Eldo Poovathingal

Eldo Poovathingal

Any

Reading

Problem

Business

Kolagapara P.O.

Avayal, Meenangadi - 673591

Wayanad, Ph: 04936247683 Mob: 9946924917, 9946914817

.

Back

.

വയനാടിനെ വാഴനാടാക്കുന്ന ശ്രീ. എല്‍ദോ പൂവത്തിങ്കല്‍

ഒരു പന്ത്രണ്ടാം ക്ളാസ്സുകാരന്‍ എട്ടു സര്‍വകലാശാലകളില്‍ റിസോഴ്സ് പേഴ്സണ്‍ ആവുക എന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. വാഴനാര് എന്ന് കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും അതിന്റെ ഔന്നത്യം ആഗോളതലത്തില്‍ എത്തിക്കുകയാണ് മീനങ്ങാടി സ്വദേശിയായ ശ്രീ. പൂവത്തിങ്കല്‍ എല്‍ദോ. വാഴനാരിനെ വില കുറച്ചുകാണുന്നവര്‍ ഇതാ ഈ സംഭവം കേട്ടോളൂ. 2005-ല്‍ കോഴിക്കോട്ട് സംഘടിപ്പിച്ച രാജ്യാന്തര ടൂറിസം വാരാഘോഷത്തില്‍ വാഴനാരുകൊണ്ടുണ്ടാക്കിയ ഒരു ബ്രീഫ് കേയ്സ് വിറ്റുപോയത് ഒന്നരലക്ഷം രൂപയ്ക്കാണ്. സിംഗപ്പൂര്‍കാരനായ ഒരു വ്യവസായി വാങ്ങിയ ആ പ്ളാന്‍ന്റെയിന്‍ ഫൈബര്‍ ത്രെഡ് സ്യൂട്ട് കേസ് ശ്രീ. എല്‍ദോയുടെയും സഹപ്രവര്‍ത്തകരുടെയും നേട്ടമാണന്ന് എത്ര കേരളീയര്‍ അറിഞ്ഞു.
എട്ടുപത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ്, വെറുമൊരു ടാറിങ് തൊഴിലാളിയായിരുന്ന ശ്രീ. എല്‍ദോ വാഴനാരിനെ ലോകത്തിന്റെ വാഴുന്നോരായി മാറ്റിയത് തികച്ചും യാദൃച്ഛികമായിട്ടാണ്. പല വലിയ കണ്ടുപിടുത്തങ്ങളും ആകസ്മികമായി സംഭവിച്ചതുപോലെയാണിതും. ഇന്ന് മൂവായിരത്തോളം പേരാണ് വാഴനാരിന്റെ കരുത്തില്‍, ശ്രീ. എല്‍ദോയുടെ കീഴില്‍ ജീവിതം കരുപിടിപ്പിക്കുന്നത്.
ദോഹ ഏഷ്യന്‍ ഗെയിംസില്‍ അയ്യായിരത്തിലധികം കാണികള്‍ വെയിലിന്റെ ശക്തിയെ പരാജയപ്പെടുത്തിയത് ശ്രീ. എല്‍ദോ തുടക്കമിട്ട വയനാട് ഇക്കൊസെന്ററിന്റെ കീഴില്‍ തയ്യാറാക്കിയെടുത്ത വാഴനാര് തൊപ്പികളാണ്. കേരളത്തിലെ എല്ലാ ജില്ലകളിലേയും കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന വാഴനാരില്‍ തീര്‍ത്ത ബാഗ്, ചവിട്ടി, പഴ്സ്, കീചെയിന്‍ എന്നിവകള്‍ ദോഹ, സൌദി അറേബ്യ, ഇംഗ്ളണ്ട്, സ്പെയിന്‍ എന്നീ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
ഇവിടംകൊണ്ടും തീരുന്നില്ല എല്‍ദോയുടെ കരവിരുതിന്റെ പുണ്യം. കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ കീഴില്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ നിരവധി രോഗികള്‍ക്ക് വാഴനാരുകൊണ്ട് കരകൌശലവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ പരിശീലനം നല്കുന്നു. രോഗികള്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ വിറ്റുകിട്ടുന്ന പണം അവരുടെതന്നെ ചെലവിനായി ഉപയോഗിക്കുന്നു.
