Haji P A Ummerkutty

Haji P A Ummerkutty

Any

Reading

Problem

Head Master

Poonkurinjiyil Isha Manzil

Kuttappuzha P.O., Varikkad, Thiruvalla

Pathanamthitta, Res:04692702483, Mob:9446286579

.

Back

.

അംഗീകാരങ്ങളുമായി ഹാജി പി.എ. ഉമ്മര്‍കുട്ടി

ഹാജി പി.എ. ഉമ്മര്‍കുട്ടിയും കുടുംബവും

സേവനം വ്രതമാക്കിയ അദ്ധ്യാപകശ്രേഷ്ഠന്‍

പ്രശസ്തവും പില്ക്കാലത്ത് സാമ്പത്തികമായി കോട്ടംതട്ടുകയുംചെയ്ത കുടുംബത്തില്‍ ജനിച്ച്, സാമാന്യവിദ്യാഭ്യാസംപോലും കരസ്ഥമാക്കാന്‍ പറ്റാത്ത ചുറ്റുപാടില്‍ വളര്‍ന്ന്, പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്, ഔദ്യോഗികജീവിതമാരംഭിച്ച്, പഠിപ്പീരും പഠനവും ഒന്നിച്ച് നിര്‍വ്വഹിച്ച്, വിദ്യാഭ്യാസ-സാമൂഹിക-രാഷ്ട്രീയ സേവനരംഗങ്ങളില്‍ തിളങ്ങി, നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും കണക്കെടുക്കാതെ ജീവിതസായാഹ്നത്തിലും സേവനം വ്രതമായി സ്വീകരിച്ച അതുല്യ വ്യക്തിത്വമാണ് ശ്രീ. ഹാജി പി.എ. ഉമ്മര്‍കുട്ടി.
പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി താലൂക്കിലെ വായ്പൂരില്‍, പ്രസിദ്ധമായ പറമ്പില്‍ കുടുംബത്തിലെ ശ്രീ. അബ്ദുല്‍ഖാദര്‍ റാവുത്തരുടെയും ചങ്ങനാശ്ശേരി പാറയില്‍ കുടുംബാംഗമായ ശ്രീമതി ഫാത്തിമാ കുഞ്ഞിന്റെയും പത്തുമക്കളില്‍ മൂത്തയാളായ ശ്രീ. ഉമ്മര്‍കുട്ടി 1929 ലാണ് ജനിച്ചത്. ഇദ്ദേഹത്തിന് ശ്രീ. പി.എ. ഇസ്മായില്‍, ശ്രീ. പി.എ അഹമ്മദ്, ശ്രീ. പി.എ അബ്ദുള്‍ കരിം എന്നീ മൂന്നുസഹോദരങ്ങളാണ് ഇപ്പോഴുള്ളത്.
വളരെയധികം കഷ്ടപ്പാടുകള്‍ക്കിടയിലും ഇദ്ദേഹം മല്ലപ്പള്ളി സി.എം.എസ്. ഹൈസ്കൂളില്‍നിന്ന് മെട്രിക്കുലേഷന്‍ പാസ്സായി. സാമ്പത്തികപരാധീനത വിഘാതമായെങ്കിലും മകന് ഇന്റര്‍മീഡിയേറ്റ് പഠനത്തിനുള്ള അവസരം മാതാപിതാക്കള്‍ ഒരുക്കിക്കൊടുത്തു. പെരുന്ന എന്‍.എസ്.എസ്. കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നെങ്കിലും പരാധീനതകള്‍ക്കിടയില്‍ വിജയം വിദൂരസാധ്യത മാത്രമായിരുന്നു. ഭാഗ്യം തുണച്ചില്ല. പ്രൈവറ്റായി ഇന്റര്‍മീഡിയേറ്റ് എഴുതിയെടുക്കാം എന്ന തീരുമാനത്തിലെത്തിച്ചേര്‍ന്നു. സെപ്തംബര്‍ പരീക്ഷയില്‍ വിജയിച്ചതിനെ തുടര്‍ന്ന് ബി.എ. ഹിസ്ററിക്ക് പ്രവേശനം കിട്ടി. താമസിയാതെ തന്നെ പി.എസ്.സി. വഴി അദ്ധ്യാപകനിയമനത്തിനായുള്ള ഓര്‍ഡര്‍ ലഭിച്ചു. അങ്ങനെ, പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ശ്രീ. ഉമ്മര്‍കുട്ടി ഔദ്യോഗികജീവിതത്തിന് നാന്ദി കുറിച്ചു.
