John Master N J

John Master N J

Any

Reading

Problem

Teacher

Niravathu Veedu

Vimala Nagar P.O., Mananthavadi -670 645

Wayanad, 04935 240783, Mob: 9847335915

.

Back

.

ജോണ്‍മാസ്ററുടെ ഭാര്യ ശ്രീമതി ടി.ഡി. റോസമ്മ ടീച്ചര്‍

ജോണ്‍മാസ്ററുടെ മകന്‍ ജോണി ജോണ്‍

.

തിരുവിതാംകൂര്‍ രാജ്യത്ത് മൂവാറ്റുപുഴ താലൂക്കില്‍ ആരക്കുഴ-കീഴ്മടങ്ങ് എന്ന സ്ഥലത്തുനിന്നും 1932-ല്‍ നിരവത്തു കുടുംബത്തിലെ ഒരു ശാഖ മലബാറിലേക്ക് കുടിയേറി. നിരവത്ത് ഉലഹന്നന്‍, ഭാര്യ ത്രേസ്യ മക്കള്‍ ജോസഫ്, ജോണ്‍, അന്ന (സിസ്റര്‍ മെലാനിയ), മേരി എന്നിവരടങ്ങുന്ന കുടുംബം കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍ കോളയാട് എന്ന സ്ഥലത്ത് വന്നു.
ഉലഹന്നന്‍ കൃഷിക്കു പുറമെ വാഴക്കുളം, കൊച്ചി മുതലായ സ്ഥലങ്ങളില്‍ കുരുമുളകു കച്ചവടവും ചെയ്തിരുന്നു. പെട്ടെന്ന് മുളകിന്റെ വില ഇടിയുകയും വലിയ നഷ്ടം നേരിടുകയും ചെയ്തു. കടങ്ങള്‍ വീട്ടാന്‍ കഴിയാതെ വന്നപ്പോള്‍ സ്ഥലം വിറ്റു കടം തീര്‍ക്കേണ്ടി വന്നു. ഉള്ളതെല്ലാം വിറ്റതിനാല്‍ ഭാവിജീവിതം പ്രയാസമായി തോന്നി. അഭിമാനത്തോടെ മുന്‍പ്രതാപം നിലനിര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ നാടു വിടുവാന്‍ തീരുമാനിച്ചു. കച്ചവട സംബന്ധമായി പല സ്ഥലങ്ങളിലും സഞ്ചരിച്ചിട്ടുള്ള ഇദ്ദേഹം മലബാറിനെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നു. നാട്ടുകാരും വീട്ടുകാരും നാടുവിടാതിരിക്കാന്‍ ഉപദേശിച്ചെങ്കിലും മലബാറിലേക്ക് പോരാന്‍ തന്നെ തീരുമാനിച്ചു. ഇടവകപ്പള്ളിയായ ആരക്കുഴപ്പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചു. ബഹുമാനപ്പെട്ട അച്ഛന്‍മാരോട് യാത്ര പറഞ്ഞു പുറപ്പെട്ടു. പെങ്ങള്‍ ക്ളാരമഠത്തിലെ കന്യാസ്ത്രീയായി (സിസ്റര്‍ ബെനീഞ്ഞ) കിഴക്കമ്പലത്തുണ്ടായിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞു പുറപ്പെട്ടു. കൂട്ടത്തില്‍ അനുജന്‍ കുര്യന്‍ അനുഗമിച്ചിരുന്നു.
തലശ്ശേരിയില്‍ വണ്ടിയിറങ്ങി, കോളയാട്ടേക്കു പുറപ്പെട്ടു. കോളയാടു പള്ളിയിലെ അന്നത്തെ വികാരിയച്ചന്‍ ഫാദര്‍ ഫെര്‍ണാണ്ടസ് മംഗലാപുരം രൂപതയില്‍ നിന്നും കോഴിക്കോട് രൂപതയുടെ കീഴില്‍ മിഷ്യനറി പ്രവര്‍ത്തനത്തിനായി എത്തിയതായിരുന്നു. ഫാ. ഫെര്‍ണാണ്ടസ്, തല്ക്കാലം താമസിക്കാന്‍ താഴെ കോളയാട്ടുണ്ടായിരുന്ന പള്ളിവക കെട്ടിടം വിട്ടു തന്നു. അരീക്കല്‍ കുഞ്ഞുപാപ്പന്‍, കട്ടക്കയത്തില്‍ മത്തച്ചന്‍, വടക്കേല്‍ ഔസേപ്പച്ചന്‍, ഓലിക്കല്‍ പ്രഞ്ചു മുതലായവര്‍ 1928 മുതലേ അവിടെ താമസമാക്കിയിരുന്നു. 
