K. N. Krishna Varier

K. N. Krishna Varier

Any

Reading

Problem

Teacher

Indusadan

Anchukunnu P.O., - 670645

Other, 04935-227793

Nil

Back

Nil

കെ. എന്‍. കൃഷ്ണവാര്യരുടെ ഭാര്യ ഇന്ദിര

കെ.എന്‍.കെ. മാസ്ററര്‍ കടമ്മനിട്ടയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കുന്നു

ബഹുമുഖപ്രതിഭയായ അദ്ധ്യാപക ശ്രേഷ്ഠന്‍

മൂന്ന് ദശാബ്ദത്തിലേറെക്കാലം അദ്ധ്യാപനരംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ കാഴ്ചവെച്ചും അക്ഷരാര്‍ത്ഥത്തില്‍തന്നെ നിസ്വാര്‍ത്ഥമായ പൊതുജനസേവനത്തിന്റെ ഉത്തമ മാതൃക കാട്ടിയും സവിശേഷ ശ്രദ്ധയാകര്‍ഷിച്ച വ്യക്തിയാണ് കെ.എന്‍.കെ. മാസ്റര്‍ എന്നറിയപ്പെടുന്ന ശ്രീ കെ.എന്‍. കൃഷ്ണവാര്യര്‍. അദ്ധ്യാപക ശ്രേഷ്ഠന്‍, കലാസാംസ്കാരിക സാമൂഹ്യപ്രവര്‍ത്തകന്‍, സംഘാടകന്‍, രാഷ്ട്രീയനേതാവ്, സാമുദായിക പരിഷ്കര്‍ത്താവ് എന്നീ നിലകളില്‍ ഏവരുടേയും ആദരവും അഭിനന്ദനവും നേടിയെടുത്ത അദ്ദേഹം 1937 ജൂലൈ 1-ന് കോഴിക്കോട് ജില്ലയില്‍ കോക്കാട് നടുവില്‍ വീട്ടില്‍ ശങ്കരവാര്യരുടെയും ലക്ഷ്മീവാരസ്യാരുടെയും മകനായി ജനിച്ചു. വിദ്യാഭ്യാസത്തിന് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുവാനോ, പഠിക്കുവാന്‍ സമീപത്ത് സ്കൂളുകളോ ഇല്ലാതിരുന്ന അക്കാലത്ത് ഏറെ ബുദ്ധിമുട്ടിയും കഷ്ടപ്പെട്ടും വീട്ടില്‍നിന്ന് പന്ത്രണ്ട് കിലോമീറ്റര്‍ അകലെയുള്ള സ്കൂളില്‍, സഞ്ചാരസൌകര്യം ഏറെ ഇല്ലാത്ത വിജനമായ വഴികളിലൂടെ നടന്ന് പോയി പഠിച്ചു. പഠിക്കുവാനുള്ള അദമ്യമായ അഭിവാഞ്ഛ മാത്രമായിരുന്നു അതിനു പ്രേരകമായത്. കഴിവും ആത്മാര്‍ത്ഥതയും സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവുംകൊണ്ട് ജീവിതസമരങ്ങളോടു മല്ലടിച്ച് ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറി സമൂഹത്തിന് ഉത്തമ മാതൃകയായി ഉത്തുംഗമേഖലകളില്‍ വിഹരിച്ച കര്‍മ്മയോഗിയാണ് കെ.എന്‍.കെ. മാസ്റര്‍.