1955 ജൂലൈയില്‍ വടക്കന്‍ പറവൂര്‍ ഏ.ഇ.ഓയുടെ കീഴിലുള്ള കുരുമാല്ലൂര്‍ എല്‍.പി.എസ്സില്‍ പി.ഡി. ടീച്ചറായി ഇദ്ദേഹം ചാര്‍ജ്ജെടുത്തു. അടുത്ത വര്‍ഷം തൃശൂര്‍ രാമവര്‍മ്മപുരം ട്രെയിനിങ് സ്കൂളിലെ പഠനത്തിനുശേഷം വീണ്ടും പഴയ സ്കൂളില്‍ തിരിച്ചെത്തി. കൊല്ലം മങ്ങാട് യു.പി. എസ്സ്, കൊല്ലം ബി.ടി.എസ്സ്, കാഞ്ഞിരപ്പള്ളി ഗവ. യു.പി. സ്കൂള്‍, കുറ്റിപ്ളാങ്ങാട് ഗവ.യു.പി.സ്കൂള്‍, വെള്ളത്തൂവല്‍ എല്‍.പി. സ്കൂള്‍ എന്നിവിടങ്ങളില്‍ ഇദ്ദേഹം സ്തുത്യര്‍ഹമായി സേവനമനുഷ്ഠിച്ചു.
പാതിവഴിയില്‍ ഉപേക്ഷിച്ച ബി.എ. പഠനം പൂര്‍ത്തിയാക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ അദ്ധ്യാപനത്തോടൊപ്പം ഇദ്ദേഹം പ്രൈവറ്റായി പഠനവും ആരംഭിച്ചു. ബി.എ. പാസ്സായി അടുത്തവര്‍ഷം തന്നെ തൃശൂര്‍ ട്രെയിനിങ് കോളേജില്‍ ബി.എഡ്ഡിന് ചേര്‍ന്നു. ബി.എഡ്ഡ്. പാസ്സായശേഷം ചിത്തിരപുരം ഗവ. ഹൈസ്കൂളില്‍ എച്ച്.എസ്.എ. ആയി പ്രമോഷനോടുകൂടി ഇദ്ദേഹം നിയമിതനായി. തുടര്‍ന്ന്, ഏറ്റുമാനൂര്‍ ബി.എച്ച്.എസ്, തൃക്കൊടിത്താനം എച്ച്.എസ്സ്, വടക്കേക്കര യു.പി.എസ്സ്, ചങ്ങനാശ്ശേരി മുഹമ്മദന്‍സ് യു.പി.എസ്സ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1984-ല്‍ മുഹമ്മദന്‍സ് സ്കൂള്‍ ഹെഡ്മാസ്ററായിരിക്കെ സര്‍വ്വീസില്‍ നിന്നും വിരമിച്ചു.
പായിപ്പാട് മുസ്ളീം പുത്തന്‍പള്ളി ജമാ-അത്തില്‍ അംഗമായിരുന്ന ശ്രീ. ഉമ്മര്‍കുട്ടി, ജമാ-അത്ത് പ്രസിഡന്റായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. ജമാ-അത്തിന്റെ പല വികസനപ്രവര്‍ത്തനങ്ങള്‍ക്കും ആരംഭംകുറിക്കുവാനും വിജയകരമായി പൂര്‍ത്തീകരിക്കുവാനും കഴിഞ്ഞതില്‍ ചാരിതാ ര്‍ത്ഥ്യമടയുന്ന ഇദ്ദേഹം, ഇന്ന് അച്ചടക്കമുള്ള ഒരംഗമായി സമുദായത്തിന് തന്റെ സേവനങ്ങള്‍ നല്കിവരുന്നു.
യു.ഡി.എഫ്. അനുകൂലിയായ ശ്രീ. ഉമ്മര്‍കുട്ടി, മുസ്ളീം ലീഗിന്റെ ആദര്‍ശങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്നു. എസ്.റ്റി.യു. ജില്ലാ വൈസ്പ്രസിഡന്റ്, മുസ്ളീംലീഗ് പത്തനംതിട്ട ജില്ലാസെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ച ഇദ്ദേഹം രണ്ടുതവണ തിരുവല്ല മുനിസിപ്പല്‍ കൌണ്‍സിലില്‍ മുസ്ളീം ലീഗ് പ്രതിനിധിയായി മത്സരിക്കുകയും ഒരുതവണ മുന്‍സിപ്പല്‍ കൌണ്‍സില്‍ സ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