പണമെല്ലാം യാത്രയ്ക്കും മറ്റും ചിലവായതിനാല്‍ നിത്യവൃത്തിക്കു പ്രയാസം നേരിട്ടു. മലമ്പനിയും പട്ടിണിയും കാരണം വളരെ വിഷമിച്ചാണ് ജീവിതം മുന്നോട്ടു നീക്കിയത്. ഫോറസ്റ് മുഴുവന്‍ തെളിച്ച് തേക്ക് നട്ടു പിടിപ്പിക്കാനുള്ള ശ്രമം നടക്കുന്ന കാലമായിരുന്നതിനാല്‍ മരം മുറിക്കലും മറ്റും ധാരാളമായി നടന്നിരുന്നു. കട്ടക്കയത്തില്‍ മാത്തച്ചന്‍, ഓലിക്കല്‍ പ്രഞ്ചു എന്നിവരോടൊപ്പം ഉലഹന്നനും മഴുപ്പണിക്കു പോകാന്‍ തുടങ്ങി. 5-ാം ക്ളാസ്സു വരെയുള്ള എലിമെന്ററി സ്കൂള്‍ പള്ളിവകയായി നടത്തിയിരുന്നു. അന്നയേയും മേരിയേയും അവിടെ ചേര്‍ന്നു. മറ്റു സ്കൂളുകള്‍ ഇല്ലാതിരുന്നതിനാല്‍ നാട്ടില്‍ നിന്നും 5-ാം ക്ളാസ്സു കഴിഞ്ഞുവന്ന ജോണിനെ വീണ്ടും 5-ാം തരത്തില്‍ ചേര്‍ത്തു. ജോസഫ് അപ്പനെ സഹായിച്ചുകൊണ്ട് കഴിഞ്ഞുകൂടി. 
അധികം താമസിക്കാതെ ഒന്നര ഏക്കര്‍ സ്ഥലം വാങ്ങി പുര കെട്ടി താമസം അങ്ങോട്ടു മാറ്റി. ജോണ്‍ 5-ാം തരം പാസ്സായെങ്കിലും ഉയര്‍ന്നു പഠിക്കാന്‍ നിവൃത്തിയില്ലായിരുന്നു. ആ സമയം ഫെര്‍ണാണ്ടസച്ചന്‍ കോഴിക്കോട് രൂപത വിട്ട് മംഗലാപുരം രൂപതയിലേക്ക് തിരിച്ചു പോകാന്‍ തീരുമാനിച്ചു. കാഞ്ഞങ്ങാട് എന്ന സ്ഥലത്ത് മിഷനറി പ്രവര്‍ത്തനം ആരംഭിച്ചു. കോളയാട് വെച്ചു പിന്നെ പുതിയ സന്യാസസഭ രൂപീകരിക്കാന്‍വേണ്ടി ജോണ്‍, കട്ടക്കയത്തില്‍ ചെറിയാന്‍ തുടങ്ങി കുറെ കുട്ടികളെ ചേര്‍ത്തു പള്ളിയില്‍ താമസം തുടങ്ങിയിരുന്നു. അച്ചന്‍ കാഞ്ഞങ്ങാട്ടേക്കു മാറിയപ്പോള്‍ കുട്ടികളെയും കൊണ്ടുപോയി. കുറച്ചു കാലം കാസര്‍കോടിനടുത്തുള്ള ബവിഞ്ച എന്ന സ്ഥലത്ത് താമസിച്ചു. ആ സമയത്ത് കുട്ടികള്‍ക്ക് ഇംഗ്ളീഷ് ട്യൂഷന്‍ കൊടുക്കാന്‍ അധികാരത്തെ കുര്യാക്കോ സാര്‍ (വക്കീല്‍) സന്മനസ്സു കാണിച്ചു. ഒരു കൊല്ലത്തോളം അങ്ങനെ കഴിഞ്ഞു. പിന്നീട് കാഞ്ഞങ്ങാട്ടേക്കു മാറിയപ്പോള്‍ ജോണിനെ നീലേശ്വരം രാജാസ് ഹൈസ്കൂളില്‍ തേര്‍ഡ് ഫോറത്തില്‍ ചേര്‍ക്കുകയും ചെയ്തു. 1936-ല്‍ തേര്‍ഡ് ഫോം പാസ്സായി. എന്നാല്‍ സന്യാസ സഭക്കു വേണ്ടി തുടങ്ങിയ പ്രസ്ഥാനം ഏതോ കാരണത്താല്‍ മുടങ്ങിയതിനെ തുടര്‍ന്ന് പഠിക്കാന്‍ കഴിയാതെ വന്ന കുട്ടികളെല്ലാം അവരവരുടെ വീടുകളിലേക്കു പോയി.
ഈ കാലയളവില്‍ കോളയാട് നെല്‍കൃഷിക്കു സൌകര്യമില്ലാതിരുന്നതിനാല്‍ വയനാട് ഭാഗത്തേക്കു വരാന്‍ ഉലഹന്നന്‍ ആഗ്രഹിച്ചുകൊണ്ടിരുന്നു. മഴുപ്പണിക്കായി മാനന്തവാടി ഭാഗത്തേക്കു വന്നപ്പോള്‍ വയനാട്ടിലെ നെല്‍പ്പാടങ്ങള്‍ കാണാനിടയായിരുന്നു. അന്നിവിടെ ഉണ്ടായിരുന്ന കുടക്കച്ചിറക്കാര്‍, പനച്ചിക്കല്‍ മത്തായി, കാനാക്കുന്നേല്‍ വര്‍ക്കി, എളപ്പുപാറ ആഗസ്തി മുതലായവരുമായി പരിചയപ്പെടുകയും ചെയ്തിരുന്നു. 
1938-ല്‍ മാനന്തവാടിയിലേക്കു വന്ന ഉലഹന്നന്‍, മാനന്തവാടിക്കടുത്തുള്ള കൂനാറവയലില്‍ കുറച്ചു സ്ഥലം വാങ്ങി താമസം തുടങ്ങി. അന്നു മാനന്തവാടി പള്ളി വികാരി ബഹു. ബര്‍ബോസ അച്ചനായിരുന്നു. ഒരു ദിവസം കാഞ്ഞങ്ങാട്ടു നിന്നും ഫെര്‍ണാണ്ടസച്ചന്‍ മാനന്തവാടിയില്‍ വരികയുണ്ടായി. ആ സമയത്ത് ജോണിനെ കണ്ടുമുട്ടുകയും വീണ്ടും ജോണിനെ കാഞ്ഞങ്ങാട്ടേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.
