Fr. Jose Manippara

Fr. Jose Manippara

Any

Reading

Problem

Doctor

Mythri Bhavan

Edoor, Payam P.O.

Kannur, 0490-2450354, 9446295998

Nil

Back

NIL

പ്രകൃത്യുപാസന, ധ്യാനം, നാമജപം എന്നിവയിലൂടെ മനുഷ്യന് ആത്മീയമായ ഉണര്‍വും ഉന്മേഷവും ഉത്തേജനവും നല്കുക എന്ന ഉദ്ദേശ്യത്തോടെ കണ്ണൂരിലെ പൈതല്‍മലയില്‍ 1988 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സച്ചിദാനന്ദ ആശ്രമത്തിന്റെ സ്ഥാപകനാണ് ഫാ. ജോസ് മണിപ്പാറ. പൈതല്‍മലയില്‍ ദാനമായി ലഭിച്ച 8 ഏക്കര്‍ 63 സെന്റ് സ്ഥലത്താണ് സച്ചിദാനന്ദാശ്രമം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍നിന്ന് നാലായിരത്തിയഞ്ഞൂറ് അടി ഉയരെ കുടക് നിത്യഹരിതവനത്തോട് ചേര്‍ന്നുള്ള സഹ്യസാനുവില്‍ ശാന്തിയും സമാധാനവും കളിയാടുന്ന ആശ്രമം നിലകൊള്ളുന്നു. ജാതിമതഭേദമെന്യേ ഏതൊരാള്‍ക്കും ഇവിടെ പ്രവേശനമുണ്ട്. മുന്‍കൂട്ടി അറിയിച്ചതിനുശേഷം ആശ്രമത്തിലെത്തി ധ്യാനം, പ്രാര്‍ത്ഥന, നാമജപം എന്നിവയില്‍ പങ്കെടുക്കുവാന്‍ കഴിയും.
കര്‍ഷകനായ മാരംകുഴയ്ക്കല്‍ ജോസഫിന്റെയും അന്ന ജോസഫിന്റെയും പുത്രനായി 1952-ലാണ് കോട്ടയം ജില്ലയില്‍ കുറവിലങ്ങാട്ട് ഡോ. ഫാദര്‍ ജോസ് മണിപ്പാറ ജനിച്ചത്. പത്താംതരംവരെ കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂളിലാണ് പഠിച്ചത്. പിന്നീട്, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളജില്‍നിന്ന് പ്രീഡിഗ്രിയും പ്രൈവറ്റായി ബിരുദം, ബിരുദാനന്തരബിരുദം എന്നിവയും നേടി. കരിമ്പാലന്മാരുടെ നാടോടിസംസ്കാരം എന്നവിഷയത്തില്‍ പ്രബന്ധമവതരിപ്പിക്കുകയും കാലിക്കട്ട് യൂണിവേഴ്സിറ്റിയില്‍നിന്ന് ഇദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിക്കുകയും ചെയ്തു. കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ കണ്ണൂര്‍ ട്രെയിനിംഗ് കോളജില്‍നിന്ന് ബി.എഡ്ഡും പാസ്സായിട്ടുണ്ട്. കോട്ടയം വടവാതൂരിലെ പൌരസ്ത്യവിദ്യാപീഠത്തില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ബി.ടി.എച്ച്. (ഓണേഴ്സ്) നേടി. വടവാതൂരിലെ തന്നെ സെന്റ്തോമസ് അപ്പസ്തോലിക് സെമിനാരിയില്‍നിന്ന് 3 വര്‍ഷം ഫിലോസഫിയും 4 വര്‍ഷം തിയോളജിയും പഠിച്ചിട്ടുണ്ട്.
പുരോഹിതനെന്നനിലയില്‍ ഫാ.ജോസ് മണിപ്പാറയുടെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി സെന്റ് സെബാസ്റ്യന്‍സ് പള്ളിയിലെ അസിസ്റന്റ് വികാരിയായാണ്. 1980-90 കാലഘട്ടങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ പൊട്ടന്‍പ്ളാവ് സെന്റ് ജോസഫ്സ് പള്ളിയില്‍ പുരോഹിതനായിരുന്നു. തുടര്‍ന്ന്, കണ്ണൂരിലെതന്നെ സെന്റ് സെബാസ്റ്യന്‍സ് ചര്‍ച്ച്, ദീപഗിരി സെന്റ് തോമസ് ചര്‍ച്ച് എന്നിവിടങ്ങളിലും ഫാ. ജോസ് മണിപ്പാറ സേവനമനുഷ്ഠിച്ചു.
