Prof. P J Joseph

Prof. P J Joseph

Any

Reading

Problem

President

Toc H Institutions

Vytila, Kochi - 682 019

Ernakulam, Mob:9447177077, Off:04842304468, Res:04842608114

josephtoch@gmail.com, toch@md4.vsnl.net.in

Back

www.toch.org

ജെ സി ബോസ് ഗവേഷണ കേന്ദ്രത്തിന്റെ ഉല്‍ഘാടന ചടങ്ങില്‍ മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിനോടൊപ്പം പ്രൊഫ. പി ജെ ജോസഫ്

ഇംഗ്ളണ്ടിലെ സെന്റ് ലോറന്‍സ് പ്രൈമറി സ്കൂള്‍ ഹെഡ്മിസ്ട്രസ്സിനോടും വിദ്യാര്‍ത്ഥികളോടും ഒപ്പം പ്രൊഫ. പി ജെ ജോസഫ്

ബഹുമുഖ പ്രതിഭയും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രൊഫ. പി ജെ ജോസഫ്

അനുഭവങ്ങള്‍ നിറഞ്ഞ ജീവിതചഷകത്തിന്റെ അടിയോളം മോന്തുക, അറിവുതേടിയുള്ള യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുക - പ്രൊഫ. പി.ജെ ജോസഫിന്റെ പ്രവര്‍ത്തനശൈലിയില്‍ ചിലപ്പോഴൊക്കെ ഗ്രീക്ക് യോദ്ധാവായ യൂളീസസ്സിന്റെ ആദര്‍ശങ്ങളുടെ സ്വാധീനം ദര്‍ശിക്കാന്‍ കഴിയും. എന്നാല്‍, മാര്‍ഗ്ഗം ലക്ഷ്യത്തെ സാധൂകരിക്കും എന്ന ഗാന്ധിയന്‍ ചിന്താഗതിക്കാരനായ പ്രൊഫസര്‍ക്ക് യൂളീസസ്സിന്റെ ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്നമട്ടിലുള്ള ആദര്‍ശങ്ങളോട് പ്രതിപത്തിയൊന്നുമില്ല. ശാന്തപ്രകൃതിയായ പ്രൊഫ. ജോസഫെന്ന പെര്‍ഫെക്റ്റ് ജന്റില്‍മാന് ജീവിതം എന്നും സദ്കര്‍മ്മ ങ്ങളുടെ വേദിയാണ്.
ആദ്യാക്ഷരത്തിന്റെ വെളിച്ചം നിരക്ഷരഹൃദയങ്ങളിലേക്ക് വിതറിവീഴ്ത്തുന്ന സാക്ഷരതാപ്രവര്‍ത്തകന്‍; ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്നവരുടെ രക്ഷകന്‍; മിടുമിടുക്കരായ ആയിരക്കണക്കിന് ശിഷ്യന്മാര്‍ ഫിക്സഡ് ഡിപ്പോസിറ്റായുള്ള അദ്ധ്യാപകശ്രേഷ്ഠന്‍; അദ്ധ്യാപനത്തെക്കുറിച്ച് യുക്തിസഹമായ കാഴ്ചപ്പാടുകളുള്ള വിദ്യാഭ്യാസവിചക്ഷണന്‍ - പ്രൊഫ. പി. ജെ. ജോസഫ് എന്ന വ്യക്തിയില്‍ സമൂഹം ദര്‍ശിക്കുന്ന മാനങ്ങള്‍ അനവധിയാണ്.
ചെറായി, പുതുശ്ശേരി ശ്രീ. പി.വി. ജോസഫിന്റെയും ശ്രീമതി കുഞ്ഞുമറിയത്തിന്റെയും മകനായി 1942 മാര്‍ച്ച് 11-ന് വൈപ്പിനിലെ ചെറായി എന്ന ചെറുഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. ചെറായി രാമവര്‍മ്മ ഹൈസ്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. പിന്നീട്, ചിറ്റൂര്‍ ഗവണ്‍മെന്റ് കോളജില്‍നിന്ന് പ്രീയൂണിവേഴ്സിറ്റിയും തേവര കോളജില്‍നിന്ന് ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദവും നേടി. ശാസ്ത്രബിരുദധാരിയാണെങ്കിലും ഉപരിപഠനത്തിന് ഇദ്ദേഹം തന്റെ ഇഷ്ടവിഷയമായ ഇംഗ്ളീഷ് സാഹിത്യമാണ് തെരഞ്ഞെടുത്തത്. ആഗ്രാ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കാന്‍പൂര്‍ ക്രൈസ്റ് ചര്‍ച്ച് കോളജില്‍നിന്ന് എം.എ. ഇംഗ്ളീഷ് പാസ്സായി. പിന്നീട്, എല്‍.എല്‍.ബിക്കുചേര്‍ന്ന് പഠിച്ചെങ്കിലും പരീക്ഷ പാസ്സായി അഭിഭാഷകനാകണമെന്നൊന്നും പ്രൊഫ. ജോസഫിന് ആഗ്രഹമുണ്ടായിരുന്നില്ല. 
