N. Radhakrishnan

N. Radhakrishnan

Any

Reading

Problem

Professor

Neelakandam, T.C. 3/1946(21)

Pattom Palace P.O.

Trivandrum, Nil

Nil

Back

NIL

തികഞ്ഞ ഗാന്ധിയന്‍, പ്രഗല്ഭനായ അദ്ധ്യാപകന്‍, വാഗ്മി, സംഘാടകന്‍, ഗ്രന്ഥകര്‍ത്താവ് എന്നീനിലകളിലെല്ലാം പ്രാഗല്ഭ്യം തെളിയിച്ച വ്യക്തിത്വമാണ് പ്രൊഫസര്‍ എന്‍. രാധാകൃഷ്ണന്റേത്. പി.കെ നീലകണ്ഠപ്പിള്ള-നാരായണിയമ്മ ദമ്പതികളുടെ മകനാണ് പ്രൊഫ. രാധാകൃഷ്ണന്‍.
സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം, തിരുവനന്തപുരം എം.ജി കോളജില്‍നിന്ന് ബി.എസ്സിയും പന്തളം എന്‍.എസ്.എസ്. കോളജില്‍നിന്ന് എം.ഏയും കരസ്ഥമാക്കിയ ഇദ്ദേഹം തുടര്‍ന്ന്, ജേര്‍ണലിസം പാസ്സായി. എന്‍.എസ്.എസ് കോളജില്‍ അദ്ധ്യാപകനായാണ് പ്രൊഫ. രാധാകൃഷ്ണന്‍ തന്റെ ഔദ്യോഗികജീവിതത്തിനുതുടക്കമിട്ടത്. 1968-ല്‍, അണ്ണാമല യൂണിവേഴ്സിറ്റിയില്‍ നാടകഗവേഷണം നടത്തുമ്പോള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സ്കോളര്‍ഷിപ്പിന് ഇദ്ദേഹം അര്‍ഹനായിരുന്നു.
1990-ല്‍ ഗവണ്‍മെന്റിന്റെ ക്ഷണപ്രകാരം ഡല്‍ഹിയിലെ ബിര്‍ളാഹൌസിലുള്ള ഗാന്ധിസ്മൃതിയില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി പന്ത്രണ്ട് വര്‍ഷം പ്രവര്‍ത്തിച്ച രാധാകൃഷ്ണന് ഭാരതത്തിന്റെ പ്രതിനിധിയെന്നനിലയില്‍ യുനെസ്കോ, യു.എന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ ഭാഗ്യംലഭിച്ചു. മലയാളി ഡെയ്ലി യുടെ സഹപത്രാധിപരായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗാന്ധിമാര്‍ഗ്ഗപ്രചാരണവുമായി ബന്ധപ്പെട്ട് വളരെക്കാലം ഇദ്ദേഹം പ്രവര്‍ത്തിച്ചു. മാനവവികസന മന്ത്രാലയത്തിന്റെ വിവിധ കമ്മറ്റികളില്‍ അംഗമായും യു.ജി.സി, യു.പി.എസ്.സി, എന്നിവയില്‍ വിദഗ്ദ്ധസമിതി അംഗമായും പ്രൊഫ. രാധാകൃഷ്ണന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസിലെ സോകാ യൂണിവേഴ്സിറ്റിയുടെ അംബാസഡര്‍, ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ ഗാന്ധിയന്‍ സ്റഡീസിന്റെ സ്ഥാപക ചെയര്‍മാന്‍, ജയിന്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ എന്നീ നിലകളില്‍ ഇപ്പോള്‍ ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു.
അന്‍പതില്‍പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് പ്രൊഫ. രാധാകൃഷ്ണന്‍. ഇംഗ്ളീഷ്, ഹിന്ദി, മലയാളം, തമിഴ് തുടങ്ങി വിവിധ ഭാരതീയഭാഷകളിലും ഇദ്ദേഹം ഗ്രന്ഥരചന നിര്‍വ്വഹിച്ചിട്ടുണ്ട്. ജാപ്പനീസ്, സ്പാനിഷ്, റഷ്യന്‍ ഭാഷകളിലെ ഗ്രന്ഥങ്ങള്‍ ഇദ്ദേഹം തര്‍ജ്ജമ ചെയ്യുകയുണ്ടായി. അഹിന്ദി പ്രദേശങ്ങളിലെ മികച്ച സാഹിത്യകാരനുള്ള കേന്ദ്രഗവണ്‍മെന്റിന്റെ അവാര്‍ഡ് 1994-ല്‍ ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. കൂടാതെ, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അവാര്‍ഡ്, എം.കെ.കെ നായര്‍ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെത്തേടിയെത്തി.