ദൈവവഴിയില്‍ സഞ്ചരിക്കുന്ന മാതൃകാ പുരോഹിതന്‍ എന്നതിലുപരി ഒരുസാഹിത്യകാരന്‍കൂടിയാണ് ഡോ. ഫാദര്‍ ജോസ് മണിപ്പാറ. നിരവധി ആനുകാലികങ്ങളില്‍ ഇദ്ദേഹത്തിന്റെ കഥ, കവിത, നോവല്‍, ലേഖനങ്ങള്‍ തുടങ്ങിയ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചേരിയിലെ നീരുറവ (ജീവചരിത്രം), രക്തപുഷ്പം (ജീവചരിത്രം), അസ്ഥിപുഷ്പം (ബാലനോവല്‍), ദുഃഖവെള്ളിയാഴ്ച (കവിതാസമാഹാരം), സുഭാഷിതങ്ങള്‍ (ജ്ഞാനസാഹിത്യം), സ്റെല്ലേ ആ പള്ളിപണി കഴിഞ്ഞോ? (നോവല്‍), അലക്സ് എന്ന പെണ്‍കുട്ടി (കഥകള്‍) തുടങ്ങി ഫാ. ജോസ് മണിപ്പാറയുടെ നിരവധി കൃതികള്‍ സഹൃദയശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
സാമൂഹിക-സാമുദായിക-സാംസ്കാരികരംഗങ്ങളിലും ഫലപ്രദമായ ഇടപെടലുകള്‍ നടത്തുന്ന വ്യക്തിയാണ് ഫാ. ജോസ് മണിപ്പാറ. പൊട്ടന്‍പ്ളാവ് ക്ഷീരോല്‍പാദകസഹകരണസംഘം, കരയത്തുംചാല്‍ ക്ഷീരോല്‍പാദകസഹകരണസംഘം എന്നിവയുടെ സ്ഥാപകപ്രസിഡന്റായിരുന്നു ഇദ്ദേഹം. 1988-ല്‍ സച്ചിദാനന്ദ പ്രകൃതി ക്ഷേത്രട്രസ്റ് എന്ന പേരില്‍ ഇദ്ദേഹം ഒരു സന്നദ്ധസംഘടനയ്ക്ക് രൂപം നല്കി. ഈ സംഘടനയുടെ കീഴില്‍ വിവിധോദ്ദേശ്യങ്ങളോടെ അഞ്ച് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
1. മൈത്രീഭവന്‍ വൃദ്ധസദനം, എടൂര്‍: ഇത് വൃദ്ധജനങ്ങള്‍ക്ക് സാന്ത്വനമേകാനായി സ്ഥാപിച്ചതാണ്. അഗതികളായ മുതിര്‍ന്നപൌരന്മാര്‍ക്ക് ഇവിടെ അഭയം നല്കി ഭക്ഷണം, വസ്ത്രം, ചികിത്സ, സ്നേഹപരിചരണം എന്നിവ നല്കുന്നു. സ്ത്രീകള്‍ക്കുമാത്രമായി ഒരു ശാഖ പെരുമ്പുന്നയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
2. ചക്കരക്കുട്ടന്‍ ബാലസദന്‍, ഇരിട്ടി: ഇരിട്ടി കടത്തുംകടവ് എന്ന സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. അനാഥക്കുട്ടികള്‍ക്കും ദരിദ്രഭവനങ്ങളിലെ കുട്ടികള്‍ക്കും ഇവിടെ പ്രവേശനം നല്കുന്നു. കുട്ടികള്‍ക്ക് സൌജന്യഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം എന്നിവ ഇവിടെനിന്ന് നല്കിവരുന്നുണ്ട്.
3. സച്ചിദാനന്ദ ഹോമിയോ ക്ളിനിക്ക്: ഗ്രാമങ്ങളില്‍ ഹോമിയോ ചികിത്സ പ്രചരിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം. സാധാരണ രോഗങ്ങള്‍ക്കുപുറമെ ഡങ്കിപ്പനി, എലിപ്പനി, വൈറല്‍പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ക്കും ഇവിടെ ഫലപ്രദമായ ചികിത്സയുണ്ട്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ഈ സ്ഥാപനത്തില്‍ ലഭ്യമാണ്. വിവിധ പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളും മറ്റും സംഘടിപ്പിച്ചുവരുന്നു.
4. സച്ചിദാനന്ദ ഫാമിലി കൌണ്‍സിലിംഗ് സെന്റര്‍: ഇത് സച്ചിദാനന്ദ പ്രകൃതിക്ഷേത്ര ട്രസ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. 1992-ലാണ് ഈ സ്ഥാപനമാരംഭിച്ചത്. കുടുംബപ്രശ്നങ്ങള്‍ക്ക് പോംവഴി നിര്‍ദ്ദേശിക്കുന്ന സ്ഥാപനമാണിത്. നിരവധി കുടുംബങ്ങളെ തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഈ സ്ഥാപനത്തിനുകഴിഞ്ഞു.