അന്ന് പിന്നീട് പഠിക്കാന്‍ കഴിയാതെ വന്നു. ഫോം പാസ്സായാല്‍ ഹയര്‍ എലിമെന്ററി ടീച്ചേഴ്സ് ട്രേയിനിങ്ങിനു പോകാമായിരുന്നു. 1938-39-ല്‍ ജോണ്‍ ഉടനെ കാഞ്ഞങ്ങാട്ടു നിന്നും വടകരയില്‍ വന്ന് ട്രെയിനിങ്ങിനു ചേര്‍ന്നു. 1939-41 കാലംകൊണ്ട് ട്രെയിനിങ് കഴിഞ്ഞു. എന്നാല്‍ പഠിപ്പിക്കാന്‍ സ്കൂളുകള്‍ ഉണ്ടായിരുന്നില്ല. പിന്നീട് പലരും പറഞ്ഞറിഞ്ഞ് കോഴിക്കോടിനടുത്തുള്ള പെരുവയല്‍ എന്ന സ്ഥലത്തൊരു സ്കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നു. കുറച്ചുകാലം അവിടെ പഠിപ്പിച്ചതിനുശേഷം മാനന്തവാടിയിലേക്കു പോന്നു. അപ്പോള്‍ മാനന്തവാടി അമലോത്ഭവ മാതാ ദേവാലയത്തില്‍ വികാരിയായിരുന്ന ഫാ. ഡിസില്‍വ, ജോണിനെ പരിചയപ്പെട്ടു. ജോണ്‍ റ്റി.റ്റി.സി. പാസ്സായതാണെന്നറിഞ്ഞപ്പോള്‍, പയ്യമ്പള്ളിയില്‍ അദ്ദേഹം സ്ഥാപിച്ച കപ്പേളയോടനുബന്ധിച്ച് കുട്ടികളെ പഠിപ്പിക്കാനുള്ള ഒരു സ്കൂള്‍ ആരംഭിക്കാന്‍ അദ്ദേഹം ജോണിനു പ്രേരണ കൊടുത്തു. 
നാട്ടില്‍ നിന്നു പഠനമുപേക്ഷിച്ചു വന്ന തന്നെ ഈ നിലയിലെത്തിച്ച കോളയാട് പള്ളിയിലെ ഫെര്‍ണാണ്ടസച്ചനെ ജോണിന് ഒരിക്കലും മറക്കാന്‍ സാധ്യമല്ലായിരുന്നു. അദ്ദേഹത്തോട് ജോണിന് വളരെയധികം സ്നേഹവും ബഹുമാനവുമായിരുന്നു. അതേ ആദരവോടും ബഹുമാനത്തോടും കൂടി അച്ചനെ പരിചയപ്പെട്ടതു മുതല്‍ ഡിസില്‍വാച്ചനെ യാത്രകളില്‍ ജോണ്‍ അനുധാവനം ചെയ്തും ദിവ്യബലികളില്‍ ശുശ്രൂഷിയായും അച്ചനെ സഹായിച്ചിരുന്നു. 
അങ്ങനെ ജോണ്‍ പയ്യമ്പിള്ളിയില്‍ അച്ചന്റെ നിര്‍ദ്ദേശമനുസരിച്ച് സ്കൂള്‍ തുടങ്ങി. പഠിപ്പിക്കാന്‍ കുട്ടികളെ തേടി മഞ്ഞും മഴയും വകവയ്ക്കാതെ ജോണ്‍ കാടും മേടും വയലുകളും തോടുകളും ഉത്സാഹത്തോടെ കയറിയിറങ്ങി. പണിയക്കുടിലുകളിലും കുറിച്യകോളനികളിലും കുടിയേറി വന്ന സഹോദരന്മാരുടെ വീടുകളിലും കുട്ടികളെ തേടി നടന്നു. കുട്ടികളെ വളരെ ഇഷ്ടമായിരുന്ന ജോണ്‍, അവരോട് വളരെ സ്നേഹപൂര്‍വ്വം പെരുമാറിയിരുന്നു. അച്ഛനമ്മമാരുടെ കൂടെ വയലില്‍ പണിയെടുത്തിരുന്ന കുട്ടികള്‍ ജോണിന്റെ സ്നേഹവാക്കുകളില്‍ താത്പര്യം കാണിക്കുകയും സ്കൂളിലേക്ക് വരുവാന്‍ തുടങ്ങുകയും ചെയ്തു. കഠിനമായ മഞ്ഞും തണുപ്പും സഹിച്ച് സ്കൂളിലേക്കു വന്നിരുന്ന കുട്ടികള്‍ പനിയും അസുഖങ്ങളും പിടിച്ച് പലപ്പോഴും അവശരായിരുന്നു. അവരെ വീടുകളില്‍ തിരിച്ചെത്തിക്കുന്നതും അദ്ദേഹത്തിന്റെ ചുമതലയായിരുന്നു. കൊടുംതണുപ്പും കോടമഞ്ഞുകൊണ്ടുള്ള ഇരുട്ടും മലമ്പനി മുതലായ മാരകരോഗങ്ങളും പഠനത്തിനും പഠിപ്പിക്കലിനും വിലങ്ങുതടിയായി നിന്നു. 
