്ദം മാസിക സഹപത്രാധിപര്‍, ശാസ്ത്രകേരളം പത്രാധിപസമിതി അംഗം, യുറീക്ക പത്രാധിപസമിതി അംഗം, തളിപ്പറമ്പ് മാസ് ആര്‍ട്സ് സൊസൈറ്റിയുടെ വൈസ്പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്വാന്‍ കെ. രാമകൃഷ്ണനും പി. രാമനുമാണ് ആദ്യകാലത്ത് വായനയില്‍ തനിക്ക് പ്രചോദനമേകിയതെന്ന് ഇദ്ദേഹം ഓര്‍മ്മിക്കുന്നു. 2002-ല്‍ മാസ്ററുടെ, ഒരു സാമൂഹ്യപ്രവര്‍ത്തകന്റെ നാള്‍വഴി എന്ന ഗ്രന്ഥം പുരോഗമന കലാസാഹിത്യസംഘം പുറത്തിറക്കി. സാമൂഹികപ്രവര്‍ത്തനരംഗത്തെ മാതൃകാദീപമായിരുന്ന പി. ഗോവിന്ദന്‍ മാസ്റര്‍ക്കാണ് ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. പി.ടി. ഭാസ്ക്കരപ്പണിക്കര്‍ സ്മൃതിരേഖയിലും സി.ജി. ശാന്തകുമാര്‍ സ്മൃതിരേഖയിലും ലേഖനം എഴുതിയിരുന്നു.
1996 മുതല്‍ കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പ്രവര്‍ത്തകനാണ്. സംസ്ഥാന ജനറല്‍സെക്രട്ടറിയാണ് ഇപ്പോള്‍. കെ.എസ്.എസ്.പി.യു. സംസ്ഥാന കൌണ്‍സിലര്‍, കേരള പേഷ്യന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റ്, ധര്‍മ്മശാലാ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്റര്‍ കെട്ടിടനിര്‍മ്മാണ കമ്മറ്റി പ്രസിഡന്റ്, പുരോഗമന കലാസാഹിത്യസംഘം കണ്ണൂര്‍ ജില്ലാക്കമ്മിറ്റി അംഗം, മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി മാനേജിങ്ങ് കമ്മറ്റി അംഗം, തളിപ്പറമ്പ് നഗരസഭാ ടെക്നിക്കല്‍ അഡ്വൈസറി കമ്മറ്റി അംഗം, തളിപ്പറമ്പ് ബ്ളോക്ക് സാക്ഷരതാമിഷന്‍ അംഗം, തളിപ്പറമ്പ് ഡയബറ്റിസ് ഫെഡറേഷന്‍ ജനറല്‍സെക്രട്ടറി, സാഹിത്യ പ്രവര്‍ത്തകസഹകരണസംഘാംഗം എന്നീനിലകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം വ്യത്യസ്തങ്ങളായ ഈ മേഖലകളിലെല്ലാം ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.
1972-ല്‍ ശാസ്ത്രസാഹിത്യപരിഷത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ മാസ്റര്‍, പരിഷത്ത് സംസ്ഥാന സെക്രട്ടറി, സംസ്ഥാന ഔപചാരിക വിദ്യാഭ്യാസസമിതി കണ്‍ വീനര്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1989-ല്‍ പി.ടി. ഭാസ്കരപ്പണിക്കര്‍ അദ്ധ്യക്ഷനായുള്ള ശാസ്ത്ര (സോഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് ഹ്യൂമാനിറ്റി ഇന്‍ റൂറല്‍ ഏരിയാസ്)യുടെ പ്രഥമപുരസ്കാരവും 2007ലെ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എഡ്യൂക്കേറ്റേഴ്സ് ഫോര്‍ വേള്‍ഡ് പീസ് അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചു. 5001 രൂപയും ശില്പവും ബഹുമതിപത്രവും അടങ്ങിയ ഈ പുരസ്കാരം അന്തരിച്ച വിദ്യാഭ്യാസവിചക്ഷണന്‍ ഡോ. കെ. ശിവദാസപിള്ളയാണ് നല്കിയത്. മാധവന്‍മാസ്റര്‍ റേഡിയോ പ്രഭാഷണങ്ങള്‍ നടത്താറുണ്ട്.
1990 നവംബറില്‍ ചപ്പാരപ്പടവ്-പഞ്ചായത്തില്‍ 35,000 രൂപ എസ്റിമേറ്റില്‍ അമ്മംകുളം-മങ്കര റോഡ് വീതികൂട്ടല്‍ ജനകീയോത്സവമായി നടത്തി 1 ലക്ഷം രൂപയുടെ പ്രവൃത്തി നടത്തിയ മാസ്റര്‍ ഇപ്പോള്‍ തളിപ്പറമ്പ് ട്രഷറി സോഷ്യല്‍ ഓഡിറ്റിംഗിന്റെ ജൂറി ചെയര്‍മാന്‍ ആയി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനവും ഭരണപരിഷ്ക്കാരത്തോടും ജനപക്ഷസമീപനത്തോടുമുള്ള താത്പര്യം പ്രകടമാക്കുന്നതാണ്.
2008 നവംബര്‍ 26-ന് തളിപ്പറമ്പ് റോട്ടറിക്ളബ്ബ് വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ച മാധവന്‍മാസ്റര്‍ ജില്ലാ ശിശുക്ഷേമസമിതി അംഗമായും തളിപ്പറമ്പ് താലൂക്ക് ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നുണ്ട്.
കേരള സര്‍ക്കാര്‍ ആദ്യമായി രൂപീകരിച്ച സംസ്ഥാന വയോജന കൌണ്‍സിലില്‍ അംഗമായ ഇദ്ദേഹം തന്റെ ശരീരം, വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ, മരണശേഷം പരിയാരം മെഡിക്കല്‍ കോളജില്‍ നല്‍കാന്‍ എഗ്രിമെന്റാക്കിയിരിക്കുകയാണ്.
കുഞ്ഞമ്പു (ബിസിനസ്സ്)-കെ.വി. ലക്ഷ്മിയമ്മ ദമ്പതികളുടെ മകള്‍ കെ.വി. കാര്‍ത്ത്യായനി (ദേശീയ സമ്പാദ്യപദ്ധതി ഏജന്റ്) ആണ് ഭാര്യ. കെ.വി. ഗീത (ഓര്‍ക്കാട്ടേരി, വി.എച്ച്.എസ്.എസ്. അദ്ധ്യാപിക), കെ.വി. യശ്പാല്‍ (കൊല്‍ക്കത്ത), കെ.വി. സജീവ് (കേരളാ പോലീസ്), കെ.വി. ബൈജു (തളിപ്പറമ്പ് സഹകരണ ആശുപത്രി) എന്നിവര്‍ മക്കളാണ്. മരുമക്കള്‍: പരേതനായ കുമ്മോളി രാജേന്ദ്രന്‍ (ഓര്‍ക്കാട്ടേരി സ്കൂള്‍ അദ്ധ്യാപകനായിരുന്നു), സിന്ധു, ബിന്ദു (അദ്ധ്യാപിക), സ്വപ്ന. ചെറുമക്കള്‍: മിഥുന്‍, അര്‍ജ്ജുന്‍, ആദിത്യന്‍, അനന്യ, സാന്ദ്ര, സായന്ത്, നെബു, നേഹ.
ദേവകി, കാര്‍ത്ത്യായനി, ശങ്കരന്‍, പരേതരായ അപ്പുനായര്‍, ലക്ഷ്മി എന്നിവര്‍ സഹോദരങ്ങളാണ്.

              
Back

  Date updated :