5. ശുഭം: എടൂര്‍ മൈത്രീഭവനോട് ചേര്‍ന്നാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ജീവിതസാഹചര്യങ്ങള്‍മൂലം മാതാപിതാക്കന്‍മാര്‍ മരണാസന്നരാകുമ്പോള്‍ മക്കള്‍ക്ക് അടുത്തുനിന്ന് അവരെ പരിചരിക്കാന്‍ കഴിയാതെപോകുന്നു. അത്തരം മാതാപിതാക്കന്മാരെ സ്വീകരിച്ച് നന്മരണത്തിന് അവരെ ഒരുക്കുന്ന സ്ഥാപനമാണിത്.
മേല്പറഞ്ഞ സ്ഥാപനങ്ങളുടെയെല്ലാം സ്ഥാപകനും ആജീവനാന്ത പ്രസിഡന്റും ഡോ. ഫാദര്‍ ജോസ് മണിപ്പാറയാണ്.
കര്‍ഷകരുടെ ഉന്നമനത്തിനുവേണ്ടിയും ഈ പുരോഹിതന്‍ പ്രവര്‍ത്തിക്കുന്നു. 1991-ല്‍ ദേശീയ കര്‍ഷകരക്ഷാസമിതി, 1994-ല്‍ ദേശീയ കര്‍ഷക മഹിളാസംഘം എന്നീ സംഘടനകള്‍ ഇദ്ദേഹം രൂപീകരിച്ചു. തളിപ്പറമ്പ് രജിസ്ട്രേഷന്‍ ഓഫീസിലെ അഴിമതിക്കെതിരെ നടത്തിയ സമരത്തില്‍ അറസ്റുവരിക്കുകയും മര്‍ദ്ദനമേല്ക്കുകയും ചെയ്തിട്ടുണ്ട്. ഏഴുദിവസം കണ്ണൂര്‍ സബ്ജയിലില്‍ കിടന്നു. ഇതുകൂടാതെ, കര്‍ഷകരുടെ ഭൂമി അന്യായമായി ജപ്തിചെയ്ത നടപടിക്കെതിരെ തളിപ്പറമ്പ് കാര്‍ഷികവികസന ബാങ്കിന്റെ മുമ്പില്‍ ഉപരോധസമരം നടത്തിയതിന്റെ പേരില്‍ ഇദ്ദേഹത്തിന് മര്‍ദ്ദനമേല്ക്കേണ്ടിവരികയും പതിന്നാലുദിവസത്തോളം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയേണ്ടിവരികയും ചെയ്തു. ജാഥകള്‍, പദയാത്രകള്‍, ധര്‍ണ്ണകള്‍, ഉപരോധങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുവഹിച്ചുകൊണ്ട് ഈ വന്ദ്യപുരോഹിതന്‍ തന്റെ സാമൂഹികപ്രവര്‍ത്തനം സധൈര്യം തുടരുന്നു.
1994-ല്‍ കണ്ണൂരിലെ പയ്യാവൂര്‍ ഡിവിഷനില്‍നിന്ന് സ്വതന്ത്രനായി ജില്ലാപഞ്ചായത്തിലേയ്ക്ക് മത്സരിച്ച ഇദ്ദേഹം പരാജയപ്പെട്ടെങ്കിലും മുന്നണി ബന്ധങ്ങളെയും രാഷ്ട്രീയകുടിലതന്ത്രങ്ങളെയും മറികടന്ന് പതിമൂവായിരത്തിലധികം വോട്ട് നേടുകയുണ്ടായി. തളിപ്പറമ്പ് ടാഗോര്‍ പാരലല്‍ കോളജിന്റെ പ്രിന്‍സിപ്പലായി ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പൊതുജീവിതത്തിലെ തിരക്കുമൂലം ഇദ്ദേഹത്തിന് അദ്ധ്യാപകവൃത്തിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ദേശീയ കര്‍ഷകരക്ഷാസമിതി ചെയര്‍മാന്‍, ഫാര്‍മേഴ്സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ രക്ഷാധികാരി എന്നീനിലകളിലും ഫാ. ജോസ് മണിപ്പാറ പ്രവര്‍ ത്തിക്കുന്നു.
ദരിദ്രരുടെ ഉന്നമനത്തിനുവേണ്ടിയുള്ള പോരാട്ടമാണ് യഥാര്‍ത്ഥ ക്രിസ്തീയത എന്നുപറയുന്ന ഇദ്ദേഹത്തെ യേശുക്രിസ്തുവിന്റെ ജീവിതമാതൃകയാണ് ഏറെ ആകര്‍ഷിച്ചിരിക്കുന്നത്. വിപണികളില്‍ മതത്തെയും ആത്മീയതയേയും വില്പനച്ചരക്കാക്കിക്കൊണ്ട് നമ്മുടെ ആത്മീയരംഗം ഉപഭോഗസംസ്കാരത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ നീതിക്കുവേണ്ടി പോരാടുകയും മര്‍ദ്ദിതര്‍ക്കൊപ്പം നില്ക്കുകയും ചെയ്യുന്ന ഡോ.ഫാദര്‍ ജോസ് മണിപ്പാറ തികച്ചും വ്യത്യസ്തനായ പുരോഹിതനായി മാറുന്നു.

              
Back

  Date updated :