1965-ല്‍ മൂവാറ്റുപുഴ നിര്‍മ്മല കോളജില്‍ അദ്ധ്യാപകനായാണ് പ്രൊഫ. ജോസഫ് തന്റെ ഔദ്യോഗിക ജീവിതമാരംഭിച്ചത്. പിന്നീട് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ്, കളമശ്ശേരി സെന്റ് പോള്‍സ് കോളജ് എന്നിവിടങ്ങളില്‍ ജോലിചെയ്ത ഇദ്ദേഹം, 1968-ല്‍ ആലുവയിലെ യൂണിയന്‍ ക്രിസ്റ്യന്‍ കോളജില്‍ ഇംഗ്ളീഷ് വിഭാഗം അദ്ധ്യാപകനായി. ദീര്‍ഘകാലത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം 1997-ല്‍ വിരമിക്കുമ്പോള്‍ പ്രൊഫ. ജോസഫ്, ഇംഗ്ളീഷ് ഡിപ്പാര്‍ട്ട്മെന്റില്‍ പ്രൊഫസറും ബിരുദാനന്തരബിരുദ, ഗവേഷണവിഭാഗങ്ങളുടെ തലവനുമായിരുന്നു.
സേവനകാലം ഈ അദ്ധ്യാപകന് അനുഭവങ്ങളുടെ വസന്തകാലമായിരുന്നു. പഠിപ്പിച്ച വിദ്യാര്‍ത്ഥികള്‍ മിടുക്കരായി ഉന്നതസ്ഥാനങ്ങളിലെത്തുക, ഇടയ്ക്കിടെ അവര്‍ സന്ദര്‍ശിക്കുക, ബഹുമാനിക്കുക ഇത്രയുമൊക്കെയാണ് സാധാരണയായി അദ്ധ്യാപകര്‍ തങ്ങളുടെ അനുഭവങ്ങളായി പറയാറ്. എന്നാല്‍, ശ്രീ. ജോസഫ് സാറിനെ സംബന്ധിച്ചിടത്തോളം ഇവയ്ക്കതീതമായി, ജീവിതഗന്ധിയായ ധാരാളം അനുഭവങ്ങളും പാഠങ്ങളുമാണ് സേവനകാലം നല്‍കിയത്. ഒരിക്കല്‍ എറണാകുളം നഗരത്തില്‍വച്ച് തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് റെമിനിസെന്‍സ്സ് ഓഫ് എ ടീച്ചര്‍ എന്ന തന്റെ ലേഖനത്തില്‍ ഇദ്ദേഹം സൂചിപ്പിക്കുന്നു.
എറണാകുളത്തുവച്ച് എന്റെ മുമ്പില്‍ വന്നുനിന്ന ഓട്ടോയിലെ ഡ്രൈവര്‍ സാധാരണയിലധികം ബഹുമാനം പ്രകടിപ്പിച്ചപ്പോഴാണ് ശ്രദ്ധിച്ചത്, അവന്‍ എന്റെ വിദ്യാര്‍ ത്ഥിയാണ.് ഇംഗ്ളീഷ് ബിരുദാനന്തരബിരുദക്ളാസ്സിലെ ഒരു മിടുക്കന്‍. കുടുംബം പോറ്റാനായി വാടകയ്ക്കെടുത്ത ഓട്ടോയുമായി നഗരത്തിലെത്തിയതാണ് അവന്‍. ഉന്നതവിദ്യാഭ്യാസത്തിന്റെ അഹന്തയില്ലാതെ, നിശ്ചയദാര്‍ഢ്യത്തോടെ കഠിനാദ്ധ്വാനം ചെയ്ത് കുടുംബം പോറ്റുന്ന അയാളെക്കണ്ടപ്പോള്‍ എനിക്ക് അത്ഭുതവും അഭിമാനവും തോന്നി. വില്ല്യം വേര്‍ഡ്സ് വര്‍ത്തിന്റെ ലീച്ച് ഗാതറര്‍ എന്ന കവിതയിലെ വൃദ്ധകഥാപാത്രത്തെയാണ് ഓര്‍മ്മവന്നത്. വാര്‍ദ്ധക്യത്തിലും ശുഭാപ്തിവിശ്വാസത്തോടെ കര്‍മ്മനിരതനാകുന്ന വൃദ്ധന്‍. ഇവിടെ വൃദ്ധനുപകരം എന്റെ യുവശിഷ്യന്‍. കാലക്ഷേപത്തിനുള്ള വഴികള്‍ അവന് ബാലികേറാമലയാകുന്നില്ല. കഠിനാദ്ധ്വാനികളുടെ മുമ്പില്‍ ഹിമാലയവും തലകുനിക്കുമെന്നാണല്ലോ. വിദ്യാഭ്യാസം വെള്ളക്കോളര്‍ ജോലിക്കുവേണ്ടിയുള്ളതല്ല; മറിച്ച്, പ്രതിസന്ധികളെ മറികടന്ന് ജീവിതവിജയത്തിന്റെ കൊടുമുടിയിലേക്ക് മനുഷ്യനെ കൈപിടിച്ചുകയറ്റുന്ന ഈശ്വരന്റെ കരങ്ങളാണത്. എന്റെ കുട്ടിക്കാലവും അത്രസുഖകരമൊന്നുമായിരുന്നില്ല. സാധാരണകുടുംബത്തില്‍ ജനിച്ച എനിക്ക് നല്ല ഭാവിയിലേക്കുള്ള വഴികാണിച്ചുതരാനും ആരുമുണ്ടായിരുന്നില്ല. ജനിക്കും മുമ്പ് ശ്രീ. പി.ജെ. ജോസഫിന് പിതാവിനെ നഷ്ടമായി. ഒരു ബോട്ടപകടത്തിലാണ് പിതാവ് നിര്യാതനായത്. അമ്മയുടെ തണലില്‍ വളരാനായിരുന്നു ജോസഫിന്റെ വിധി. 
