Kalavoor N Gopinath

Kalavoor N Gopinath

Any

Reading

Problem

Volley Ball Coach & Social Worker

Velikkakathu Veedu

Mannancheri P.O.

Alapuzha, Mob:9847057365 Off:04772291311, Res: 04772292621

.

Back

.

ശ്രീ. കലവൂര്‍ എന്‍ ഗോപിനാഥ് കുടുംബാംഗങ്ങളോടൊപ്പം

മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള ഫാ. റെയ്നോള്‍ഡ് പുത്തന്‍പുരയ്ക്കല്‍ പ്രഥമ അവാര്‍ഡ് സിനിമാ നടന്‍ സുരേഷ് ഗോപിയില്‍ നിന്നും ശ്രീ. കലവൂര്‍ എന്‍ ഗോപിനാഥ് ഏറ്റുവാങ്ങിയപ്പോള്‍. ഭാര്യ ശ്രീമതി പങ്കി ടീച്ചര്‍ സമീപം

കനിവിന്‍ മാതൃകയുമായി ശ്രീ. കലവൂര്‍ എന്‍. ഗോപിനാഥ്

കായികതാരം, പൊതുപ്രവര്‍ത്തകന്‍, പ്രഗത്ഭനായ കായികാദ്ധ്യാപകന്‍ എന്നീനിലകളില്‍ പ്രശസ്തനാണ് ശ്രീ. കലവൂര്‍ എന്‍. ഗോപിനാഥ്. നിരവധി കായികതാരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ ഇദ്ദേഹം പ്രധാന പങ്ക് വഹിച്ചു. കായിക മേഖലയില്‍ ഉന്നതമായ സ്ഥാനങ്ങള്‍ കൈയടക്കുവാന്‍ പരിശീലനം സിദ്ധിച്ച തന്റെ കുട്ടികള്‍ക്കായി എന്നുള്ളത് ഈ എഴുപത്തിരണ്ടുകാരന്‍ അഭിമാനപൂര്‍വ്വം സ്മരിക്കുന്നു. 
റിട്ട. അദ്ധ്യാപകനായിരുന്ന ശ്രീ. കെ. നാരായണന്റെയും കണിച്ചുകുളങ്ങര, കറുകപ്പറമ്പില്‍ ശ്രീമതി നാരായണിയമ്മയുടെയും പുത്രനായി 1935 ആഗസ്റ് 15-ന് ജനിച്ചു. വയോജന വിദ്യാഭ്യാസപരിപാടികള്‍ക്ക് നേതൃത്വമേകിയിരുന്ന ശ്രീ. നാരായണന്‍, റിട്ടയര്‍മെന്റിന് ശേഷം ശ്രീനാരായണാ ലേബര്‍ വെല്‍ഫെയര്‍ സൊസൈറ്റിക്ക് രൂപം കൊടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.
കണിച്ചുകുളങ്ങര സ്കൂളില്‍നിന്നും എസ്.എസ്.എല്‍.സി. പാസ്സായ ശേഷം ആലപ്പുഴ എസ്.ഡി. കോളേജില്‍നിന്നും ഇന്റര്‍മീഡിയേറ്റ് പാസ്സായി. തുടര്‍ന്ന് എയര്‍ഫോഴ്സില്‍ 15 വര്‍ഷത്തോളം എയര്‍ ഫ്രെയിം ഫിറ്ററായി ശ്രീ. ഗോപിനാഥ് സേവനമനുഷ്ഠിച്ചു. എന്‍.ഐ.എസ്സ് പാട്യാലയില്‍ നിന്നുമാണ് വോളിബോളില്‍ സ്പോര്‍ട്സ് ഡിപ്ളോമ നേടിയത്. 
ഒന്‍പതു വയസ്സുമുതല്‍തന്നെ ശ്രീ. ഗോപിനാഥ് വോളിബോള്‍ കളിച്ചുതുടങ്ങി. മണ്ണഞ്ചേരി വൈ.എം. എ., കണിച്ചുകുളങ്ങര ഹൈസ്കൂള്‍, എസ്.ഡി. കോളജ് എന്നിവയായിരുന്നു ആദ്യകാല കളിസ്ഥലങ്ങള്‍. 1954-ലാണ് എയര്‍ഫോഴ്സില്‍ നിയമനം ലഭിച്ചത്. ആസമയത്ത് ഇന്ത്യ സന്ദര്‍ശിച്ച സിലോണ്‍ ടീമിന് എതിരായി മദ്രാസില്‍ ടെസ്റ് മാച്ച് കളിക്കാന്‍ സാധിച്ചു. ഇത് ചെറുപ്പത്തില്‍ത്തന്നെ ഇദ്ദേഹത്തിന് ലഭിച്ച സൌഭാഗ്യമാണ്. ഔദ്യോഗിക ജീവിതത്തിനിടയിലും വോളിബോള്‍കളിക്ക് പ്രാധാന്യം നല്കിയിരുന്ന ശ്രീ. ഗോപിനാഥ് എയര്‍ ഫോഴ്സിനെ പ്രതിനിധീകരിച്ച് ഇന്റര്‍ സര്‍വ്വീസില്‍ 4 പ്രാവശ്യം ചാമ്പ്യന്‍ പട്ടം നേടുകയുണ്ടായി. 1959-ല്‍ കംബൈന്‍ഡ് സര്‍വ്വീസസ് ടീമില്‍ അംഗമായി. അതേ വര്‍ഷംതന്നെ സര്‍വ്വീസസ് ടീം നാഷണല്‍ ചാമ്പ്യന്മാരാവുകയും ചെയ്തു.