ഗ്രന്ഥപാരായണം ജോണിന്റെ ഒരു ദൌര്‍ബല്യമായിരുന്നു. മാനന്തവാടിയില്‍ അന്ന് പ്രവര്‍ത്തിച്ചിരുന്ന പഴശ്ശി വായനശാലയില്‍ ജോണ്‍ ഒരു നിത്യ സന്ദര്‍ശകനായിരുന്നു. പലതരം ഗ്രന്ഥങ്ങളും ആനുകാലികങ്ങളും അവിടെ വായിക്കുവാന്‍ ലഭിച്ചിരുന്നു. വീട്ടില്‍ കൊണ്ടുവന്ന ഗ്രന്ഥങ്ങള്‍ മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ഏറെ രാത്രിവരെയും പാരായണം ചെയ്യുമായിരുന്നു. ചരിത്രഗ്രന്ഥങ്ങള്‍, മഹാന്മാരുടെ ജീവചരിത്രങ്ങള്‍, ഇംഗ്ളീഷ്, മലയാളം ഭാഷകളിലുള്ള നാനാതരം പുസ്തകങ്ങള്‍.... എന്നിവയിലൂടെ ധാരാളം അറിവു നേടി. ഗ്രന്ഥശാലാ പ്രസ്ഥാനവുമായി സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
ഒരു ദിവസം തവിഞ്ഞാല്‍ ദേശത്ത് കുടിയേറ്റക്കാരനായി വന്ന വടക്കേ വീട്ടില്‍ ഔസേപ്പുചേട്ടനെ ജോണ്‍ പരിചയപ്പെട്ടു. പയ്യമ്പള്ളിയില്‍ സ്കൂള്‍ തുടങ്ങിയ ജോണ്‍ മാസ്ററെ കണ്ടപ്പോള്‍ അദ്ദേഹത്തിന് വളരെ സന്തോഷമായി. ഇടുക്കി-തൊടങ്ങനാട് ഭാഗത്തുനിന്നും മലബാറിലേക്ക് പോന്ന അദ്ദേഹത്തിന്റെ മക്കള്‍ തൊടങ്ങനാട് സ്കൂളില്‍ വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവരില്‍ ഒരാളായ മത്തായി തനിക്കു കിട്ടിയ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനുള്ള ഒരു ഉദ്യമം എന്ന നിലക്ക്, ഇളമ്പൂള്‍ തറവാട്ടില്‍ നടത്തി വന്നിരുന്ന സെന്റ് തോമസ് എല്‍.പി. സ്കൂള്‍ എന്ന കുടിപ്പള്ളിക്കുടം ഒന്നുകൂടി ഊര്‍ജ്ജസ്വലമാക്കുന്നതിനെക്കുറിച്ച് ജോണ്‍മാസ്ററുടെ നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞു. അങ്ങനെ നാട്ടുകാരുടെ സഹകരണത്തോടെ കുറച്ചുകൂടി സൌകര്യമുള്ള ഒരു സ്കൂള്‍ കെട്ടിടം അരങ്ങത്തുംചാലിലേക്ക് (വിമലനഗര്‍) മാറ്റി നിര്‍മ്മിച്ചു. തവിഞ്ഞാല്‍ മൂപ്പില്‍ നായര്‍ സംഭാവന ചെയ്ത മരങ്ങളും സാമഗ്രികളും, വിദ്യാഭ്യാസത്തിനായി ആത്മാര്‍ത്ഥ സഹായ സഹകരണങ്ങള്‍ നല്‍കിയ പഴയ ജന്മിത്തറവാടുകളും, മലബാറിലേക്ക് കുടിയേറി വന്ന ക്രൈസ്തവ സഹോദരങ്ങളും ഒത്തൊരുമയോടെ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചപ്പോള്‍ അരങ്ങത്തുംചാല്‍ എന്ന തവിഞ്ഞാലില്‍ ഒരു എലിമെന്ററി സ്കൂള്‍ ഉയര്‍ന്നു വന്നു. സ്കൂളിന്റെ അംഗീകാരം നേടിയെടുക്കാന്‍ അന്ന് മാനന്തവാടി അമലോത്ഭവ മാതാദേവാലയത്തിന്റെ സഹവൈദികനായിരുന്ന ബഹു. ഫാദര്‍ ജോസഫ് കുത്തൂരിന്റെ സഹായവും ലഭിച്ചു. റവ. ഫാദര്‍ ജോസഫ് കുത്തൂരിനോടൊപ്പം പയ്യമ്പള്ളി സ്കൂള്‍ ഹെഡ്മാസ്ററായ ജോണ്‍മാസ്ററും പ്രസ്തുത സ്കൂളിന്റെ അംഗീകാരത്തിനായി എഴുത്തുകുത്തുകള്‍ നടത്തുകയും സ്കൂളിന്റെ നടത്തിപ്പിനനുയോജ്യമായ ഉപദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്തതിനാല്‍ അംഗീകാരം ലഭിക്കാത്തതെങ്കിലും അന്തസ്സുറ്റ രീതിയില്‍ സ്കൂള്‍ നടന്നുകൊണ്ടിരുന്നു. ഏകദേശം ആറുമാസത്തോളം സ്കൂള്‍ അതേ നിലയില്‍ നടന്നുപോന്നുവെങ്കിലും, കുത്തൂരച്ചന്‍ പേരാവൂര്‍ക്ക് സ്ഥലം മാറിപ്പോയതിനാല്‍ സ്കൂള്‍ നടത്തിപ്പ് തല്കാലത്തേക്ക് നിര്‍ത്തേണ്ടി