ഇംഗ്ളീഷ് വിഭാഗം മേധാവിയായിരിക്കെ, തന്റെ ക്ളാസ്സിലെ ഒരു പെണ്‍കുട്ടിയുടെ ദയനീയാവസ്ഥ പ്രൊഫസറുടെ ശ്രദ്ധയില്‍പ്പെട്ടു. ദാരിദ്യ്രംകൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്നു ആ വിദ്യാര്‍ത്ഥിനി. വേണമെങ്കില്‍ സാധാരണ അദ്ധ്യാപകന്റെ നിലവാരം പുലര്‍ത്തിക്കൊണ്ട് കണ്ടില്ലെന്നുനടിക്കാമായിരുന്നു. പക്ഷേ, ശ്രീ. ജോസഫ്സാറിന് അതാവില്ലല്ലോ. ഇദ്ദേഹം സഹപ്രവര്‍ത്തകരുടെയും ടോക് എച്ച് സ്കൂളിന്റെയും സഹകരണത്തോടെ നല്ല ഒരുതുക ശേഖരിച്ച് തന്റെ വിദ്യാര്‍ത്ഥിനിക്ക് നല്കി. അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധം കടലും കടലാടിയുമായി മാറുന്ന ഇക്കാലത്ത് ശ്രീ. ജോസഫ് സാറിനെപ്പോലെയുള്ള ഗുരുനാഥന്മാരെക്കിട്ടുന്നത് വിദ്യാര്‍ത്ഥികളുടെ ഭാഗ്യമാണ്.
ഏറെ സ്നേഹിക്കപ്പെടുന്ന അദ്ധ്യാപകനാണ് ശ്രീ. ജോസഫ് സാര്‍. ഇദ്ദേഹത്തിന്റെ വിനയാന്വിതവും ആശയസമ്പുഷ്ടവുമായ വാക്കുകള്‍ കേള്‍ക്കാന്‍ ശിഷ്യന്മാര്‍ മാത്രമല്ല, മിത്രങ്ങളായ ശ്രോതാക്കളും ജാഗ്രത കാണിക്കുന്നുവെന്ന് പ്രശസ്ത സാഹിത്യകാരി ശ്രീമതി കമലാ സുരയ്യ, ഇദ്ദേഹം രചിച്ച യാത്രാവിവരണത്തിനെഴുതിയ മുഖവുരയില്‍ പറയുന്നു.
ക്ളാസ്സുമുറിയില്‍ മാത്രമൊതുങ്ങുന്നതല്ല ശ്രീ. ജോസഫ് സാറിന്റെ സേവനം. സാക്ഷരതാപ്രവര്‍ത്തനം, ഗാന്ധിപീസ് ഫൌണ്ടേഷന്‍ പ്രവര്‍ത്തനം, ആലുവയിലെ ചേരി പുനരധിവാസ പ്രവര്‍ത്തനം ഇങ്ങനെ ഈ മനുഷ്യസ്നേഹിയുടെ പ്രവര്‍ത്തനമേഖലകള്‍ വിപുലമാണ്. പൊതുപ്രവര്‍ത്തകനെന്നനിലയില്‍ ഇദ്ദേഹത്തിന്റെ സ്വതന്ത്രചിന്താഗതികളും ശാന്തമായ പ്രവൃത്തികളും മടികൂടാതെ സമൂഹം അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു. 
അനൌപചാരിക വിദ്യാഭ്യാസമേഖലയില്‍ ഇദ്ദേഹം നല്കിയിട്ടുള്ള സംഭാവനകള്‍ സാക്ഷരകേരളത്തിന് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. വയോജനവിദ്യാഭ്യാസപരിപാടികള്‍ക്കായി തലക്കനമില്ലാതെ, പുഞ്ചിരിക്കുന്ന മുഖവുമായി സാധാരണക്കാരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യശാസ്ത്രജ്ഞനും വിദ്യാ ഭ്യാസവിചക്ഷണനുമാണ് ഇദ്ദേഹം. 1987 ജൂലൈ 27-ന്, ആഫ്രിക്കയിലെ നെയ്റോബിയില്‍വച്ചു നടത്തിയ അഖിലലോക അഡള്‍ട്ട് എഡ്യൂക്കേഷന്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത നാല് ഇന്ത്യന്‍ പ്രതിനിധികളില്‍ ഒരാള്‍ മലയാളിയായ പ്രൊഫ. പി. ജെ. ജോസഫായിരുന്നുവെന്നതുതന്നെ ഇദ്ദേഹത്തിന് ഈ മേഖലയിലുള്ള പ്രാധാന്യം വെളിവാക്കുന്നു.