1956-ല്‍ എസ്.എസ്.എല്‍.സി. പാസ്സായി. ആ വര്‍ഷം തന്നെ ക്രാഫ്ട് അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 1990-ല്‍ ഹെഡ്മാസ്റര്‍ പദവിയിലിരുന്നാണ് സര്‍വ്വീസില്‍നിന്നും വിരമിക്കുന്നത്. ടി.ടി.സി. പരീക്ഷ വിജയിച്ച അദ്ദേഹം എത്രയോ കുരുന്നുകള്‍ക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്നു നല്‍കി! മധുരിക്കുന്ന ആ ഓര്‍മ്മകളുടെ ചെപ്പ് തുറക്കുമ്പോള്‍ തന്റെ ഭാര്യ പഠിപ്പിച്ചിരുന്ന പനമരം ഗവണ്‍മെന്റ് ഹൈസ്കൂള്‍, പേര്യ ഗവണ്‍മെന്റ് യു.പി.സ്കൂള്‍, വാരാമ്പറ്റ ഗവണ്‍മെന്റ് യു.പി.സ്കൂള്‍, അഞ്ചുകുന്ന് ഗവണ്‍മെന്റ് യു.പി.സ്കൂള്‍ എന്നീ കലാലയങ്ങളേയും അവിടെ അറിവിന്റെ നിധികുംഭം തേടാനെത്തിയ ബാല്യങ്ങളേയും സ്മരിക്കുന്നു. അവര്‍ക്ക് മാതൃകാപരമായ ശിക്ഷണം നല്‍കുവാനും, പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മുന്‍പന്തിയിലെത്തിക്കുവാനും നടത്തിയിട്ടുള്ള ശ്രമങ്ങളും അദ്ദേഹത്തിന്റെ സ്മരണകളെ ദീപ്തമാക്കുന്നു. വിദ്യാര്‍ത്ഥികളുടെ ധൈഷിണികവും, കലാ-കായികവുമായ കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ശാസ്ത്രമേളകളിലും കലാകായിക മത്സരങ്ങളിലും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നതിലും ട്രോഫികള്‍ നേടിയെടുക്കുവാന്‍ പ്രാപ്തരാക്കുന്നതിലും അദ്ദേഹം മുഖ്യ പങ്കുവഹിച്ചിരുന്നു. കലോത്സവങ്ങളിലും മറ്റും കുട്ടികളെ പങ്കെടുപ്പിക്കുന്നതില്‍ മാത്രമല്ല, കലോത്സവ ദിവസങ്ങളില്‍ കുട്ടികള്‍ക്ക് സൌജന്യമായി ഭക്ഷണം നല്‍കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സ്കൌട്ട്സ് ആന്റ് ഗൈഡ്സില്‍ വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതിനും അതിലൂടെ സേവനനിരതരായ ഉത്തമ പൌരന്‍മാരെ വാര്‍ത്തെടുക്കുന്നതിലും തന്റെ കഴിവുകളെ അദ്ദേഹം വിനിയോഗിച്ചിരുന്നു. സ്കൌട്ട്സ് ആന്റ് ഗൈഡ്സിന്റെ വിവിധ ക്യാമ്പുകളില്‍ സ്കൂളിനെ പ്രതിനിധീകരിച്ച് കുട്ടികളെ പങ്കെടുപ്പിക്കുവാനും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. അഞ്ചുകുന്ന് സ്കൂളില്‍ 1980 മുതല്‍ സ്കൌട്ട്സ് മാഷായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹത്തിന്റെ സേവനങ്ങളെ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. സ്കൌട്ട്സ് ആന്റ് ഗൈഡ്സിന്റെ ഓഫീസ് മാനന്തവാടിയില്‍ സ്ഥാപിക്കുവാനുള്ള ശ്രമങ്ങളും ഇദ്ദേഹം ചെയ്തിരുന്നു.