വന്നു. വകടരയിലുള്ള വിദ്യാഭ്യാസ മേലുദ്യോഗസ്ഥരുമായി ജോണ്‍ മാസ്റര്‍ തുടര്‍ന്നും ബന്ധപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം സ്കൂളിന് അംഗീകാരം ലഭിച്ച സന്തോഷവാര്‍ത്ത ജോണ്‍ മാസ്റര്‍ നാട്ടുകാരെ അറിയിക്കുകയുണ്ടായി. ഇത് തദ്ദേശവാസികള്‍ക്ക് ഒരു പുത്തന്‍ ഉണര്‍വ്വും ആവേശവും ഉണ്ടാക്കി. നാട്ടുകാര്‍ സംഘടിച്ച് ഒരു താല്കാലിക കെട്ടിടമുണ്ടാക്കുകയാണെങ്കില്‍ ഉടനടി സ്കൂള്‍ വീണ്ടും ആരംഭിക്കുവാന്‍ സാധിക്കുമെന്ന് ബോദ്ധ്യം വരികയാല്‍ വടക്കേ വീട്ടില്‍ ഔസേപ്പു ചേട്ടന്റെ മകന്‍ യശഃശരീരനായ ശ്രീ. പി.ജെ. ആഗസ്തിയുടെ പരിശ്രമ ഫലമായി ഒരു മീറ്റിങ് വിളിച്ചുകൂട്ടുകയും ശ്രീ. എന്‍.ജെ. ജോണ്‍ മാസ്ററുടെ അദ്ധ്യക്ഷതയില്‍ നടന്ന പ്രസ്തുത യോഗത്തില്‍വെച്ച് തവിഞ്ഞാല്‍ പൊതുജന പ്രവര്‍ത്തന സമാജം എന്ന പേരില്‍ ഒരു സംഘടനയ്ക്ക് രൂപം കൊടുക്കുകയും ചെയ്തു. 
ഈ സംഘടനയുടെ പ്രവര്‍ത്തനഫലമായി ചുരുങ്ങിയ കാലംകൊണ്ട് ഒരു താത്കാലിക കെട്ടിടം നല്ല രീതിയില്‍ ഉണ്ടാക്കുവാന്‍ കഴിഞ്ഞു. പ്രസ്തുത സ്കൂളിന്റെ ഉദ്ഘാടനം 1944 മാര്‍ച്ച് മാസം 5-ാം തീയതി യശഃശരീരനായ ശ്രീ. എം.കെ. കൃഷ്ണന്‍ വൈദ്യര്‍ അവര്‍കളുടെ മഹനീയാദ്ധ്യക്ഷതയില്‍ നിര്‍വ്വഹിക്കപ്പെട്ടു. ശ്രീ. പി.ജെ. മത്തായിയുടെ അദ്ധ്യാപനത്തില്‍ കീഴില്‍ 50ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്ന പ്രസ്തുത സ്കൂളിന്റെ ഹെഡ് മാസ്ററായി ശ്രി. എന്‍.ജെ. ജോണ്‍ 1944 ഏപ്രില്‍ 1-ാം തീയതി ചാര്‍ജ്ജെടുത്തു. അതോടെ രണ്ട് അദ്ധ്യാപകരോടുകൂടി സ്കൂള്‍ പൂര്‍വ്വാധികം ഭംഗിയായി മുമ്പോട്ടു നീങ്ങുവാന്‍ തുടങ്ങി.
പയ്യമ്പള്ളിയിലെ സ്കൂള്‍, തന്നെ വളരെയേറെ സഹായിച്ച കുടക്കച്ചിറ കുട്ടിച്ചേട്ടനെയും ഭാര്യയെയും തുടര്‍ന്നു നടത്താന്‍ ജോണ്‍മാസ്റര്‍ ഏല്പിച്ചു. മാനന്തവാടി കൂനാറവയലില്‍ നിന്നു ജോണ്‍ മാസ്ററും കുടുംബവും തവിഞ്ഞാലിലേക്ക് താമസവും മാറ്റി. സഹോദരിമാരായ അന്നക്കുട്ടിക്കും മറിയക്കുട്ടിക്കും തവിഞ്ഞാല്‍ സ്കൂളില്‍ പഠിപ്പിക്കാന്‍ വരുവാനുള്ള സൌകര്യവും കൂടി കണക്കിലെടുത്താണ് താമസം മാറ്റിയത്. ഗവണ്‍മെന്റില്‍ നിന്നും സ്കൂളിന് അംഗീകാരം ലഭിച്ചതോടെ അധ്യാപകര്‍ക്കായുള്ള അന്വേഷണമായി. ട്രെയിനിങ് കഴിഞ്ഞ് ആദ്യമായി അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന കോഴിക്കോട് പെരുവയല്‍ സ്കൂളിലെ ചില അദ്ധ്യാപകര്‍ തവിഞ്ഞാലിലേക്ക് വരുവാന്‍ സന്നദ്ധരായി. റ്റി.റ്റി.സി. പാസ്സായി മത്തായി മാസ്റര്‍ തിരിച്ചെത്തി. മുട്ടൂന്നില്‍ ശങ്കരന്‍ നമ്പ്യാര്‍, കണ്ടത്താളില്‍ അനന്തന്‍ നമ്പ്യാര്‍, ജോണ്‍ മാസ്ററുടെ സഹോദരിമാരായ അന്നക്കുട്ടി, മറിയക്കുട്ടി അങ്ങനെ കുറച്ചുപേര്‍ അണ്‍ട്രെയിന്‍ഡ് (ട്രെയിനിങ് ഇല്ലാത്ത) ആയി പഠിപ്പിക്കാന്‍ സന്നദ്ധരായി വന്നു.