രാഷ്ട്രീയരംഗത്തെന്നപോലെ സാമൂഹികരംഗത്തും തന്റെ സജീവസാന്നിദ്ധ്യം പ്രകടമാക്കുന്നതില്‍ ഇദ്ദേഹം വിജയിച്ചു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കി പല പ്രസ്ഥാനങ്ങള്‍ക്കും രൂപംകൊടുത്തു. തിരുവല്ല താലൂക്ക് ആയുര്‍വ്വേദ ആശുപത്രി ഉപദേശക കമ്മറ്റിയംഗം, ആയുര്‍വേദ ആശുപത്രി ആക്ഷന്‍ കമ്മറ്റിയംഗം, കുറ്റപ്പുഴ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം എന്നീ സ്ഥാനങ്ങള്‍ ഇദ്ദേഹം നിലവില്‍ വഹിക്കുന്നു. 2003-2004 കാലയളവില്‍ ബാങ്കിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു.
ജീവിതത്തിന്റെ സിംഹഭാഗവും അദ്ധ്യാപകവൃത്തിയിലേര്‍പ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു പണക്കാരന്റെയും പാവപ്പെട്ടവന്റെയും കുട്ടികള്‍ തുല്യരായിരുന്ന് വിദ്യ അഭ്യസിക്കുന്ന ഒരു പബ്ളിക് സ്കൂള്‍. കോഴരഹിതമായ പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന ആശയത്തിന്റെ പ്രാരംഭഘട്ടമെന്നനിലയില്‍ സേവനസന്നദ്ധരും ലാഭേച്ഛയില്ലാത്തവരുമായ 101 അംഗങ്ങളെ ചേര്‍ത്തുകൊണ്ട് എം.എസ്.റ്റി. അഥവാ മുസ്ളീം ചാരിറ്റബിള്‍ ആന്‍ഡ് സര്‍വ്വീസ് ട്രസ്റ് രജിസ്റര്‍ ചെയ്തു.
സ്കൂളിന്റെ നഴ്സറി വിഭാഗം 2000 ജൂണില്‍ 36 കുട്ടികളോടുകൂടി പ്രവര്‍ത്തനമാരംഭിച്ചു. ഇന്ന് 9-ാം ക്ളാസ്സുവരെയുള്ള ഈ സ്കൂളില്‍ 360-ല്‍പരം കുട്ടികള്‍ വിദ്യ അഭ്യസിച്ചുവരുന്നു. പില്ക്കാലത്ത് സ്കൂളിന് സി.ബി.എസ്.ഇ. അംഗീകാരവും ലഭിച്ചു. ആദ്യവര്‍ഷം ഒരുരൂപാനിരക്കിലും പിന്നീട്, മൂന്നുവര്‍ഷം നാമമാത്രമായ നിരക്കിലും ശമ്പളം പറ്റി സ്കൂളിന്റെ പ്രിന്‍സിപ്പാളായി സേവനം അനുഷ്ഠിച്ച ശ്രീ. ഉമ്മര്‍കുട്ടി ഹാജി ഇപ്പോള്‍ ട്രസ്റ് ചെയര്‍മാന്‍, സ്കൂള്‍ മാനേജര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