മലപ്പുറം ജില്ലയിലെ എടവണ്ണയിലുള്ള തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ നിരവധി പേര്‍ക്കാണ് ഇതുകൊണ്ട് ആശ്വാസം ലഭിക്കുന്നത്. എടവണ്ണയിലെ സ്നേഹതീരം കൂടാതെ അരീക്കോട്, നിലമ്പൂര്‍, വണ്ടൂര്‍, എടക്കര തുടങ്ങിയ നിരവധി സ്ഥലങ്ങളിലെ രോഗികളും പരിശീലനം നേടുന്നവരിലുണ്ട്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര ടെക്സ്റയില്‍സ് വകുപ്പിന്റെ ആനുകൂല്യങ്ങളായ പെന്‍ഷന്‍, ഇന്‍ഷുറന്‍സ് സാമ്പത്തിക സഹായം എന്നിവ ലഭിക്കും. വയനാട് ഇക്കോസെന്റര്‍ ഡയറക്ടര്‍ എന്ന നിലയില്‍ പൂവത്തിങ്കല്‍ എല്‍ദോയ്ക്ക് അഭിമാനിക്കാന്‍ വേറെന്തു വേണം? ആദ്യമായി വാഴനാരിന്‍ ഭാരത സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് ടെക്റ്റൈസില്‍ രജിസ്ട്രേഷന്‍ ചെയ്തയാളാണ് ശ്രീ. എല്‍ദോ. വയനാട്ടില്‍ ആത്മഹത്യാ മുനമ്പിലെത്തി നില്‍ക്കുന്ന 500 കുടുംബങ്ങളെ എന്റെ വാഴനാര് ജീവിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് ശ്രീ. എല്‍ദോ പറയുന്നു. ഇപ്പോള്‍ പലരും ആഴ്ചയില്‍ 500 മുതല്‍ 1000 രൂപ വരുമാനമുണ്ടാക്കുന്നുണ്ട്.
വാഴനാരിനെ പൊന്നാക്കിയതിലൊതുങ്ങുന്നില്ല ശ്രീ. എല്‍ദോയുടെ കഴിവ്. സാമൂഹ്യ അനീതികള്‍ക്കെതിരെ പടവെട്ടാന്‍ തീരുമാനിച്ച ഈ ചെറുപ്പക്കാരന്‍ എ.ഐ.എസ്.എഫ്. എന്ന യുവജനസംഘടനയുടെ വയനാട് ജില്ലാ സെക്രട്ടറി, ജില്ലയിലെ വികലാംഗ സംഘടനയുടെ വൈസ് പ്രസിഡന്റ്, ബയോടെക് റിസര്‍ച്ച് ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എച്ച്.ഐ.വി. ബാധിച്ച മൂന്ന് കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമുള്ള എല്ലാ ചെലവുകളും ശ്രീ. എല്‍ദോ നല്‍കുന്നു. മുതിര്‍ന്നവരും കുട്ടികളും അടക്കം അനാഥരായ ഏഴുപേരെ ഇദ്ദേഹം സംരക്ഷിക്കുന്നു. ശ്രീ. എല്‍ദോയുടെ സംരംഭത്തിലൂടെ ചികിത്സ, ഭക്ഷണം എന്നിവ ലഭിക്കുന്നത് 2800-ഓളം പേര്‍ക്കാണ്.
ശ്രീ. പി.പി. വര്‍ക്കിയുടെയും ശ്രീമതി. മേരി വര്‍ക്കിയുടെയും മകനായ പൂവത്തിങ്കല്‍ എല്‍ദോയുടെ ഭാര്യ ശ്രീമതി ദിവ്യയാണ്. ഏക മകന്‍ ദ്വിഥുല്‍. സഹോദരി സിനി പി.വി.

              
Back

  Date updated : 1/10/2010