Prof Mathew Ulakamthara

Prof Mathew Ulakamthara

Any

Reading

Problem

Professor

Ulakamthara

Malloosserry P.O.

Kottayam, 0481-2391431

Nil

Back

NIL

ക്രിസ്തുഗാഥ എന്ന ഒറ്റക്കൃതികൊണ്ട് മലയാളസാഹിത്യലോകത്തിലും ക്രൈസ്തവ സഭാചരിത്രത്തിലും ചിരപ്രതിഷ്ഠനേടിയ സാഹിത്യകുലപതിയാണ് പ്രൊഫ. മാത്യു ഉലകംതറ. ഭാഷാദ്ധ്യാപകന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായ പ്രൊഫ. ഉലകംതറ വിമര്‍ശനസാഹിത്യം, ജീവചരിത്രം, ബാല സാഹിത്യം, പദ്യനാടകം, വിവര്‍ത്തനം, ദൈവശാസ്ത്രം എന്നീവിഭാഗങ്ങളിലായി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
1931-ല്‍ വര്‍ക്കിയുടെയും അന്നയുടെയും മകനായാണ് ജനനം. അയ്യര്‍കുളങ്ങര ഗവ.മിഡില്‍ സ്കൂള്‍, വൈക്കം ഗവ.ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. പാലാ സെന്റ് തോമസ്, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളിലായി കലാലയപഠനം. ചെറുപ്പംമുതലേ ഉള്ളിലുണ്ടായിരുന്ന അദ്ധ്യാപനമോഹം ഇതിനോടകം പൊട്ടിമുളച്ചിരുന്നു. വൈകാതെ അദ്ധ്യാപനരംഗത്തെത്തുകയും ചെയ്തു. 
1954-ല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ ഇദ്ദേഹം മലയാളം അദ്ധ്യാപകനായി. ട്യൂട്ടര്‍ ആയി തുടങ്ങി ലക്ചറര്‍, പ്രൊഫസര്‍ എന്നീനിലകളിലേക്കുയര്‍ന്ന ഉലകംതറസാര്‍ വിരമിക്കുമ്പോള്‍ മലയാളവിഭാഗം അദ്ധ്യക്ഷനായിരുന്നു. നീണ്ട 32 വര്‍ഷക്കാലത്തെ സ്തുത്യര്‍ഹമായ സേവനത്തിന്റെ ശുഭകരമായ പരിസമാപ്തിയായിരുന്നു അത്. ഔദ്യോഗികസേവനത്തില്‍നിന്ന് വിരമിച്ചശേഷം കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ ഓണററി പ്രൊഫസറായി. ബാംഗ്ളൂര്‍ ഡി പോള്‍ സെമിനാരി, കോട്ടയം സെന്റ് സ്തനീസ്ളാവോസ് മൈനര്‍ സെമിനാരി, എറണാകുളം എസ്.എച്ച്. സെമിനാരി എന്നിവിടങ്ങളില്‍ സാഹിത്യാദ്ധ്യാപകനായും പ്രവര്‍ത്തിച്ചു. കോട്ടയം സെന്റ് എഫ്രേംസ് എക്യുമെനിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ കാവ്യപരിശീലനക്കളരി പ്രിന്‍സിപ്പാളായിരുന്നു. വിരമിച്ചതിനുശേഷവും അദ്ധ്യാപനവൃത്തിയുടെ മാധുര്യം ആവോളം നുകരാന്‍ പ്രൊഫ. ഉലകംതറയക്ക് ഭാഗ്യം ലഭിച്ചു.
കേരളാ, എം.ജി. സര്‍വ്വകലാശാലകളില്‍ യഥാക്രമം ചീഫ് എക്സാമിനര്‍, എക്സാമിനേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. പാഠപുസ്തകസമിതിയംഗം, ഓറിയന്റല്‍ ഫാക്കല്‍റ്റിയംഗം, ബോര്‍ഡ് ഓഫ് സ്റഡീസ് ചെയര്‍മാന്‍ എന്നീനിലകളിലും സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്കി. കേരളാ, എംജി., കാലിക്കറ്റ് സര്‍വ്വകലാശാലകളില്‍ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ പാഠപുസ്തകങ്ങളായിട്ടുണ്ട്. 
മലയാളസാഹിത്യലോകവും ക്രൈസ്തവസഭയും പ്രൊഫ. ഉലകംതറയെ സ്മരിക്കുക ക്രിസ്തുഗാഥയുടെ രചയിതാവ് എന്നനിലയിലായിരിക്കും. ക്രിസ്തുവിന്റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണംവരെയുള്ള സംഭവങ്ങള്‍ ലളിതമായ ഭാഷയില്‍ കാവ്യാത്മകമായി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. നാല് സുവിശേഷങ്ങളുടെയും ഉള്ളടക്കം അല്പംപോലും വിട്ടുകളയാതെ തയ്യാറാക്കിയ മഹാകാവ്യമാണ് ക്രിസ്തുഗാഥ. മലയാളവും മലയാളസാഹിത്യവും നിലനില്ക്കുന്നിടത്തോളംകാലം ക്രിസ്തുഗാഥാകര്‍ത്താവും മലയാളിമനസ്സില്‍ നിറഞ്ഞുനില്ക്കും.