മാനന്തവാടി അമലോത്ഭവ മാതാ ദേവാലയത്തിന്റെ ഉപദേവാലയമായിരുന്ന തലപ്പുഴപള്ളി ഈ സമയത്ത് ഒരു സ്വതന്ത്ര ഇടവകയായിത്തീരുകയും റവ: ഫാദര്‍ സിയാറോ എസ്. ജെ. അതിന്റെ വികാരിയായി നിയമിതനാവുകയും ചെയ്തു. തവിഞ്ഞാലിലെ കുടിയേറ്റക്കാരായ ക്രൈസ്തവര്‍ക്കുവേണ്ടി വടക്കേ വീട്ടില്‍ ഔസേപ്പുചേട്ടന്റെ വീട്ടില്‍ കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ വരുമായിരുന്നു.
സ്കൂളിനായി ഒരു പുത്തന്‍ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി അദ്ദേഹം ഉത്തേജനം നല്‍കിയതിനെ തുടര്‍ന്ന് കെട്ടിടത്തിനു വേണ്ട സ്ഥലവും മരവും പരേതനായ കാക്കത്തുറുമ്മേല്‍ രാമനെന്ന മൂപ്പില്‍ നായര്‍ സംഭാവന ചെയ്തു. ശ്രീമാന്‍ വടക്കേവീട്ടില്‍ ജോസഫ് തന്റെ സ്വദേശമായ തുടങ്ങനാട്ടില്‍ ചെന്ന് അവിടുത്തെ വികാരി റവ: ഫാദര്‍ തോസ്സ് മണക്കാട്ട് അവര്‍കളുടെ സഹായത്തോടെ പിരിച്ചുകൊണ്ടുവന്ന സംഖ്യയും, തവിഞ്ഞാല്‍ പൊതുജനപ്രവര്‍ത്തന സമാജക്കാര്‍ തലപ്പുഴയും തവിഞ്ഞാലിലും വെച്ച് നടത്തിയ ദീനാമ്മ എന്ന നാടകത്തിന് കിട്ടിയ സംഖ്യയും, ശ്രീ സി.റ്റി. ജോസഫ് പയ്യമ്പള്ളി, പേരാവൂര്‍, തവിഞ്ഞാല്‍ എന്നിവിടങ്ങളില്‍ വെച്ച് നടത്തിയ രമണന്‍, ചാരിത്ര വിജയം എന്നീ കഥാപ്രസംഗങ്ങളില്‍ നിന്ന് ലഭിച്ച സംഖ്യയും സ്കൂള്‍ നിര്‍മ്മാണ ഫണ്ടിലേക്ക് ബഹു. സിയാറോ അച്ചനെ ഏല്പിച്ചു. അങ്ങനെ നാട്ടുകാരുടെ ആത്മാര്‍ത്ഥമായ സഹകരണത്തിന്റെയും സിയാറോ അച്ചന്റെ നേതൃത്വത്തിന്റെയും ഫലമായി വിമലനഗര്‍ എന്ന് ഇന്നറിയപ്പെടുന്ന അരംഗത്തുംചാല്‍ മൈതാനത്ത് ഒരു പുത്തന്‍ കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. അതിന്റെ ഉദ്ഘാടന കര്‍മ്മം 1947 മെയ് മാസം 4-ാം തീയതി അന്ന് വയനാട് റേഞ്ചിന്റെ ഒന്നാമത്തെ ഡെപ്യൂട്ടി ഇന്‍സ്പെക്ടാകാന്‍ ഭാഗ്യം ലഭിച്ച ശ്രീമാന്‍ റ്റി.വി. അനന്തക്കുറുപ്പ് അവര്‍കളുടെ ഔദ്യോഗിക സഹായ സഹകരണത്തോടെ സ്കൂള്‍ മാനേജര്‍ റവ: ഫാദര്‍ സിയാറോ അവര്‍കള്‍ നിര്‍വ്വഹിച്ചു. 
തവിഞ്ഞാലിലെ കുടിയേറ്റക്കാരുടെ കലാപരമായ കഴിവുകള്‍ മനസ്സിലാക്കിയ സിയാറോ അച്ചന്‍, അവയെ പരിപോഷിപ്പിക്കുവാനുള്ള പ്രോത്സാഹനം നല്‍കി. തവിഞ്ഞാല്‍ പൊതുജന പ്രവര്‍ത്തന സമാജക്കാരാല്‍ നടത്തപ്പെട്ട ദീനാമ്മ, പുളകം, ധര്‍മ്മ ധീരന്‍, പൂജ, സുകൃതീന്ദ്രന്‍ എന്നീ നാടകങ്ങള്‍ ജനങ്ങളുടെ ഇടയില്‍ സംസാര വിഷയമായി. ചാരം തൊട്ടിയല്‍ ശ്രീ. സി.റ്റി. ജോസഫ് പ്രഗത്ഭനായ ഒരു കഥാ പ്രാസംഗികനായിരുന്നു. സ്വദേശമായ തൊടങ്ങനാട് പള്ളിയില്‍ ഹാര്‍മോണിയം വായനക്കാരനുമായിരുന്നു. ജ്യേഷ്ഠന്‍ ശ്രീ. സി.റ്റി. തോമസ് (കുട്ടിച്ചേട്ടന്‍) ഒരു വയലിനിസ്റും, അനുജന്‍ ശ്രീ. സി.