വോളിബോള്‍ രംഗത്തെ പ്രാഗത്ഭ്യം രാജകുമാരി അമൃതകൌര്‍ കോച്ചിങ് സെന്ററിലേക്ക് പ്രവേശനം ലഭിക്കുന്നത് സുഗമമാക്കി. റഷ്യന്‍ കോച്ച് എം.പി. പിമിനോവിന്റെ ശിക്ഷണം അന്തര്‍ദ്ദേശീയ തലത്തിലുള്ള പല തന്ത്രങ്ങളും പഠിക്കാനുപകരിച്ചു. എന്‍.ഐ.എസില്‍ നിന്ന് വോളിബോള്‍ കോച്ച് ആകുന്നതിനുള്ള കോഴ്സ് വിജയകരമായി ശ്രീ. ഗോപിനാഥ് പൂര്‍ത്തീകരിച്ചു.
എയര്‍ഫോഴ്സിന്റെ മെയിന്റനന്‍സ് കമാന്‍ഡ് ടീമിന്റെ പരിശീലകനായി ആവഡിയിലായിരുന്നു ആദ്യ നിയമനം. പിന്നീട്, തുടര്‍ച്ചയായി 6 വര്‍ഷം ശ്രീ. ഗോപിനാഥിന്റെ പരിശീലനം സിദ്ധിച്ച ഈ ടീമാണ് എയര്‍ ഫോഴ്സ് ചാമ്പ്യന്‍ഷിപ്പ് നേടിയത്. എതിരാളികള്‍ക്ക് ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെ ഹൈദരാബാദില്‍ നിന്നും നേടിയ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡ് നാളിതുവരെ ഭേദിക്കപ്പെട്ടിട്ടില്ല.
അര്‍പ്പണബോധം, ആത്മാര്‍ത്ഥത, കഠിനപ്രയത്നം ഇതു മൂന്നുമാണ് ശ്രീ. ഗോപിനാഥിനെ മികച്ച പരിശീലകനാക്കുന്നത്. എയര്‍ഫോഴ്സിലും സര്‍വ്വീസസ്സിലും സ്പോര്‍ട്സ് രംഗത്ത് ഉണ്ടാക്കിയ നേട്ടങ്ങള്‍ മാനിച്ച് ഏ.ഒ.സി. ഇന്‍ചാര്‍ജ്ജ് ഒ.പി. മെഹ്റ ഇദ്ദേഹത്തിന് കമന്‍ഡേഷന്‍ സര്‍ട്ടിഫിക്കേറ്റ് നല്കി ആദരിച്ചു. 1969-ല്‍ എയര്‍ഫോഴ്സില്‍ നിന്നും വിരമിക്കുമ്പോള്‍ ഈ കായികപ്രതിഭയുടെ സേവനങ്ങളേയും നേട്ടങ്ങളെയും മാനിച്ച് ആവഡി എയര്‍ഫോഴ്സിലെ ഫ്ളഡ്ലിറ്റ് വോളിബോള്‍ സ്റേഡിയം ഗോപിനാഥ് സ്റേഡിയം എന്ന് നാമകരണം ചെയ്യുകയുണ്ടായി. 
കേരളത്തിലെത്തിയ ശ്രീ. ഗോപിനാഥ് 1970-ല്‍ കേരള സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് കേണല്‍ ഗോദവര്‍മ്മ രാജയുടെ ആവശ്യപ്രകാരം കേരളാ സ്പോര്‍ട്സ് കൌണ്‍സില്‍ കോച്ച് സ്ഥാനം ഏറ്റെടുത്തു. 1972-ല്‍ കേരളാ യൂണിവേഴ്സിറ്റി കോച്ചായ ഇദ്ദേഹം 1973- മുതല്‍ തുടര്‍ച്ചയായി 7 വര്‍ഷം കേരളാ യൂണിവേഴ്സിറ്റിയെ അഖിലേന്ത്യാ ചാമ്പ്യന്മാരാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു. നാളിതുവരെ ഭേദിക്കപ്പെടാത്ത രണ്ടാമത്തെ റെക്കോര്‍ഡാണിത്. കേരളാ യൂണിവേഴ്സിറ്റിയുടെ ചരിത്രത്തില്‍ 11 പ്രാവശ്യം മാത്രമാണ് സ്വര്‍ണ്ണമെഡല്‍ നേടാനായത്, അതില്‍ 9 പ്രാവശ്യം ശ്രീ. ഗോപിനാഥിന്റെ ശിക്ഷണത്തിനു കീഴിലുള്ള ടീമാണ് ഇത് കരസ്ഥമാക്കിയത് എന്നത് ഈ പരിശീലകന്റെ മികവ് വ്യക്തമാക്കുന്നു.