1956-ല്‍ പ്രസിദ്ധീകൃതമായ സാഹിത്യം എങ്ങോട്ട് എന്ന ഉലകംതറയുടെ കൃതി മലയാളസാഹിത്യലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച ഗ്രന്ഥമാണ്. വിമര്‍ശസോപാനം, ആലോചനാമൃതം, സാഹിത്യപീഠിക, അപൂര്‍വ്വരശ്മികള്‍, ഭീരുക്കളുടെ സ്വര്‍ഗ്ഗം, കയ്പും മധുരവും, ആത്മഭാഷിതങ്ങള്‍, ക്രിസ്തുബിംബങ്ങള്‍ മലയാളത്തില്‍, കഥാസുഭാഷിതങ്ങള്‍, ഇന്ദിരാഗാന്ധി, അര്‍ണോസ് പാതിരി, ഐ.സി. ചാക്കോ, ആദ്യത്തെ മരണം, വെളിച്ചത്തിന്റെ മകള്‍, വിശ്വപ്രകാശം, വര്‍ത്തമാനപുസ്തകം (ആധുനിക ഭാഷാന്തരം), വിശുദ്ധ അമ്മ ത്രേസ്യ, കുമ്പസാരം (സെന്റ് അഗസ്റ്റിന്റെ ആത്മകഥ), കൊച്ചുതലവന്‍, ക്രൈസ്തവ സത്യാന്വേഷണം എന്നിങ്ങനെ ഇദ്ദേഹത്തിന്റെ തൂലികത്തുമ്പില്‍നിന്നും മലയാളസാഹിതിക്ക് ലഭിച്ച കൃതികളെല്ലാം തന്നെ വിലപ്പെട്ട മണിമുത്തുകളാണെന്നുപറയാം.
വൈക്കം മുഹമ്മദ് ബഷീര്‍, പാലാ നാരായണന്‍നായര്‍, സിസ്റര്‍ മേരി ബനീഞ്ജ മുതലായവരുടെ കൃതികള്‍ക്ക് പ്രൊഫ. ഉലകംതറ എഴുതിയിട്ടുള്ള കനപ്പെട്ട അവതാരികകള്‍ സാഹിത്യലോകത്ത് ഇദ്ദേഹത്തിന്റെ സ്ഥാനത്തിനുള്ള തെളിവാണ്.
പാലാ സെന്റ് തോമസില്‍ വിദ്യാര്‍ത്ഥിയായിരിക്കെ കവിതാരചനയ്ക്ക് അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസ്സ് നല്കിയ കട്ടക്കയം സ്വര്‍ണ്ണമെഡലാണ് ഇദ്ദേഹത്തിനുലഭിച്ച ആദ്യബഹുമതി. എ.കെ.സി.സി. സാഹിത്യ അവാര്‍ഡ് (1978), സിറിയക് കണ്ടത്തില്‍ അവാര്‍ഡ് (1994), മഹാകവി ഉള്ളൂര്‍ അവാര്‍ഡ് (1996) തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഈ പ്രതിഭയെ തേടിയെത്തി. 
നിരവധിവേദികളില്‍ ഉലകംതറയുടെ പ്രഭാഷണങ്ങള്‍ ശ്രോതാക്കളെ പിടിച്ചിരുത്തിയിട്ടുണ്ട്. ആകാശവാണിയുടെ വിവിധ നിലയങ്ങള്‍ക്കുവേണ്ടി ഇദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. 
വെച്ചൂച്ചിറ പൂത്തേട്ട് അഗസ്തി-അന്ന ദമ്പതികളുടെ മകള്‍ ത്രേസ്യാമ്മ (ബി.എ, ബി.എഡ്ഡ്) ആണ് ഭാര്യ. 1960 മെയ് ഒമ്പതിനായിരുന്നു വിവാഹം. ത്രേസ്യാമ്മ മട്ടാഞ്ചേരി സ്കൂളില്‍നിന്ന് വിരമിച്ചു. ജിയോ(നിലമ്പൂര്‍), ജിമ്മി (കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, എറണാകുളം), ജോയിസ് (ഇന്‍ഷുറന്‍സ് സര്‍വേയര്‍), ജാസ്മിന്‍ (കോട്ടയം പാറമ്പുഴ ഹൈസ്കൂള്‍ അദ്ധ്യാപിക) എന്നിവര്‍ മക്കളാണ്.
ഏലിക്കുട്ടി, സിസ്റര്‍ ബര്‍ത്ത്ലോമിയോ ഫ്രാന്‍സിസ് (അസീസി കോണ്‍വെന്റ്, കാളകെട്ടി), ജോസഫ്(റിട്ട. തഹസില്‍ദാര്‍), ത്രേസ്യാമ്മ വലിയപറമ്പില്‍ (റിട്ട. അദ്ധ്യാപിക, കടുത്തുരുത്തി) എന്നിവരാണ് സഹോദരങ്ങള്‍.
ഉലകംതറയുടെ സപ്തതിയോടനുബന്ധിച്ച് ഉലകംതറ: കവിയും നിരൂപകനും എന്നൊരു ഗ്രന്ഥം പുറത്തിറക്കിയിരുന്നു. സമസ്തകേരള സാഹിത്യപരിഷത്തിന്റെ വൈസ്പ്രസിഡന്റ്, സെക്രട്ടറി, കേരളസാഹിത്യകലാസമിതി പ്രസിഡന്റ്, സാഹിത്യ അക്കാദമി അംഗം എന്നീനിലകളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീപിക ആഴ്ചപ്പതിപ്പിന്റെ മുഖ്യ പത്രാധിപര്‍, താലന്ത് മാസിക സഹപത്രാധിപര്‍ എന്നീനിലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് ഉലകംതറ കാഴ്ചവെച്ചത്. ഇപ്പോള്‍, ചങ്ങനാശ്ശേരി അതിരൂപതാ പാസ്ററല്‍ കൌണ്‍സില്‍ അംഗമാണ്.

              
Back

  Date updated :