വെറുതെ, കുറെ വാക്കുകള്‍ കാണപ്പാഠം പഠിപ്പിക്കുന്നതോ, കുറെയധികം അറിവുകള്‍ കുത്തിനിറച്ച് നടക്കുന്ന വിജ്ഞാനകോശങ്ങളെ സൃഷ്ടിക്കുന്നതോ അല്ല വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യമെന്ന സത്യം തിരിച്ചറിഞ്ഞ്, ഫലപ്രദമായ ജീവിതം നയിക്കുന്നതിന് മനുഷ്യനെ സജ്ജനാക്കുകയെന്ന ഉദ്ദേശ്യത്തോടെ അനൌപചാരിക വിദ്യാഭ്യാസമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നയിക്കുന്ന ജോസഫ് സാറിന്റെ കര്‍മ്മങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ ലക്ഷ്യംപൂര്‍ത്തീകരിക്കുമെന്നതില്‍ സംശയമില്ല. 
നൈറോബി കൂടാതെ, ക്വലാലമ്പൂര്‍, സിങ്കപ്പൂര്‍, ബ്രിട്ടന്‍ തുടങ്ങി നിരവധി വിദേശരാജ്യങ്ങള്‍ ശ്രീ. ജോസഫ് സാര്‍ സന്ദര്‍ശിക്കുകയും അനൌപചാരിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയുമുണ്ടായി. സാക്ഷരതാ പ്രവര്‍ത്തനത്തില്‍ വിദഗ്ദ്ധരായവരെ ഉള്‍പ്പെടുത്തിക്കൊണ്ട് യുനെസ്കോ തയ്യാറാക്കിയ പാനലില്‍ അംഗമാണ് പ്രൊഫ. പി.ജെ. ജോസഫ്. കേരളമാകെ കൊട്ടിഘോഷിക്കപ്പെട്ട സാക്ഷരതായജ്ഞം തുടങ്ങുന്നതിനുമുമ്പുതന്നെ ഇദ്ദേഹം തന്റെ നിരക്ഷരതാനിര്‍മ്മാര്‍ജ്ജനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.
പി.എന്‍.പണിക്കര്‍ നേതൃത്വം വഹിച്ച് 1977-ല്‍ രൂപീകൃതമായ കാന്‍ഫെഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രീ. ജോസഫ് സാര്‍ നിസ്തുലമായ സംഭാവനകള്‍ നല്കി. ചൂഷണവിധേയരാകുന്ന നിരക്ഷരരെ രക്ഷിക്കുക എന്ന ദൌത്യവുമായാണ് പ്രൊഫസര്‍ പ്രവര്‍ത്തനമാരംഭിച്ചത്. എറണാകുളം കേന്ദ്രീകരിച്ചായിരുന്നു തുടക്കം. വോളന്റിയര്‍മാരെ കണ്ടെത്തി പരിശീലനം നല്കുകയും അദ്ധ്യാപനസഹായികള്‍ വിതരണം ചെയ്യുകയുമായിരുന്നു പ്രധാനജോലി. സര്‍ക്കാരിന്റെ സഹായത്തോടെ മുപ്പത് പ്രവര്‍ത്തനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് നേതൃത്വം വഹിച്ച പ്രൊഫ. ജോസഫ് പിന്നീട്, യു.ജി.സി. സഹായത്തോടെ ജില്ലയിലെ കോളജുകളിലും സാക്ഷരതാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. പ്രവര്‍ത്തകര്‍ക്കുവേണ്ട പരിശീലനം നല്കിയിരുന്നത് കാന്‍ഫെഡായിരുന്നു. 
സാക്ഷരതാപ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇദ്ദേഹം ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായത് തികച്ചും സ്വാഭാവികമായിരുന്നു. വിദ്യാലയങ്ങളിലൂടെ ഗാന്ധിയന്‍ ചിന്താഗതിയുടെ പ്രസക്തി കുട്ടികളിലെത്തിക്കുക എന്ന ഗാന്ധിയന്‍ പീസ് ഫൌണ്ടേഷന്റെ പ്രധാനലക്ഷ്യം നടപ്പിലാക്കാന്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചു. ഗാന്ധി പീസ് ഫൌണ്ടേഷന്റെ എക്സിക്യൂട്ടീവ് മെമ്പറായിരുന്നു ഇദ്ദേഹം. 