എഴുപത്തിരണ്ടിന്റെ തികവില്‍ നിന്നും ഓര്‍മ്മകളുടെ നിലയില്ലാക്കയങ്ങളിലേയ്ക്ക് ഊഴ്ന്നിറങ്ങി മാസ്റര്‍ തന്റെ ബാല്യ, കൌമാര, യൌവനത്തിലെ മുത്തുകളെ വാരിപ്പുണരുകയും വാര്‍ദ്ധക്യത്തിലേയ്ക്ക് എത്തിനോക്കുകയും ചെയ്യുന്നതിനുത്സുകനാകുന്നു. 1937 മുതല്‍ 1947 വരെയുള്ള ബാല്യകാലത്തിന്റെ ഓര്‍മ്മകള്‍ അദ്ദേഹത്തിന് ഒരിക്കലും സുഖകരമായിരുന്നില്ല. ബ്രിട്ടീഷ് ഭരണത്തിന്റെ സകല നരകയാതനകളും അനുഭവിച്ചിരുന്നു അക്കാലത്ത്. പട്ടിണിയും രോഗങ്ങളും നിറഞ്ഞുനിന്നിരുന്ന കാലം. പാര്‍പ്പിടസൌകര്യങ്ങളുടെ അപര്യാപ്തതയും ഭക്ഷ്യക്ഷാമവും ജനങ്ങള്‍ക്ക് താങ്ങാവുന്നതിലുമധികമായിരുന്നു. മലമ്പനി തുടങ്ങിയ രോഗങ്ങള്‍ക്കടിമപ്പെട്ട് ചികിത്സ ലഭിക്കാതെ മരണത്തിന്റെ പിടിയില്‍ അമര്‍ന്നു പോകുന്നവര്‍, ഗതാഗത സൌകര്യങ്ങള്‍ ഇല്ലാത്ത വനമേഖല, വെളിച്ചം ലഭിക്കാത്ത ഗ്രാമങ്ങള്‍. അങ്ങനെ സമസ്തമേഖലകളിലും ജനങ്ങള്‍ ബുദ്ധിമുട്ടിയിരുന്ന കാലം. വിദേശഭരണത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍. ഗാന്ധിജിയെക്കുറിച്ചും ഇതരനേതാക്കളെക്കുറിച്ചുമുള്ള വീരകഥകള്‍ ജനങ്ങള്‍ ആവേശത്തോടെ നെഞ്ചിലേറ്റി നടന്നു. അതോടൊപ്പംതന്നെ വിപ്ളവ നേതാക്കളുടെ ഒളിവുജീവിത സാഹസിക കഥകള്‍ സിരകളെ ത്രസിപ്പിക്കുകയും ചെയ്തിരുന്നു. അന്ധവിശ്വാസവും അനാചാരങ്ങളും സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരുന്നു. ജാതിമത വര്‍ണ്ണവര്‍ഗ്ഗ വിദ്വേഷങ്ങളും ജന്മിത്വവും ശാപഗ്രസ്തമാക്കിയ ജീവിതങ്ങള്‍! ആ ബാല്യം അദ്ദേഹത്തെ നൊമ്പരപ്പെടുത്തിയിരുന്നു. പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ക്കായി മിഴി നട്ടുനിന്ന ബാല്യം....
1947 മുതല്‍ 1956 വരെയുള്ള കാലഘട്ടത്തെയാണ് കൌമാരകാലമായി കെ.എന്‍.കെ. മാസ്റര്‍ കാണുന്നത്. സ്വാതന്ത്യ്രത്തിന്റെ ആഹ്ളാദത്തിലും ആവേശത്തിലും മുഴുകിയ കൌമാരകാലം. സ്വാതന്ത്യ്രപൂര്‍വ്വ ഇന്ത്യയില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് അതൊരു അനുഭവമായിരുന്നു. വിദ്യാഭ്യാസം നേടുന്നതിനായി സഹിച്ച യാതനകള്‍ അദ്ദേഹം സ്മരിക്കുന്നു. വീട്ടില്‍നിന്നും മാനന്തവാടിയിലുള്ള സ്കൂളിലേയ്ക്ക് ദിവസേന