Adv. N S Prabhakaran Pillai

Adv. N S Prabhakaran Pillai

Any

Reading

Problem

Advocate

Nambramaseril

Market Road, Thiruvalla - 689 101

Pathanamthitta, Res: 0469 2630326, Mob: 9447401204

.

Back

.

അഡ്വ. എന്‍.എസ്. പ്രഭാകരന്‍പിള്ള ഭാര്യ ശ്രീമതി. പി. ലളിതാഭായിയോടൊപ്പം

അഡ്വ. എന്‍.എസ്. പ്രഭാകരന്‍പിള്ള പൊതുവേദിയില്‍

നിയമപാലകരുടെ ഗോഡ്ഫാദര്‍

നിയമപാലകരുടെ ഗോഡ് ഫാദര്‍-അഡ്വ. എന്‍.എസ്. പ്രഭാകരന്‍പിള്ളയ്ക്ക് അനുയോജ്യമായ വിശേഷണം ഇതാണ്. കോടതിവളപ്പിലെ പുല്‍നാമ്പുകളെപ്പോലും കുളിരണിയിച്ച ശക്തമായ വാഗ്വാദ ങ്ങളുടെ ഉറവിടം; നിയമപാലനം, സാമൂഹികസേവനം എന്നിവ ദിനചര്യയാക്കിയ അതുല്യമായ വ്യക്തിത്വം; ഇവയെല്ലാം ഒന്നുചേര്‍ന്നാല്‍ അഡ്വ. എന്‍.എസ്. പ്രഭാകരന്‍പിള്ള എന്ന വ്യക്തിയായി.
ബ്രിട്ടീഷ് സര്‍വ്വീസില്‍ ഡോക്ടറായിരുന്ന തിരുവല്ല, മണിമല കുടുംബാംഗം ഡോ. ടി.എം.എന്‍ പിള്ളയുടെയും തിരുവല്ല, നമ്പ്രമശ്ശേരില്‍ കുടുംബാംഗമായ ശ്രീമതി. എന്‍.കെ. ജാനകിയമ്മയുടെയും മകനായി 1933 ആഗസ്റ് 2-ാം തീയതി ഇദ്ദേഹം ജനിച്ചു.
പെരിങ്ങര മാര്‍ത്താണ്ഡവര്‍മ്മ ഹൈസ്കൂളില്‍നിന്നും അഡ്വ. പ്രഭാകരന്‍പിള്ള എസ്.എസ്.എല്‍.സി പാസ്സായി. തുടര്‍ന്ന്, തിരുവനന്തപുരം മഹാത്മാഗാന്ധി കോളജില്‍നിന്നും ഇന്റര്‍മീഡിയേറ്റും ചങ്ങനാശ്ശേരി എസ്.ബി. കോളജില്‍നിന്നും ബി.ഏയും തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്നും നിയമബിരുദവും പൂര്‍ത്തിയാക്കി.
നിയമബിരുദധാരിയായ അഡ്വ. എന്‍.എസ്. പ്രഭാകരന്‍പിള്ള, 1961-ല്‍ തിരുവല്ലയില്‍ സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചു. ക്രിമിനല്‍ കേസുകളും സിവില്‍ കേസുകളും ഒരുപോലെ കൈകാര്യം ചെയ്തുകൊണ്ട് പ്രൊഫഷന്‍ ആരംഭിച്ചെങ്കിലും പിന്നീട് ഇദ്ദേഹം സിവില്‍ കേസുകളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു. സിവില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അഗ്രഗണ്യനായിമാറിയ അഡ്വ. എന്‍.എസ്. പ്രഭാകരന്‍പിള്ളയുടെ കീഴില്‍ ഇന്ന് ഇളയമകന്‍ അഡ്വ. ഹരികൃഷ്ണന്‍ ഉള്‍പ്പെടെ മൂന്ന് ജൂനിയര്‍ അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു. മറ്റ് വക്കീലന്മാരില്‍നിന്നും വ്യത്യസ്തമായി, ജൂനിയര്‍ അഡ്വക്കേറ്റ്സിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുവാനും കോടതിയില്‍ പ്രാഗത്ഭ്യം തെളിയിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാനും ഇദ്ദേഹം പ്രത്യേകം ശ്രദ്ധവയ്ക്കുന്നു.