തന്റെ പൊതുജീവിതത്തിലെ സുവര്‍ണ്ണദിനമെന്ന് പ്രൊഫസര്‍ വിശേഷിപ്പിക്കുന്നത്, ആലുവയിലെ ചേരിനിവാസികളുടെ പുനരധിവാസപ്രവര്‍ത്തനം നടപ്പിലായ അവസരത്തെയാണ്. സാക്ഷരതാപ്രവര്‍ത്തനം ലക്ഷ്യമാക്കിയാണ് പ്രൊഫ.പി.ജെ. ജോസഫ് ആലുവയിലെ ചേരിനിവാസികളുടെയിടയിലെത്തിയത്. സാക്ഷരരാവുക എന്നതിനേക്കാള്‍ പ്രാധാന്യം ചേരിനിവാസികളുടെ പുനരധിവാസമാണെന്ന് അവരുമായി ബന്ധപ്പെട്ടപ്പോഴാണ് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് പ്രൊഫ. ജോസഫ് പറയുന്നു. പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ ചേരിയിലെ കഷ്ടതയനുഭവിക്കുന്ന പാവങ്ങളുടെ പുനരധിവാസം ലക്ഷ്യമാക്കിയുള്ളതായിരുന്നു. പ്രൊഫസറുടെ നേതൃത്വത്തില്‍ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തിയതിന്റെ ഫലമായി ആളൊന്നിന് മൂന്നുസെന്റ് എന്ന കണക്കില്‍ സ്ഥലം അനുവദിക്കപ്പെട്ടു. തുടര്‍ന്ന്, പ്രൊഫ. ജോസഫിന്റെ നേതൃത്വത്തില്‍ ഒരു ഹൌസിംഗ് പ്രോജക്ടിന് രൂപം കൊടുത്തു. ഫാ. പോള്‍ കരിമത്തിയുടെ സഹായത്തോടെ ജര്‍മ്മനിയില്‍നിന്നും മറ്റുമായി ധനം സ്വരൂപിച്ച് മാസങ്ങള്‍ക്കുള്ളില്‍ കെട്ടിടങ്ങളുടെ പണിപൂര്‍ത്തിയാക്കാന്‍ ഇദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു.
തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടതുവലതുഭേദമില്ലാതെ എതിര്‍പ്പുകളുണ്ടായിരുന്നുവെന്ന് പ്രൊഫസര്‍ ഓര്‍മ്മിക്കുന്നു. പക്ഷെ, ചേരിനിവാസികളുടെ ദൃഢനിശ്ചയത്തിനുമുന്നില്‍ രാഷ്ട്രീയക്കാര്‍ പരാജയപ്പെടുകയായിരുന്നു.
തെമ്മാടികളും പിടിച്ചുപറിക്കാരും സാമൂഹ്യവിരുദ്ധരും ഭൂരിപക്ഷമുണ്ടായിരുന്ന ചേരിനിവാസികളുടെ ജീവിതത്തിലെ ഒരു വഴിത്തിരിവിനാണ് പ്രൊഫ. ജോസഫ് കാരണമായത്. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചെങ്കിലും പിന്നീട് അതിന്റെ ഗുണഭോക്താക്കളെ സന്ദര്‍ശിക്കാന്‍ ഇദ്ദേഹം ശ്രമിച്ചില്ല. തികച്ചും ബോധപൂര്‍വ്വമായിരുന്നു ഇതെന്ന് പ്രൊഫസര്‍ പറയുന്നു. സഹായികള്‍ ഒപ്പമുണ്ടെങ്കില്‍ അവര്‍ സ്വയംപര്യാപ്തരാവുകയില്ല എന്ന ഒറ്റക്കാരണമാണ് പ്രൊഫസറെ അവിടെനിന്ന് അകറ്റി നിര്‍ത്തുന്നത്.
രാഷ്ട്രീയമായ ഇടപെടലുകളാണ് കേരളത്തിലെ സാക്ഷരതാപ്രവര്‍ത്തനങ്ങളെ നിര്‍ജ്ജീവമാക്കി യതെന്ന അഭിപ്രായക്കാരനാണ് പ്രൊഫസര്‍. കാന്‍ഫെഡ്, ശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങിയ സംഘടനകള്‍ ചേര്‍ന്ന് ആരംഭിച്ച സാക്ഷരതാപ്രവര്‍ത്തനങ്ങള്‍ പിന്നീട് ഭരണം മാറിയപ്പോള്‍ നിലച്ചമട്ടിലായി. സാക്ഷരതാപ്രവര്‍ത്തകര്‍ മുഴുവന്‍ ഇടതുപക്ഷക്കാരാണെന്ന മിഥ്യാധാരണയാണ് ഇതിനുകാരണമായതെന്ന് ഇദ്ദേഹം പറയുന്നു. സാക്ഷരതാപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നല്കിയിരുന്ന വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെപോയത് പ്രവര്‍ത്തകരെ സംരംഭത്തില്‍നിന്നകറ്റുവാനും കാരണമായെന്ന് പ്രൊഫ. ജോസഫ് ചൂണ്ടിക്കാണിക്കുന്നു.