ഇക്കാലത്താണ്് ഇന്ത്യന്‍ യൂണിവേഴ്സിറ്റി വോളിബോള്‍ കോച്ചായി ശ്രീ. ഗോപിനാഥ് തെരഞ്ഞെടുക്കപ്പെടുന്നത്. 6 മാസക്കാലം ഇന്ത്യന്‍ യൂണിവേഴ്സിറ്റി ടീമിന് കഠിനമായ പരിശീലനം നല്കുകയും മദ്രാസില്‍ വച്ച് നടന്ന ഡിപ്പാര്‍ട്ട്മെന്റല്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിച്ച് ചാമ്പ്യന്‍മാരാക്കുകയും ചെയ്തു. അതോടൊപ്പം തിരുനെല്‍വേലിയില്‍ നടന്ന ഇന്റര്‍സ്റേറ്റ് ഫെഡറേഷന്‍ കപ്പ് ഇദംപ്രഥമമായി നേടി ചരിത്രവിജയം കുറിക്കുകയും ചെയ്തു. ഇതായിരുന്നു മൂന്നാമത്തെ റെക്കോര്‍ഡ്.
വീണ്ടും കേരളത്തിലെത്തിയ ശ്രീ. ഗോപിനാഥ് എം.ജി. യൂണിവേഴ്സിറ്റി വോളിബോള്‍ കോച്ചായി നിയമിതനായി. പുരുഷടീമിനെയും വനിതാ ടീമിനെയും ഒരുപോലെ പരിശീലിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിശീലനത്തിനു കീഴില്‍ പുരുഷ-വനിതാ ടീമുകള്‍ ഹാട്രിക് വിജയം നേടി ചരിത്രം കുറിച്ചു. രണ്ടു സര്‍വ്വകലാശാലകളിലായി നടത്തിയ 24 വര്‍ഷത്തെ സേവനത്തിനുള്ളില്‍, 140-ഓളം യൂണിവേഴ്സിറ്റികള്‍ പങ്കെടുത്ത അഖിലേന്ത്യാ ഇന്റര്‍ യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് 21 സ്വര്‍ണ്ണം, 3 വെള്ളി, 6 ബ്രോണ്‍സ് മെഡലുകളടക്കം 30 മെഡലുകള്‍ ശ്രീ. ഗോപിനാഥിന്റെ ശിഷ്യര്‍ക്ക് നേടാനായത് അപൂര്‍വ്വനേട്ടമായി നിലനില്‍ക്കുന്നു. ഇദ്ദേഹത്തിന്റെ പരിശീലനത്തില്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റി വനിതാ ടീം 1990-ല്‍ വെങ്കലവും തുടര്‍ച്ചയായി 3 വര്‍ഷം വെള്ളിയും നേടി. ശ്രീ. ഗോപിനാഥിന്റെ മഹനീയമായ സേവനങ്ങള്‍ കണക്കിലെടുത്ത് എം.ജി. യൂണിവേഴ്സിറ്റി 2 വര്‍ഷം കൂടി സര്‍വ്വീസ് കാലയളവ് നീട്ടി ഇദ്ദേഹത്തെ ആദരിച്ചു.
അര്‍ജ്ജുന അവാര്‍ഡ് ജേതാവായ പരേതനായ ജിമ്മി ജോര്‍ജ്ജ്, അര്‍ജ്ജുന-ദ്രോണാചാര്യാ ജേതാവായ ശ്യാംസുന്ദര്‍ റാവു, ഉദയകുമാര്‍ (അര്‍ജ്ജൂന അവാര്‍ഡ്), സണ്ണി ജോസഫ് തുടങ്ങിയവര്‍ ശ്രീ. ഗോപിനാഥ് വളര്‍ത്തിയെടുത്ത കായികതാരങ്ങളാണ്.
കായികരംഗത്തിനുപുറമേ പൊതുരംഗത്തും ശ്രദ്ധേയങ്ങളായ ഭാരവാഹിത്വങ്ങള്‍ ശ്രീ. ഗോപിനാഥ് വഹിച്ചു. അമ്പലപ്പുഴ താലൂക്ക് എസ്.എന്‍.ഡി.പി. യൂണിയന്‍ അദ്ധ്യക്ഷന്‍, ചേര്‍ത്തല എസ്.എന്‍. കോളെജ് ആര്‍.ഡി.സി. ചെയര്‍മാന്‍, ഹാപ്പ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ കാര്യക്ഷമതയോടുകൂടി ഇദ്ദേഹം കൈകാര്യം ചെയ്തുവരുന്നു. 