അങ്ങോട്ടുമിങ്ങോട്ടുമായി ഇരുപത്തിനാലു കിലോമീറ്റര്‍ കല്ലും ചെളിയും നിറഞ്ഞ പാതയിലൂടെയുള്ള നടത്തം കഠിനതരമായിരുന്നു. നദിയിലെ തെളിനീര് ദാഹവും ക്ഷീണവും അകറ്റിയിരുന്നു. സ്വാതന്ത്യ്രത്തിന്റെ അന്തരീക്ഷം, അടിമത്വത്തില്‍നിന്നുള്ള മോചനം നാടാകെ ആഘോഷങ്ങള്‍ നിറച്ചു. ഓണവും വിഷുവും പോലെയുള്ള വിശേഷങ്ങള്‍ മനസ്സിന്റെ മതിലകങ്ങളില്‍ മരതകപ്പച്ച ചാര്‍ത്തുന്ന അനുഭൂതികളായി നിറഞ്ഞുനിന്നു. ഹൈസ്കൂള്‍ പഠനം കഴിഞ്ഞു. എസ്.എസ്.എല്‍.സി. വിജയിച്ചു. 1956-ല്‍ എയിഡഡ് സ്കൂളില്‍ ജോലിയില്‍ പ്രവേശിച്ചു. വിസ്മയം കൂറുന്ന മിഴികളോടെ ലോകത്തെ അത്ഭുതത്തോടെ തുറിച്ചു നോക്കി. പുതിയ പുതിയ കാഴ്ചകള്‍, അനുഭവങ്ങള്‍, സംഭവങ്ങള്‍. മാറ്റങ്ങളുടെ മലവെള്ളപ്പാച്ചില്‍ വിസ്മൃതമാകുന്ന പൂര്‍വ്വകാലം. 1956 നവംബര്‍ 1-ന്, മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിവയെ ഓര്‍മ്മകളില്‍ ഒളിപ്പിച്ചുകൊണ്ട് കേരള സംസ്ഥാനം പിറവി എടുത്തു.
1956 മുതല്‍ 1997 വരെയുള്ള കാലത്തെ യൌവനകാലമായി അദ്ദേഹം കരുതുന്നു. 1957-ലെ കമ്മ്യൂണിസ്റ് മന്ത്രിസഭ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ജനങ്ങള്‍ക്ക് പ്രതീക്ഷയേകിയെന്ന് കമ്മ്യൂണിസ്റ്കാരനായ അദ്ദേഹം പറയുന്നു. കേരളത്തിലെ ജന്മിത്വ വ്യവസ്ഥിതിക്ക് മാറ്റമുണ്ടാക്കുവാന്‍ പുതിയ മന്ത്രിസഭയ്ക്കു കഴിഞ്ഞു. വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്താന്‍ കഴിഞ്ഞ കമ്മ്യൂണിസ്റ് പ്രസ്ഥാനം, ആശയപ്രചരണങ്ങള്‍ക്കായി കലാ സാഹിത്യ സാംസ്കാരിക മാദ്ധ്യമങ്ങളെ പ്രയോജനപ്പെടുത്തി. നാടകസംഘങ്ങളും കവിതാക്കളരികളുമെല്ലാം ഇതിനു സഹായകമായി. കലാകാരന്‍മാരും കവികളുമെല്ലാം ഇപ്രകാരമുള്ള പുരോഗമനാശയ പ്രചരണത്തിനായി സംഘടിച്ചു. കേരളത്തിലങ്ങോളമിങ്ങോളം നാടകങ്ങള്‍ അരങ്ങേറി. കെ.പി.ഏ.സി. പോലുള്ള നാടകസംഘങ്ങള്‍, തോപ്പില്‍ഭാസിയെപ്പോലുള്ള രചയിതാക്കള്‍, ഗാനങ്ങള്‍, ഗായകസംഘങ്ങള്‍ ഇവയൊക്കെ മാറ്റത്തിന്റെ സന്ദേശം ജനങ്ങളിലേയ്ക്ക് എത്തിച്ചുകൊണ്ടിരുന്നു. ആ അവസരത്തില്‍ വിമോചന സമരപ്രസ്ഥാനം കമ്മ്യൂണിസ്റ് ഭരണത്തെ തകര്‍ക്കുവാനായി കച്ചകെട്ടിയിറങ്ങുകയും ഇരുപത്തൊന്‍പത് മാസം മാത്രം പ്രവര്‍ത്തിച്ച മന്ത്രിസഭയെ കേന്ദ്ര ഇടപെടല്‍മൂലം പുറത്താക്കുകയും ചെയ്തു എന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. എ.