റ്റി. അഗസ്റിന്‍ ഒരു പുല്ലാംകുഴല്‍ വായനക്കാരനുമായിരുന്നു. നാടക കലാപരിപാടികളിലൂടെ ഈ വിദ്യാലയത്തിന്റെ പുരോഗതിയെ ഉദ്ദീപിപ്പിക്കുവാന്‍ സാധിച്ചു. സ്കൂളിന് സുന്ദരമായ ഒരു പ്ളേ ഗ്രൌണ്ടും കിണറും സിയാറോ അച്ചന്റെ ഭരണകാലത്ത് നിര്‍മ്മിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ കാലത്ത് നടന്ന ഇന്നാട്ടിലെ ഏറ്റവും വലിയ സംഭവമായിരുന്നു 1947 ആഗസ്റ് 15-ാം തീയതിയിലെ ഇന്ത്യന്‍ സ്വാതന്ത്യ്രദിനാഘോഷം. പേരിയ, തവിഞ്ഞാല്‍, തലപ്പുഴ, ചിറക്കര, പോരൂര്‍, വാളാട്, തിണ്ടുമ്മേല്‍, കണിയാരം, കുഴിനിലം മുതലായ പ്രദേശങ്ങളിലെ ഭൂരിപക്ഷം ജനങ്ങളേയും സംഘടിപ്പിച്ചുകൊണ്ട് നടത്തിയ ആഘോഷ ചടങ്ങുകള്‍ വയനാട്ടിലെ മുഴുവന്‍ ജനങ്ങളേയും ആശ്ചര്യപ്പെടുത്തിയ ഒരു സംഭവമായിരുന്നു. അക്കാലത്തു തന്നെയാണ് കോഴിക്കോട് മെത്രാനായ റൈറ്റ് റവ. ഡോ. എ.എം. പത്രോണി. എസ്.ജെ. അവര്‍കള്‍ ആദ്യമായി ഈ പ്രദേശം സന്ദര്‍ശിച്ചതും അനുഗ്രഹാശീര്‍വാദങ്ങള്‍ നല്‍കിയതും.
1944 മുതല്‍ 52 വരെ ഒരു പൂര്‍ണ്ണ എലിമെന്ററി സ്കൂളായിരുന്ന ഈ സ്ഥാപനത്തിന്റെ മാനേജ്മെന്റ് പദം അലങ്കരിച്ചിരുന്ന അദ്ദേഹം മാനന്തവാടിക്ക് സ്ഥലം മാറിപ്പോയതിനെത്തുടര്‍ന്ന് റവ: ഫാദര്‍ ഇ. ബ്രിഗാന്‍സാ അവര്‍കള്‍ പുതിയ മാനേജരായി സ്ഥാനമേറ്റെടുത്തു. ഈ സ്ഥാപനത്തെ ഒരു അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. 1953-ല്‍ ആ ലക്ഷ്യം പ്രാപ്തമായി. തവിഞ്ഞാല്‍ സെന്റ് തോമസ് എല്‍.പി. സ്കൂള്‍ അങ്ങനെ ഒരു യു.പി. സ്കൂളായി.
1944 ഏപ്രില്‍ 1-ന് രണ്ട് അദ്ധ്യാപകരും മൂന്ന് ക്ളാസ്സുകളും 58 വിദ്യാര്‍ത്ഥികളുമായി കേവലം ഒരു ഷെഡ്ഡില്‍ ആരംഭിച്ച ഈ വിദ്യാലയം 9-3-1969-ല്‍ അതിന്റെ സില്‍വര്‍ ജൂബിലി കൊണ്ടാടുന്ന സമയത്ത് 19 സ്റാഫംഗങ്ങളും 485 വിദ്യാര്‍ത്ഥികളും ഉള്ള ഒരു അപ്പര്‍ പ്രൈമറി സ്കൂളായി മാറിയിരുന്നു.
1954-ല്‍ ജോണ്‍ മാസ്റര്‍ വിവാഹിതനായി. തൊടങ്ങനാട് സെന്റ് തോമസ് സ്കൂള്‍ അദ്ധ്യാപകനായിരുന്ന ദേവസ്യ കൈതോലി മാസ്ററുടെയും ഏലിയാമ്മയുടെയും മകളായ ടി.ഡി റോസമ്മയാണ് (പെണ്ണമ്മ ടീച്ചര്‍) മാസ്ററുടെ ഭാര്യ. അഗസ്റിന്‍, മൈക്കിള്‍, മാത്യു എന്നിവരാണ് പെണ്ണമ്മ ടീച്ചറുടെ സഹോദരങ്ങള്‍. തൊടങ്ങനാട് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് മലബാറിലേക്ക് താമസം മാറ്റിയ പെണ്ണമ്മ ടീച്ചര്‍ കോളയാട് സ്കൂളില്‍ 5-ാം തരത്തില്‍ പഠിച്ചു. പിന്നീട് ഇ.എസ്.എല്‍.സി. വരെ കോഴിക്കോട് സെന്റ്. ആഞ്ചലാസിലായിരുന്നു. കോഴിക്കോട് പുതിയാറ സെന്റ് വിന്‍സന്‍സില്‍ നിന്നും 1950-52-ല്‍ റ്റി.റ്റി.സി. കഴിഞ്ഞ് കോളയാട്ട് അദ്ധ്യാപികയായി. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ടീച്ചറും തല്‍പ്പരയായിരുന്നു. മഹിളാസമാജം, തയ്യല്‍ ക്ളാസ്സ് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്ക് തവിഞ്ഞാലില്‍ തുടക്കമിട്ടത് ടീച്ചറാണ്. മേരി (മംഗലാപുരം എന്‍ജിനീയറിങ് കോളേജ്), ജോസ് (ബാംഗ്ളൂര്‍), ജോണി (മാനന്തവാടി, ബിസിനസ്സ്), ലിസ്സി (ബാംഗ്ളൂര്‍) എന്നിവര്‍ മക്കളാണ്.