എറണാകുളം വൈറ്റിലയിലെ പ്രശസ്തമായ ടോക് എച്ച് സ്കൂളിന്റെ പ്രസിഡന്റാണ് പ്രൊഫ. പി.ജെ. ജോസഫ് ഇപ്പോള്‍. സമാധാനം, സമൂഹികസേവനം എന്നിവയ്ക്കായി യുദ്ധകാലത്ത് രൂപീകൃതമായ അന്താരാഷ്ട്രസംഘടനയാണ് ടോക് എച്ച്. സ്കൂളിനൊപ്പമുള്ള ടോക് എച്ച് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ പ്രസിഡണ്ടുകൂടിയാണ് ഇദ്ദേഹം. അടുത്തകാലങ്ങളിലായി കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന വികലമായ വിദ്യാഭ്യാസപരിഷ്കാരങ്ങളില്‍ ഉത്കണ്ഠാകുലനാണ് ഈ അദ്ധ്യാപകന്‍. കേരളംപോലെ വിദ്യാഭ്യാസരംഗത്ത് ഏറെ പുരോഗമനം നേടിയിട്ടുള്ള ഒരു സംസ്ഥാനത്തെ, ഇത്തരം പദ്ധതികള്‍ പിന്നോട്ടടിക്കുകയേയുള്ളൂ എന്ന ഇദ്ദേഹത്തിന്റെ വാക്കുകള്‍ പ്രസക്തമാണ്. വിദ്യാഭ്യാസത്തെ ഒരു വിനോദം മാത്രമാക്കുന്ന ഏര്‍പ്പാട് എന്തായാലും നമ്മുടെ കുരുന്നുകള്‍ക്ക് പ്രയോജനകരമല്ലതന്നെ.
സാഹിത്യത്തിന്റെ മുലപ്പാല്‍ പകര്‍ന്നുനല്കാനുതകുന്ന ഒരു പാഠ്യപദ്ധതിയല്ല ഇവിടെ നിലവിലുള്ളത്. സാഹിത്യം പഠിക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികളല്ല ഇപ്പോള്‍ കോഴ്സില്‍ ചേരുന്നപലരും. കാണാതെ പഠിച്ചാല്‍ മാര്‍ക്കുകിട്ടുന്ന അവസ്ഥയാണിന്നുള്ളത്. രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തെ പരീക്ഷകൊണ്ട് മൂല്യനിര്‍ണ്ണയം നടത്തുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ക്ളാസ്സിക്കുകളെമാത്രം ആശ്രയിച്ചുള്ള പാഠ്യപദ്ധതി മാറേണ്ടിയിരിക്കുന്നു, പ്രൊഫ. ജോസഫ് പറയുന്നു. തികച്ചും പ്രായോഗികവും ഫലപ്രദവുമായ അദ്ധ്യാപനരീതിയാണ് ടോക്. എച്ച് സ്കൂളിന്റെ പ്രത്യേകത. അനേകം പ്രതിഭകളെ സൃഷ്ടിക്കുവാന്‍ പ്രൊഫസറുടെ നേതൃത്വത്തിലുള്ള ഈ വിദ്യാലയത്തിന് വരുംകാലങ്ങളില്‍ കഴിയുമെന്ന് ഉറപ്പാണ്.
ബ്രിട്ടണിലെ വിവിധ സ്ഥലങ്ങളും വിദ്യാലയങ്ങളും സന്ദര്‍ശിക്കാന്‍ പ്രൊഫസര്‍ ജോസഫിന് പലതവണ ഔദ്യോഗികമായി ക്ഷണം ലഭിക്കുകയും വിദ്യാഭ്യാസപ്രവര്‍ത്തകനെന്നനിലയില്‍ അത്തരം സന്ദര്‍ശനങ്ങളെല്ലാംതന്നെ ഇദ്ദേഹം സാര്‍ത്ഥകമാക്കുകയും ചെയ്തു. ബ്രിട്ടീഷ് വിദ്യാലയസന്ദര്‍ശനത്തിനിടയില്‍ മറക്കാനാവാത്ത ഒട്ടേറെ സംഭവങ്ങള്‍ ഇദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായി. ഒരിക്കല്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ ഇദ്ദേഹത്തോടൊപ്പം സ്വന്തം വിദ്യാലയത്തിലെ ഗായകസംഘവും ഉണ്ടായിരുന്നു. സന്ദര്‍ശിച്ച സ്കൂളുകളില്‍ പ്രത്യേക സംഗീതപരിപാടിയും നടത്തി. പിന്നീടൊരിക്കല്‍ പോയപ്പോഴുണ്ടായ അനുഭവം ഇദ്ദേഹത്തിന് മറക്കാന്‍ കഴിയുന്നതല്ല. പണ്ട് തന്നോടൊപ്പമുണ്ടായിരുന്ന ക്വയറിലെ അംഗങ്ങള്‍ ആലപിച്ച ആ പഴയഗാനം ആലപിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഈ അദ്ധ്യാപകശ്രേഷ്ഠനെ സ്വീകരിച്ചത്. കുട്ടികളുടെ മനസ്സില്‍ അത്രയധികം സ്വാധീനം ചെലുത്താന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ബ്രിട്ടനിലെ സെന്റ് ജെയിംസ് ജൂണിയര്‍ സ്കൂളിലെ ഒരു അദ്ധ്യാപിക ഇദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് കത്തെഴുതുകയുണ്ടായി. വളരെയധികം കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണാന്‍ സാധിച്ചതിലും വിദ്യാര്‍ത്ഥികളോട് ഹൃദ്യമായി പെരുമാറിയതിനും നന്ദി പറഞ്ഞുകൊണ്ടുള്ളതായിരുന്നു കത്ത്.
കൊച്ചുകുട്ടികള്‍ പഠിക്കുന്ന ക്ളാസ്സില്‍വച്ചുണ്ടായ മറ്റൊരനുഭവത്തെക്കുറിച്ച് ഇദ്ദേഹം പറയുന്നു, പല രാജ്യങ്ങളില്‍നിന്നുള്ള കുട്ടികള്‍ പഠിക്കുന്ന ക്ളാസ്സായിരുന്നു അത്. അവരോട് ഞാന്‍ ഒരു കഥ പറഞ്ഞു. കെണി വച്ച് ആനയെ പിടിക്കുന്നതെങ്ങനെയെന്നതായിരുന്നു വിഷയം. വനവും ആനയുമൊക്കെ പരിചിതമല്ലാത്ത കുഞ്ഞുങ്ങളുടെ പ്രതികരണം കൌതുകകരമായിരുന്നു. ക്ളാസ്സില്‍നിന്നിറങ്ങി പുറത്തുവന്നപ്പോള്‍ ഒരു കൊച്ചുപെണ്‍കുട്ടി എന്റെ അടുത്തേയ്ക്ക് ഓടിവന്നു. അവള്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ എല്ലാം എന്റെ കൈയ്യില്‍വച്ച്, ഇത് അങ്ങേയ്ക്കുള്ള എന്റെ സമ്മാനമാണെന്ന് പറഞ്ഞു. നിഷ്കളങ്കയായ ആ കുട്ടിയുടെ മുഖം മറക്കാനാവില്ല. ആഭരണങ്ങളായതിനാല്‍ ആ സമ്മാനം തിരികെ നല്കിയെങ്കിലും പിന്നീട് നല്ല ഒരു പെയിന്റിങ്ങ്, ദൂരങ്ങള്‍ താണ്ടിവന്ന അതിഥിയായ എനിക്ക് അവള്‍ സമ്മാനിക്കുകയുണ്ടായി. കിങ്ങ്സ്റണ്‍ യൂണിവേഴ്സിറ്റിയുടെ ഇന്റര്‍നാഷണല്‍ വിസിറ്റിങ്ങ് ഫെല്ലോഷിപ്പ് ലഭിച്ചതനുസരിച്ചാണ് പ്രൊഫസര്‍ ബ്രിട്ടന്റെ അതിഥിയായത്.
വിദ്യാഭ്യാസമേഖലയില്‍ തലയെടുപ്പോടെ നില്ക്കുന്ന ഈ പ്രതിഭാധനന് സാഹിതീദേവതയും വശംവദയാണ്. എഴുത്തുകാരനെന്നനിലയില്‍ ഇദ്ദേഹം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ജര്‍മ്മനിയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന അഡല്‍ട്ട് എഡ്യൂക്കേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് എന്ന മാസികയിലും വിദേശരാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന നിരവധി പരിസ്ഥിതിമാസികകളിലും സ്ഥിരമായി ലേഖനങ്ങള്‍ എഴുതുന്ന ഇദ്ദേഹത്തിന്റെ നിരവധി ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നിത്യചൈതന്യയതിയുടെ ശ്രീനാരായണഗുരു എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ഇദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്. പാവനമായ പാദമുദ്രകള്‍തേടി, ബ്രിട്ടനിലെ രാജവീഥികളിലൂടെ, ഫെയ്മസ് ഗ്രീക്ക് സ്റോറീസ് എന്നിവ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ ചിലതാണ്. ബ്രിട്ടനിലെ രക്തംപുരണ്ട ദേവാലയങ്ങള്‍, ഇന്ററാക്ടിങ്ങ് ഫേബിള്‍സ്, സിംഹപുരിയുടെ ചരിത്രം എന്നീ കൃതികള്‍ പ്രസിദ്ധീകരണത്തിന് തയ്യാറായിക്കൊണ്ടിരിക്കുന്നു.