കാന്‍ ഫെഡിന്റെ പ്രഥമ പി.എന്‍. പണിക്കര്‍ പുരസ്കാരം, ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള ഫാദര്‍ റെയ്നോള്‍ഡ് പുത്തന്‍പുരയ്ക്കലിന്റെ പേരിലുള്ള ദയാ അവാര്‍ഡ് , 2006-ലെ പി.ടി. ചാക്കോ ഫൌണ്ടേഷന്‍ സ്പോര്‍ട്സ് അവാര്‍ഡ്, 2006 സാംബശിവന്‍ ഫൌണ്ടേഷന്‍ സ്പോര്‍ട്സ് അവാര്‍ഡ്, കേരളാ മനുഷ്യാവകാശ സംരക്ഷണസമിതിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരം, 2006-മദര്‍ തെരേസ അവാര്‍ഡ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മികച്ച വോളിബോള്‍ കോച്ചിനുള്ള അവാര്‍ഡ്, നിരവധി പ്രശസ്തി പത്രങ്ങള്‍ തുടങ്ങിയവ ഇദ്ദേഹത്തെ തേടിയെത്തി. 
സ്വന്തം പണം ഉപയോഗിച്ച് ഇദ്ദേഹം നടത്തിയ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. നിര്‍ധനരായ 5 കുടുംബങ്ങള്‍ക്ക് വീടു വച്ചുനല്കി. കലവൂര്‍, മണ്ണഞ്ചേരി സ്കൂളുകള്‍ക്ക് ഓഡിറ്റോറിയം, തമ്പകചുവട്, തുമ്പോളി സ്കൂളുകള്‍ക്ക് ബഞ്ചും ഡസ്കുകളും കാവുങ്കല്‍, വളവനാട്, കൊമ്മാടി സ്കൂളുകള്‍ക്ക് മൈക്ക് സെററിനുള്ള സാമ്പത്തിക സഹായം, കാവുങ്കല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് 100 പ്ളേറ്റുകള്‍ എന്നിവ ഇദ്ദേഹത്തിന്റെ സംഭാവനയാണ്. കൂടാതെ തുമ്പോളി സ്കൂള്‍ ഗ്രൌണ്ട് നന്നാക്കി കൊടുത്തു. നിരവധി അംഗന്‍വാടികള്‍ക്ക് സാമ്പത്തിക സഹായം നല്കി. കലവൂര്‍ ഹെല്‍ത്ത് സെന്ററില്‍ 35000 രൂപയുടെ ഉപകരണങ്ങള്‍ സംഭാവന ചെയ്തു. കൂടാതെ നിരവധി വിദ്യാര്‍ത്ഥികളെ ദത്തെടുത്ത് പഠിപ്പിക്കുന്നു. ഒപ്പം വിവാഹ സഹായവും നല്കി വരുന്നു. വിവിധ സ്കൂളുകളിലും വായനശാലകളിലുമായി എഴുപതോളം പത്രങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നു. 
കണിച്ചുകുളങ്ങര സ്വദേശിനി റിട്ട. അദ്ധ്യാപികയായ ശ്രീമതി ടി.കെ. പങ്കിയാണ് ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി.
ശ്രീ. ഗോപിനാഥ്-ശ്രീമതി പങ്കി ദമ്പതികള്‍ക്ക് 3 മക്കളാണുള്ളത്. ബിനു (പോസ്റ് മാസ്റര്‍, മണ്ണഞ്ചേരി), ബിജു (ക്യാഷ്യര്‍, കെ.എസ്.ഇ.ബി., പാതിരപ്പള്ളി), ബീന (പ്ളസ്ടു അദ്ധ്യാപിക) എന്നിവരാണ് മക്കള്‍. പ്രശസ്ത സാഹിത്യകാരനായ ശ്രീ. കലവൂര്‍ രവിയാണ് ശ്രീ. കലവൂര്‍ എന്‍ ഗോപിനാഥിന്റെ ഏകസഹോദരന്‍.

              
Back

  Date updated : 10/9/2010