കാസര്‍കോഡിന്റെ ആതുരസേവനരംഗത്ത് തിളങ്ങിനില് ക്കുന്ന വ്യക്തിത്വമാണ് ഡോ. കെ.പി. സുധാകരന്‍നായര്‍. ഹോമിയോപ്പതിയെ ജനകീയവത്കരിച്ച ഇദ്ദേഹം തന്റെ ചികിത്സാനൈപുണ്യത്താല് നിരവധി ആളുകളുടെ ആശാകേന്ദ്രമായി മാറി. ചികിത്സയോടൊപ്പം പൊതുപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ കൈയ്യൊപ്പ് പതിപ്പിച്ച ഇദ്ദേഹം സര്‍വ്വീസില്‍നിന്ന് വിരമിച്ചതിനുശേഷവും തന്റെ പ്രവര്‍ത്തനമേഖലയില്‍ സജീവമായിത്തന്നെ തുടരുന്നു.
മഠത്തില്‍ കൃഷ്ണന്‍നായരുടെയും മൂത്തേടത്ത് ചിറ്റൈക്കുന്നില് പുതിയവീട്ടില്‍ നളിനിയമ്മയുടെയും മകനായി 1951-ലാണ് ഇദ്ദേഹത്തിന്റെ ജനനം.
കാഞ്ഞങ്ങാട് സൌത്ത് സ്കൂള്‍, ദുര്‍ഗ്ഗ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം കോട്ടയം ആതുരാശ്രമം ഹോമിയോപ്പതിക് മെഡിക്കല്‍ കോളജില്‍നിന്ന് ഹോമിയോപ്പതിയില്‍ ഇദ്ദേഹം പ്രാവീണ്യം നേടി.
1974-75 കാലയളവില്‍ പാലച്ചാല്‍ ഗവ. ഹോമിയോ ഡിസ്പെന്സറിയില് താത്കാലിക തസ്തികയില്‍ ഡോ. സുധാകരന്‍നായര്‍ ഔദ്യോഗികജീവിതം ആരംഭിച്ചു. കുറച്ചുനാള്‍ മാത്രം നീണ്ടുനിന്ന സേവനത്തിനുശേഷം സ്ഥിരം നിയമനത്തോടെ മറ്റൊരിടത്തേക്ക് ഇദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചു.
ചീമേനി ഗവ. ഹോമിയോ ഡിസ്പെന്സറിയില് സ്ഥിരം നിയമിതനായ ഇദ്ദേഹം തുടര്‍ന്ന് കോടോത്ത്, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ ഡിസ്പെന്‍സറികളില്‍ സേവനമനുഷ്ഠിച്ചു. എല്ലാസ്ഥലങ്ങളിലും തന്റെ പരമാവധി സേവനം രോഗികള്‍ക്ക് ലഭ്യമാക്കുന്നതില്‍ ഡോ. സുധാകരന്‍നായര്‍ പ്രത്യേകം ശ്രദ്ധചെലുത്തി.
1965-ല്‍ ഇന്ത്യാ-പാക്കിസ്ഥാന് യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന് കെ.പി. സുകുമാരന്‍നായരുടെ അനന്തിരവന് എന്നനിലയില്‍ ആശ്രിതനിയമനമായിരുന്നു ഇദ്ദേഹത്തിന് ലഭിച്ചത്. കാഞ്ഞങ്ങാട് ജില്ലാമെഡിക്കല്‍ ഓഫീസറായി നിയമിതനായ ഇദ്ദേഹം തന്റെ നിസ്വാര്‍ത്ഥ സേവനത്തിനൊടുവില്‍ 2006 ജനുവരി 31-ന് സര്‍വ്വീസില്‍ നിന്നും വിരമിച്ചു.
1999-2006 കാലയളവില്‍ ജില്ലാമെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിച്ച ഇദ്ദേഹം ഇരുപതോളം ഡിസ്പെന്‍സറി കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് ചുക്കാന്‍പിടിച്ചു. കാഞ്ഞങ്ങാട് ടൌണ്‍ ലയണ്‍സ് ക്ളബ്ബ് പ്രസിഡണ്ടായിരുന്ന ഇദ്ദേഹം ആയിരത്തോളം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയുണ്ടായി. ഡോ. സുധാകരന്‍നായരുടെ സേവനങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ ഇദ്ദേഹത്തിന് ഗുഡ് സര്‍വ്വീസ് ബഹുമതി നല്കി ആദരിച്ചിരുന്നു.
ആതുരസേവനരംഗത്തെന്നപോലെ, മറ്റ് മേഖലകളിലും ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഹോസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണസംഘത്തിന്റെ ഡയറക്ടര്‍, പ്രസിഡണ്ട് എന്നീനിലകളില്‍ സേവനമനുഷ്ഠിച്ച ഡോ. സുധാകരന്‍നായര്‍ ക്ഷേത്രകാര്യങ്ങളിലും നേതൃത്വം വഹിച്ചുവരുന്നു.
35 വര്‍ഷത്തോളം കവ്വാല്മഠം വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രം പ്രസിഡണ്ടായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി മാതോത്ത് മഹാവിഷ്ണു ക്ഷേത്രം പ്രസിഡണ്ടായി ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നു. ഒപ്പം, പുതുക്കൈ സദാശിവക്ഷേത്രം ജീര്‍ണ്ണോദ്ധാരണ കമ്മറ്റി പ്രസിഡണ്ടായി തുടരുന്നുമുണ്ട്. ഇതിനോടകം തന്നെ നിരവധി ക്ഷേത്രങ്ങളില്‍ ബ്രഹ്മകലശോത്സവ കമ്മറ്റി ചെയര്‍മാനായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രമുഖ കര്‍ഷകനും വ്യവസായിയുമായ പി. ബാലകൃഷ്ണന്‍നായരുടെയും മാവില ഗൌരിയമ്മയുടെയും മകള്‍ പ്രമീളയാണ് ഇദ്ദേഹത്തിന്റെ പത്നി. ഡോ. വിവേക് സുധാകരന് (നഗരസഭാ കൌണ്‍സിലര്‍, 17-ാം വാര്‍ഡ്, കാഞ്ഞങ്ങാട് നഗരസഭ), ശ്രുതി നമ്പ്യാര്‍ (ജെ.എസ്.എസ്.മെഡി.കോളജ്, മൈസൂര്‍ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി) എന്നിവര്‍ മക്കളും ഡോ. വൃന്ദാ എസ്. മേനോന് മരുമകളുമാണ്. സഹോദരങ്ങള്‍: കരുണാകരന്‍നായര്‍, രാജീവി (ഗൃഹനാഥ), മൃണാളിനി (വിദേശം), ഉണ്ണിക്കൃഷ്ണന് (കൃഷി). |