ഐ.വൈ.എഫ്.ലൂടെ സജീവ രാഷ്ട്രീയത്തിലെത്തപ്പെട്ട മാസ്റര്‍ പിന്നീട് സി.പി.ഐ.യിലൂടെ നേതൃസ്ഥാനത്ത് എത്തിച്ചേരുകയാണുണ്ടായത്. സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടേയും കഷ്ടത അനുഭവിക്കുന്നവരുടേയും നിരാശ്രയരുടെയും ആലംബഹീനരുടെയും ഉന്നമനത്തിനും ഉയര്‍ച്ചയ്ക്കുമായി സദാ കര്‍മ്മ നിരതനാകുവാനുള്ള ഒരു വലിയ മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു.
വയനാട്ടിലെ മാനന്തവാടി താലൂക്കില്‍ പനമരം പഞ്ചായത്തില്‍ അഞ്ചുകുന്ന് പ്രദേശത്തിന്റെ സാംസ്കാരികവും കലാപരവും സാമൂഹ്യവുമായ വികസനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഇദ്ദേഹം ജനങ്ങളുടെ സൌഹൃദം വര്‍ദ്ധിപ്പിക്കുന്നതിലും വിഭാഗീയചിന്തകള്‍ അവസാനിപ്പിക്കുന്നതിനും മതസൌഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളിലും സജീവ പങ്ക് വഹിച്ചു. ജീവിതത്തിന്റെ സമസ്തമേഖലകളിലേയും സമ്പൂര്‍ണ്ണമായ വികസനവും വളര്‍ച്ചയും ലക്ഷ്യമിട്ടിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചെന്നെത്താത്ത മേഖലകള്‍ ഉണ്ടായിരുന്നില്ല. ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ 1963 മുതല്‍ ഇന്നുവരെയും സി.പി.ഐ.യില്‍ ഉറച്ചു നിലകൊണ്ട വ്യക്തിയാണദ്ദേഹം. സി.പി.ഐ.യുടെ മാനന്തവാടി താലൂക്ക് സെക്രട്ടറി, വയനാട് ജില്ലാ അസിസ്റന്റ് സെക്രട്ടറി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം, കണ്ണൂര്‍ ജില്ലാ കൌണ്‍സില്‍ അംഗം, എ.ഐ.വൈ.എഫ്. താലൂക്ക് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം, മാനന്തവാടി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് മെമ്പര്‍, വയനാട് ജില്ലാ ആര്‍.റ്റി.എ. മെമ്പര്‍, അഞ്ചുകുന്ന് കോ-ഓപ്പറേറ്റീവ് സൊസ്സൈറ്റി മെമ്പര്‍, ക്ഷീര സൊസൈറ്റി മെമ്പര്‍, ജില്ലാ ഹോമിയോ ആശുപത്രി ഉപദേശക സമിതി മെമ്പര്‍, അഞ്ചുകുന്ന് ഗ്രാമീണ കലാസമിതി അംഗം എന്നീ നിലകളിലും സ്തുത്യര്‍ഹമായ സേവനങ്ങളാണ് കാഴ്ചവച്ചത്.