അറുപതിലധികം വിദേശസര്‍വ്വകലാശാലകളിലെ വിസിറ്റിംഗ് പ്രൊഫസറായിരുന്നു എന്നതുതന്നെ പ്രൊഫ. രാധാകൃഷ്ണന്റെ കഴിവുകളുടെ തെളിവാണ്. നൂറ്റിയന്‍പതിലധികം രാജ്യങ്ങള്‍ ഇതിനോടകം ഇദ്ദേഹം സന്ദര്‍ശിച്ചു.
ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി പ്രഭാഷണങ്ങള്‍ ഇദ്ദേഹം നടത്തുകയുണ്ടായി. ഗാന്ധിയന്‍ തത്വസംഹിതയേയും ഭാരതസംസ്കാരത്തേയുംപറ്റി വിദേശികള്‍ക്ക് അറിവുനല്കാന്‍ ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്ക് കഴിഞ്ഞു. ഗാന്ധിദര്‍ശനം രാധാകൃഷ്ണന്റെ രചനകളില്‍ എന്നൊരു പുസ്തകം അടുത്തകാലത്ത് പുറത്തിറങ്ങുകയുണ്ടായി. പ്രൊഫ. രാധാകൃഷ്ണന്റെ രചനകളെക്കുറിച്ചുള്ള ലഘുപഠനസമാഹാരമാണിത്. ചിലവിഭാഗങ്ങള്‍ക്കിടയില്‍ ഗാന്ധിജിക്കും ഗാന്ധിയന്‍ ആശയങ്ങള്‍ക്കും ഉണ്ടായിരുന്ന അയിത്തം കഴുകിക്കളയാന്‍ രാധാകൃഷ്ണന്റെ പ്രവര്‍ത്തനങ്ങളും കൃതികളും സഹായിച്ചുവെന്ന് ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ എഡിറ്റര്‍ പ്രശാന്ത് മിത്രന്‍ പറയുന്നു.
കുട്ടിക്കാലം മുതല്‍ക്കേ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായിരുന്നു ഇദ്ദേഹം. വൈക്കം സത്യഗ്രഹം തുടങ്ങി സ്വാതന്ത്യ്രസമരവുമായി ബന്ധപ്പെട്ട് നിരവധി വേദികളില്‍ ഇദ്ദേഹത്തിന്റെ പിതാവ് പി.കെ നീലകണ്ഠപ്പിള്ള സജീവമായിരുന്നു.
രാധാകൃഷ്ണന്റെ മാതാവിന് നാടകകലയില്‍ പ്രാവീണ്യമുണ്ടായിരുന്നു. സ്വാഭാവികമായും നാടകരംഗത്തോട് രാധാകൃഷ്ണനും പ്രതിപത്തി തോന്നിയിരുന്നു. കുട്ടിക്കാലത്ത് നാടകരംഗവുമായി ബന്ധപ്പെട്ട് ഇദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാക്കാരിശ്ശി നാടകത്തില്‍ തത്പരനാണ് രാധാകൃഷ്ണന്‍. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെങ്കിലും ഗാന്ധിമാര്‍ഗ്ഗത്തില്‍ ആകൃഷ്ടനായ പ്രൊഫ. രാധാകൃഷ്ണന്‍, സജീവരാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുകയും മുഴുവന്‍സമയ ഗാന്ധിമാര്‍ഗ്ഗപ്രചാരകനാവുകയുമായിരുന്നു.
അന്തര്‍ദേശീയ ശ്രദ്ധനേടിയ ഒരു മലയാളിയാണ് ഇദ്ദേഹം. പ്രവര്‍ത്തനമേഖല പലപ്പോഴും ഇതരസംസ്ഥാനങ്ങളിലും വിദേശത്തും ആയിരുന്നതിനാല്‍ കേരളീയര്‍ക്ക് ചിരപരിചിതനല്ല രാധാകൃഷ്ണന്‍. എങ്കിലും, ഇദ്ദേഹത്തിന്റെ കര്‍മ്മമേഖലകളെക്കുറിച്ചറിയുമ്പോള്‍ ഏതൊരു കേരളീയനും അഭിമാനത്തിന് വകയേറെയാണ്.
തങ്കപ്പന്‍പിള്ള, സുകുമാരപിള്ള, ചന്ദ്രശേഖരപിള്ള, സരസ്വതിയമ്മ, കസ്തൂര്‍ബാ, ശങ്കരനാരായണന്‍ തമ്പി എന്നിവരാണ് പ്രൊഫ. രാധാകൃഷ്ണന്റെ സഹോദരങ്ങള്‍. അടൂര്‍ സ്വദേശിനിയായ വിമലാദേവിയാണ് ഇദ്ദേഹത്തിന്റെ പത്നി. ജപ്പാനില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായ അഭിലാഷ്, എയര്‍ഫോഴ്സില്‍ ഫ്ളൈറ്റ് ലഫ്റ്റനന്റായ അജിത്ത് എന്നിവര്‍ മക്കളാണ്.

              
Back

  Date updated :