നിയമരംഗത്തെന്നപോലെ പൊതുരംഗത്തും അഡ്വ. എന്‍.എസ്. പ്രഭാകരന്‍പിള്ള തന്റെ പ്രാവീണ്യം പ്രകടമാക്കി. നായര്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍.ഡി.പി)യുടെ തിരുവല്ലാ നിയോജകമണ്ഡലം പ്രസിഡണ്ടായിരുന്നപ്പോള്‍ത്തന്നെ യു.ഡി.എഫിന്റെ ലെയ്സണ്‍ കമ്മറ്റി പ്രസിഡണ്ട് സ്ഥാനവും വഹിച്ചു. തിരുവല്ലാ കാര്‍ഷിക സഹകരണബാങ്കിന്റെ പ്രസിഡണ്ടായി 9 കൊല്ലം തുടര്‍ച്ചയായി സേവനമനുഷ്ഠിച്ചു. പെരിങ്ങര മാര്‍ത്താണ്ഡവര്‍മ്മ ഹൈസ്കൂളിന്റെ റീസീവര്‍ മാനേജര്‍, തലവടി അനപ്രമ്പാല്‍ ധര്‍മ്മശാസ്താക്ഷേത്രത്തിന്റെയും സ്കൂളിന്റെയും റീസീവറായി 3 കൊല്ലം, തിരുവല്ലാ ജൂനിയര്‍ ചേംബറിന്റെ സ്ഥാപകപ്രസിഡന്റ്, തിരുവല്ലാ ശ്രീവല്ലഭക്ഷേത്രത്തില്‍ 1964-ല്‍ സംഘടിപ്പിച്ച കോടി അര്‍ച്ചനയുടെ പ്രസിഡണ്ട്, തിരുവല്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് തുടങ്ങിയ ഭാരവാഹിത്വങ്ങളെല്ലാം അഡ്വ. എന്‍.എസ്. പ്രഭാകരന്‍പിള്ളയുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമായിരുന്നു.
നിയമരംഗത്തെ പലരും ഇന്നും ഉപദേശങ്ങള്‍ സ്വീകരിക്കാനായി ഇദ്ദേഹത്തിന്റെ പക്കല്‍ എത്താറുണ്ട്. അഡ്വ. എന്‍.എസ്. പ്രഭാകരന്‍പിള്ള ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ടായി പ്രവര്‍ത്തിക്കുമ്പോഴാണ് 2003-ല്‍ കുടുംബകോടതിയും സബ്കോടതിയും തിരുവല്ലയില്‍ സ്ഥാപിതമാകുന്നത്. സാമുദായികരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു എന്‍.എസ്.എസ്സിന്റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം. മുന്‍ എം.എല്‍.എ അഡ്വ. മാമ്മന്‍ മത്തായി (അന്തരിച്ചു)യുടെ തിരുവല്ലാ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായുള്ള പ്രഖ്യാപനത്തിന്റെയും മറ്റും പിന്നിലെ ചരടുവലികള്‍ നടത്തിയത് അഡ്വ. എന്‍.എസ്. പ്രഭാകരന്‍പിള്ളയാണ്.
നിലവില്‍ ഇദ്ദേഹം വഹിക്കുന്ന സ്ഥാനമാനങ്ങള്‍ ശ്രദ്ധാര്‍ഹമാണ്. എന്‍.എസ്.എസ്സിന്റെ തിരുവല്ലാ താലൂക്ക് യൂണിയന്‍ പ്രസിഡണ്ടായി 6 വര്‍ഷം പിന്നിടുന്നു. ഒപ്പം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗമായും സേവനമനുഷ്ഠിക്കുന്നു. ആന്ധ്രാബാങ്ക്, തിരുവല്ലാ ഹൌസിങ് കോര്‍പ്പറേഷന്‍ സൊസൈറ്റി, സ്റേറ്റ് ബാങ്ക് ഓഫ് ഹൈദ്രാബാദ്, യൂണിയന്‍ ബാങ്ക്, എല്‍.ഐ.സി (തിരുവല്ലാശാഖ) എന്നീ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവാണ് ഇദ്ദേഹം ഇപ്പോള്‍.
ഓതറ പുത്തന്‍പുരയില്‍ ശ്രീ. രാമകൃഷ്ണപിള്ളയുടെ പുത്രി ശ്രീമതി. ലളിതാഭായി ബി.എസ്.സി, ബി.എഡ് ആണ് ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി. ശ്രീ. പി. മുരളീകൃഷ്ണന്‍ (എന്‍ജിനീയര്‍, കുവൈറ്റ്), ശ്രീമതി. പി. ഗീത (എം.എ, ബി.എഡ്ഡ്) അഡ്വ. പി. ഹരികൃഷ്ണന്‍ (അഡ്വക്കേറ്റ്, തിരുവല്ല) എന്നിവര്‍ മക്കളും ശ്രീമതി. വിജയശ്രീ(കൊല്ലം), ശ്രീ. ജി. ബാബുരാജ്(എഞ്ചിനീയര്‍, മസ്ക്കറ്റ്), ശ്രീമതി. അജിത(അദ്ധ്യാപിക, എന്‍.എസ്.എസ്.എച്ച്.എസ്.എസ്., പെരുന്ന) എന്നിവര്‍ മരുമക്കളുമാണ്. റിട്ട. പ്രൊഫ. ശിവരാമകൃഷ്ണന്‍നായര്‍, ശ്രീ. വാസുദേവന്‍പിള്ള, ശ്രീമതി. ശാന്ത, ശ്രീമതി. ശാരദാഭായി, ശ്രീമതി. രാധാഭായി, പരേതരായ ശ്രീമതി. സാവിത്രിഭായി, ഡോ. എന്‍.എസ്. വേണുഗോപാല്‍ എന്നിവര്‍ സഹോദരങ്ങളുമാണ്.

              
Back

  Date updated : 3/9/2010