കിസാന്‍സഭ വയനാട് ജില്ലാസെക്രട്ടറി, മാനന്തവാടി താലൂക്ക് ഹൌസിംഗ് സൊസൈറ്റി സ്ഥാപകസെക്രട്ടറി, പാലുകുന്ന് സ്കൂള്‍ സ്ഥാപക കമ്മിറ്റി സെക്രട്ടറി, സീനിയര്‍ സിറ്റിസണ്‍ ഫോറം യൂണിറ്റ് പ്രസിഡന്റ്, സീനിയര്‍ സിറ്റിസണ്‍ ഫോറം പഞ്ചായത്ത് ചെയര്‍മാന്‍ എന്നീ നിലകളിലും അദ്ദേഹത്തിന്റെ സേവനങ്ങള്‍ മഹനീയമായിരുന്നു.
ഒരു നാടിന്റെയും ജനതയുടെയും മാറ്റത്തിന്റെ മാര്‍ഗ്ഗദീപമാവാന്‍ കഴിഞ്ഞ കെ.എന്‍.കെ. മാസ്ററുടെ ഭാര്യ ശ്രീമതി പി.വി. ഇന്ദിര, വിഷ്ണുനമ്പൂതിരിയുടെയും അമ്മുക്കുട്ടി വാരസ്യാരുടെയും മകളാണ്. കൃഷ്ണവാരിയര്‍-ഇന്ദിര ദമ്പതികള്‍ക്ക് മൂന്ന് ആണ്‍കുട്ടികള്‍ ജനിച്ചുവെങ്കിലും ഒരാള്‍ അകാലത്തില്‍ മരണപ്പെട്ട ദുഃഖം ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്നു അദ്ദേഹം. മറ്റു രണ്ടുപേര്‍ കെ.ഐ. ജയശങ്കര്‍, കെ.ഐ. സത്യന്‍ എന്നിവരാണ്. ജയശങ്കറിന്റെ ഭാര്യ ചിത്ര. മക്കള്‍ അരുണ്‍ ജയശങ്കര്‍, നീരിജാ ജയശങ്കര്‍ എന്നിവരാണ്. കെ.ഐ. സത്യന് ഒരു മകളാണുള്ളത് ഗായത്രി ലക്ഷ്മി. ഭാര്യ ജൈത്ര. പി.ആര്‍. കുമാരന്‍, പി.വി. രാമവാര്യര്‍, കെ.വി.കെ. മാസ്റര്‍, കെ.കെ. അണ്ണന്‍ (എക്സ്. എം.എല്‍.എ.) ടി.കെ. നാരായണന്‍ പാല്‍വെളിച്ചം, ശിവരാമന്‍ മേപ്പാടി, മംഗലശ്ശേരി മാധവന്‍മാസ്റര്‍, എന്‍.ജെ. ജോണ്‍, ഇ.കെ. മാധവന്‍, കുഞ്ഞികൃഷ്ണന്‍ തുടങ്ങിയ സുഹൃത്തുക്കളേയും രാഷ്ട്രീയ സഹപ്രവര്‍ത്തകരേയും കെ.എന്‍.കെ. മാസ്റര്‍ ഇപ്പോഴും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നുണ്ട്.
കെ.പി. കുഞ്ഞുരാമ നമ്പീശന്‍, വെള്ളമുണ്ട ചന്ദ്രന്‍മാസ്റര്‍, വി.കെ. ബാലന്‍മാസ്റര്‍, യു. നാരായണന്‍, കെ.കെ. മത്തായി, ഇ.പി. ഈശ്വരന്‍ എമ്പ്രാന്തിരി, ഗോവിന്ദക്കുറുപ്പ് എന്നീ സുഹൃത്തുക്കളും പി. ഈശ്വരന്‍ എമ്പ്രാന്തിരി, ഇ.പി. ശങ്കരന്‍ മാസ്റര്‍ എന്നീ ഗുരുനാഥന്മാരും അദ്ദേഹത്തിന്റെ സ്മരണയില്‍ സജീവമാണ്.
സ്മരണകളിരമ്പുന്ന ഭൂതകാലത്തില്‍നിന്നും വാര്‍ദ്ധക്യത്തിന്റെ മങ്ങിയ കാഴ്ചകളിലേയ്ക്ക് നടന്നു നീങ്ങുകയാണ് കെ.എന്‍.കെ. മാസ്റര്‍; മാറ്റത്തിന്റെ ശംഖൊലി വീണ്ടും മുഴക്കുവാന്‍.

              
Back

  Date updated :