മുപ്പതുവര്‍ഷത്തോളം അദ്ധ്യാപകനെന്നനിലയില്‍ സ്തുത്യര്‍ഹമാംവിധം സേവനമനുഷ്ഠിച്ചതിനും മത, സാമൂഹിക, രാഷ്ട്രീയ സേവനരംഗങ്ങളില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്കിയതിനും നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തി. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഗ്ളോബല്‍ എക്കണോമിക്സ് കൌണ്‍സിലിന്റെ 2003-ലെ രാഷ്ട്രീയ രത്തന്‍ അവാര്‍ഡ്, 2004-ല്‍ ഇന്ദിരാഗാന്ധി സദ്ഭാവനാ അവാര്‍ഡ്, നേപ്പാള്‍-ഇന്ത്യാ ഫോറം ഫോര്‍ പീസ് ആന്‍ഡ് ഡവലപ്മെന്റ് സൊസൈറ്റിയുടെ ഇന്റര്‍നാഷണല്‍ ഗോള്‍ഡ് സ്റാര്‍ അവാര്‍ഡ് (2007) എന്നീ പുരസ്കാരങ്ങള്‍ ശ്രീ. ഉമ്മര്‍കുട്ടി ഹാജിക്ക് ലഭിച്ചു.
കേരളപ്പിറവി ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് തിരുവല്ല ഹോള്‍ട്ടികള്‍ച്ചറല്‍ ഡവലപ്മെന്റ് സൊസൈറ്റി 50 പൌരപ്രമുഖരെ ആദരിച്ചതില്‍ ഇദ്ദേഹവും ഉള്‍പ്പെടുന്നു.
1958 മാര്‍ച്ച് 1-ാം തീയതി പത്തനംതിട്ട തൈക്കാവ്, നാലുമുക്കില്‍ ശ്രീ. ബാവാലബ്ബയുടെ മകള്‍ ശ്രീമതി ഐഷമ്മാള്‍ ബീവിയെ ഇദ്ദേഹം ജീവിതസഖിയാക്കി. ഉദ്യോഗസ്ഥയായ ശ്രീമതി ഐഷമ്മാള്‍ ബീവി, ഭര്‍ത്താവിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലുമായി നിലകൊള്ളുന്നു.
ഡോ. മുഹമ്മദ്സലീം (എം.ബി.ബി.എസ്സ്, എം.എസ്സ്, എഫ്.ആര്‍.സി.എസ്സ്), ശ്രീ. അഹമ്മദ് കബീര്‍ (എന്‍ജിനീയര്‍, ഇടുക്കി ജില്ലാ പഞ്ചായത്ത് എന്‍ജിനീയറിംഗ് വിഭാഗം, കുമളി, പീരുമേട് പഞ്ചായത്തുകളുടെ അസി. എന്‍ജിനീയറുടെ അധികച്ചുമതല), ശ്രീ. അബ്ദുള്‍ സഹീര്‍ (ബി.ടെക്, എം.ബി.എ. ബിരുദധാരി) എന്നിവരാണ് ശ്രീ. ഉമ്മര്‍കുട്ടിയുടെ മക്കള്‍. ശ്രീമതി ഷാലിമ (ഓവേലില്‍ ചങ്ങനാശ്ശേരി) ശ്രീമതി ഷൈനി (എല്‍.ഐ.സി. ഓഫീസ്, ചെങ്ങന്നൂര്‍) ശ്രീമതി റെസി (ടീച്ചര്‍, ഗവ. എച്ച്.എസ്.എസ്., കൈപ്പട്ടൂര്‍) എന്നിവര്‍ മരുമക്കളുമാണ്. മൂത്തമകന്റെ മകള്‍ എം.ബി.ബി.എസ്സ് ബിരുദധാരിയാണ്. ഓച്ചിറ സ്വദേശി ഡോ. സജ്ജാദാണ് ഭര്‍ത്താവ്. ഇവരുടെ മകന്‍ എം.ബി.ബി.എസ്സിന് പഠിക്കുന്നു. രണ്ടാമത്തെ മകന്‍ ശ്രീ. അഹമ്മദ് കബീറിന്റെ മകന്‍ ശ്രീ. ഹാഫിസ് അഹമ്മദ് പാത്താമുട്ടം സെന്റ് ഗിറ്റ്സ് എന്‍ജിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥിയാണ്. ശ്രീ. ഉമ്മര്‍കുട്ടിയുടെ മറ്റുള്ള പേരക്കിടാങ്ങള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. തികഞ്ഞ ഈശ്വരവിശ്വാസിയായ ഉമ്മര്‍കുട്ടി, സര്‍വ്വശക്തന്റെ കാരുണ്യത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് ജീവിതം നയിക്കുന്നു.

              
Back

  Date updated : 10/9/2010