1977-ല്‍ ജോണ്‍ മാസ്റര്‍ തവിഞ്ഞാല്‍ സ്കൂളില്‍ നിന്നും വിരമിച്ചു. ഒരിക്കലും വെറുതെയിരിക്കാനിഷ്ടപ്പെടാത്ത അദ്ദേഹം മാനന്തവാടി പട്ടണത്തില്‍ ഇനെക്സ് ഏജന്‍സീസ് എന്ന ഒരു സ്ഥാപനം പേരില്‍ തുടങ്ങി. ടൈപ്പിങ് ജോലികള്‍ തുടങ്ങിയ ഓഫീസ് സംബന്ധമായ പ്രവര്‍ത്തനങ്ങളിലേക്കു തിരിഞ്ഞു. ടൈപ് റൈറ്റിങ് ഇന്‍സ്റിറ്റ്യൂട്ടും കരിയര്‍ ഗൈഡന്‍സ് ക്ളാസ്സുകളും സംഘടിപ്പിച്ചു. അന്നുവരെ സര്‍ട്ടിഫിക്കറ്റുകളും രേഖകളും ടൈപ്പു ചെയ്ത് പകര്‍പ്പുകളാക്കിയിരുന്ന സമയത്ത് മംഗലാപുരത്തു വെച്ച് മരുമകന്റെ സുഹൃത്ത് നടത്തുന്ന ഫോട്ടോസ്റാറ്റ് സ്ഥാപനം സന്ദര്‍ശിക്കുവാന്‍ ഇടയായി. സര്‍ട്ടിഫിക്കറ്റുകളും രേഖകളും അതേപോലെ ഫോട്ടോയാക്കി എടുക്കുന്ന രീതി ആദ്യമായി കാണുകയായിരുന്നു. തിരിച്ചു നാട്ടിലെത്തിയ അദ്ദേഹം ബാങ്ക് ലോണെടുത്ത് ഒരു ഫോട്ടോസ്റാറ്റ് മിഷ്യന്‍ വാങ്ങി. മകനെ മംഗലാപുരത്തയച്ച് ആ മിഷ്യന്റെ പ്രവര്‍ത്തനം പഠിപ്പിച്ചു. അങ്ങനെ 4-7-1981-ല്‍ വയനാട്ടില്‍ ആദ്യത്തെ ഫോട്ടോസ്റാറ്റ് മിഷ്യന്‍ ജോണ്‍ മാസ്ററുടെ സ്ഥാപനത്തില്‍ എത്തി.
പൊതുപ്രവര്‍ത്തനങ്ങളിലും അദ്ദേഹം ശ്രദ്ധ വച്ചിരുന്നു. മാനന്തവാടി വൈ.എം.സി.എ.യുടെ ആദ്യ വൈസ് പ്രസിഡണ്ടും വൈസ്മെന്‍സ് ക്ളബ്ബ് ഭാരവാഹി, സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ഭാരവാഹി തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. പെണ്ണമ്മ ടീച്ചര്‍ 1987 മാര്‍ച്ചില്‍ സ്കൂളില്‍ നിന്നു വിരമിച്ചു. 2001-ല്‍ ഹൃദയാഘമുണ്ടായതിനെത്തുടര്‍ന്ന് ജോണ്‍ മാസ്റര്‍ ബിസിനസ്സില്‍ നിന്നും വിശ്രമ ജീവിതത്തിലേക്കു തിരിഞ്ഞു. ഒരു ദിവസം യാദൃച്ഛികമായി പയ്യമ്പള്ളി ഹൈസ്കൂളില്‍ നിന്നും ജോണ്‍ മാസ്റര്‍ക്ക് ഒരു ഉദ്ഘാടന കര്‍മ്മത്തിന് ക്ഷണം കിട്ടി. സംസാരിക്കാനും യാത്ര ചെയ്യാനും ബുദ്ധിമുണ്ടായിരുന്നുവെങ്കിലും കുട്ടികളുടെയും അദ്ധ്യാപകരുടെയും സ്നേഹപൂര്‍വ്വമായ ആ ക്ഷണം ജോണ്‍ മാസ്റര്‍ നിരസിച്ചില്ല. രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. കൊച്ചറക്കല്‍ പള്ളി വികാരി ഫാ. ജോസഫ് തേരകം തുടങ്ങിയ വിശിഷ്ട വ്യക്തികളുടെ സമക്ഷത്തില്‍ കുട്ടികളുടെ യുവജനോത്സവത്തിന് ജോണ്‍ മാസ്റര്‍ തിരി കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ജീവിതത്തിലെ അത്യന്തം സന്തോഷകരമായ ഒരു നിമിഷമായിരുന്നു അത്. വിദ്യാഭ്യാസത്തിനായി പയ്യമ്പള്ളിയില്‍ താന്‍ പാകിയ വിത്ത് പടര്‍ന്ന് പന്തലിച്ച് ഒരു വന്‍വൃക്ഷമായി മാറിയിരിക്കുന്ന കാഴ്ച അദ്ദേഹത്തെ വളരെയധികം സന്തുഷ്ടനാക്കി. തൊട്ടടുത്ത വെള്ളിയാഴ്ച വെളുപ്പിന് (2002 ഒക്ടോബര്‍ 4-ാം തീയതി) അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു

              
Back

  Date updated : 4/12/2010