സംഘാടകന്‍ എന്നനിലയില്‍ നിരവധി ചുമതലകള്‍ പ്രൊഫ. ജോസഫ് നിര്‍വ്വഹിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് സ്റഡീസ് അംഗമായിരുന്ന ഇദ്ദേഹം യൂണിവേഴ്സിറ്റിക്കുവേണ്ടി പാഠപുസ്തകങ്ങള്‍ എഡിറ്റ് ചെയ്തിരുന്നു. കേരള സാക്ഷരതാപദ്ധതിയുടെ സംസ്ഥാനതല അക്കാദമിക് കോര്‍ ഗ്രൂപ്പില്‍ വിവിധ ചുമതലകള്‍ ഇദ്ദേഹം ഏറ്റെടുത്ത് നടത്തി. കേരളാ കൌണ്‍സിലേഴ്സ് ഫോറം വൈസ്പ്രസിഡണ്ട്, അസോസിയേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ വൈസ്പ്രസിഡണ്ട്, കേരള അനൌപചാരിക വിദ്യാഭ്യാസവികസനസമിതിയുടെ എറണാകുളം ജില്ലാസെക്രട്ടറി, സംസ്ഥാനകമ്മറ്റിയംഗം, ഭാരതീയ വയോജനവിദ്യാഭ്യാസസംഘടനയുടെ ദേശീയസമിതിയംഗം, വിവിധ പരിസ്ഥിതി സംഘടനകളുടെ പ്രോജക്ട് ഡയറക്ടര്‍, കോമണ്‍വെല്‍ത്ത് അസ്സോസിയേഷന്‍ ഫോര്‍ ദി എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്ങ് ഓഫ് അഡല്‍ട്ട്സിന്റെ സ്ഥാപകാംഗം എന്നീനിലകളില്‍ ശ്രദ്ധേയമായ സേവനം കാഴ്ചവച്ച ഇദ്ദേഹം കോണ്‍ഫെഡറേഷന്‍ ഓഫ് ദി എന്‍.ജി.ഓസ് ഓഫ് റൂറല്‍ ഇന്ത്യയുടെ കേരളാഘടകം വൈസ്പ്രസിഡണ്ടാണ്. അന്താരാഷ്ട്രതലത്തിലുള്ള നിരവധി സമ്മേളനങ്ങളില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ഇദ്ദേഹം ശ്രദ്ധനേടുകയും ചെയ്തു.
തിരക്കുപിടിച്ച ജീവിതത്തിനിടയിലും ഒരു കുടുംബനാഥന്റെ കടമകള്‍ നിറവേറ്റുന്നതില്‍ ഇദ്ദേഹം വിജയിച്ചു. തന്റെ ജീവിതദര്‍ശനമാണ് തന്റെ കുടുംബത്തിന്റെ കെട്ടുറപ്പ് എന്ന് ഇദ്ദേഹം പറയുന്നു. 1969-ലായിരുന്നു വിവാഹം. തിരുവാങ്കുളം ഞാളിയത്ത് കുടുംബാംഗം ശ്രീമതി മോളിയാണ് ഭാര്യ. ഭര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി ഇവര്‍ പ്രൊഫ. ജോസഫിനൊപ്പമുണ്ട്. എഞ്ചിനീയറായ ശ്രീ. ഷാജിയാണ് ഏക മകന്‍.
സാമൂഹികസേവനത്തെ മാനിച്ച് നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1996-ലെ പി.എന്‍. പണിക്കര്‍ ഫൌണ്ടേഷന്‍ അവാര്‍ഡ്, വൈപ്പിന്‍ തപോവനം ഭാരവാഹികള്‍ ഏര്‍പ്പെടുത്തിയ അക്ഷരം അവാര്‍ഡ് എന്നിവ ഇദ്ദേഹത്തിനുലഭിച്ച അംഗീകാരങ്ങളാണ്. പൊതുപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ അന്താരാഷ്ട്ര ഡയറക്ടറിയിലും ഇദ്ദേഹത്തിന്റെ പേരുണ്ട്. ഇന്ത്യയിലെ സാക്ഷരതാപ്രവര്‍ത്തനത്തെപ്പറ്റി പ്രൊഫ. ജോസഫ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ലോകബാങ്ക് പ്രസിദ്ധീകരിച്ചിരുന്നു.
പ്രൊഫ. പി.ജെ. ജോസഫിനെപ്പോലുള്ളവരില്‍ സമൂഹം ഏറെ വിശ്വാസവും പ്രതീക്ഷയും അര്‍പ്പിക്കുന്നു. വികലമായ കാഴ്ചപ്പാടുകളാല്‍ ഇരുളടയുന്ന സാമൂഹികരംഗത്ത് എണ്ണവറ്റാത്ത വിളക്കുപോലെ വെളിച്ചം വിതറി നില്‍ക്കുന്ന ഇത്തരം വ്യക്തിത്വങ്ങള്‍ക്കേ ഒരു ജനതയെ സംരക്ഷിക്കാനാവൂ.

              
Back

  Date updated :