K C Jacob

K C Jacob

Any

Reading

Problem

Teacher

Kollamalayil House

Koomanthodu P.O., Karikkottakkari-670 704

Kannur, Mob:9447321055, Res: 0490 2454539

Nil

Back

Nil

കെ.സി. ജേക്കബ് മികച്ച അധ്യാപകനുള്ള അവാര്‍ഡ് മുഖ്യമന്ത്രി ഇ.കെ. നായനാരില്‍ നിന്നും ഏറ്റുവാങ്ങുന്നു.

കെ.സി. ജേക്കബ് കുടുംബത്തോടൊപ്പം

മാതൃകാധ്യാപകന്‍, പൊതുപ്രവര്‍ത്തകന്‍, മികച്ച സംഘാടകന്‍ എന്നീ നിലകളില്‍ തിളങ്ങിയ ശ്രീ. കെ.സി. ജേക്കബ്

മാതൃകാധ്യാപകന്‍, മികച്ച സംഘാടകന്‍, കഴിവുറ്റ സഹകാരി, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ തിളങ്ങിയ വ്യക്തിയാണ് ശ്രീ. കെ.സി. ജേക്കബ്. പെരുമാറ്റംകൊണ്ടും മാന്യത കൊണ്ടും സമൂഹത്തില്‍ മാന്യമായ സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞ ഇദ്ദേഹത്തിന് തന്റെ കര്‍മ്മരംഗങ്ങളിലെല്ലാം ഉന്നതശ്രേണിയിലെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ചെറുപ്പകാലത്ത് 5 കി.മീ. നടന്നും ഒന്നര കി.മീ. വളളത്തിലുമായി സ്കൂളില്‍ പോയ വ്യക്തിയാണ് ഇദ്ദേഹം. കുട്ടിക്കാലം മുതല്‍ക്കേ കലാ, സാഹിത്യ, കായികരംഗങ്ങളില്‍ മികവു പുലര്‍ത്തിയിരുന്ന ഇദ്ദേഹത്തിന്റെ ലേഖനങ്ങളും ചെറുകഥകളും കോളേജ് മാഗസിനില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. നല്ലൊരു ക്രിക്കറ്റ്, ഹോക്കി, ഫുട്ബോള്‍ കളിക്കാരനായിരുന്ന ജേക്കബ് കോളേജ് ടീമിലെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു.
ബി.എഡിനുശേഷം കുറുപ്പന്തറയില്‍ പ്രവര്‍ത്തിച്ചിരുന്ന ജനതാ ട്യൂട്ടോറിയലില്‍ പ്രിന്‍സിപ്പല്‍ ആയി ജോലിചെയ്തു. പിന്നീട് പാലക്കാട് ഗാന്ധിസേവാസദന്‍ ബേസിക് ട്രെയിനിങ് സ്കൂളില്‍ ട്രെയിനിങ് സ്കൂള്‍ അസിസ്റന്റായും ഹോസ്റല്‍ വാര്‍ഡന്‍ ആയും ജോലിചെയ്തു. 1969-ല്‍ ആണ് കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂളില്‍ അധ്യാപകനായി ചേര്‍ന്നത്. 1984-ല്‍ ബി.വി.ജെ.എം. എച്ച്.എസ്. പെരുമ്പടവില്‍ ഹെഡ്മാസ്ററായി പ്രമോഷന്‍ കിട്ടി. 1988-ല്‍ വെളിമാനം സെന്റ് സെബാസ്റ്യന്‍സ് സ്കൂളിലേയ്ക്കും 1993-ല്‍ കിളിയന്ത്ര സെന്റ് തോമസ് സ്കൂളിലേയ്ക്കും സ്ഥലമാറ്റം കിട്ടി. 1994-ല്‍ വീണ്ടും കരിക്കോട്ടക്കരിയിലേയ്ക്ക് വന്ന ഇദ്ദേഹം 1999-ല്‍ ഇവിടെനിന്നും വിരമിച്ചു.
അധ്യാപകജീവിതത്തിന്റെ തുടക്കംമുതല്‍ സംഘാടനാ പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു ഇദ്ദേഹം. 1975 മുതല്‍ 84 വരെ പ്രൈവറ്റ് സ്കൂള്‍ ഗ്രാജ്വേറ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ (പി.ജി.റ്റി.എ) തലശ്ശേരി വിദ്യാഭ്യാസജില്ലാ സെക്രട്ടറി ആയിരുന്നു. പിന്നീട്, കേരള പ്രൈവറ്റ് സ്കൂള്‍ ഹെഡ്മാസ്റേഴ്സ് അസോസിയേഷന്‍ (കെ.പി.എസ്.എച്ച്.എ) സംസ്ഥാന എക്സിക്യൂട്ടിവ് മെമ്പര്‍ ആയും സംസ്ഥാന വൈസ്പ്രസിഡന്റായും പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കെ.പി.എസ്.എച്ച്.എ. പ്രസിഡന്റായിരുന്ന കാലത്ത് സ്റേറ്റ് കരിക്കുലം സ്റിയറിങ് കമ്മിറ്റി മെമ്പറായിരുന്നു.
സഹകരണരംഗത്തും നിറഞ്ഞ സാന്നിദ്ധ്യമാകാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. കരിക്കോട്ടക്കരി കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സ്റോറിന്റെ പ്രസിഡന്റായി ദീര്‍ഘകാലം സേവനം ചെയ്തു. 1983-ല്‍ ഇരിട്ടി ആസ്ഥാനമായി തലശ്ശേരി താലൂക്ക് റബ്ബര്‍ ആന്‍ഡ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ആരംഭിച്ചത് ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ്. ഈ സൊസൈറ്റിയുടെ പ്രഥമ മെമ്പറായിരുന്ന ഇദ്ദേഹം തുടര്‍ച്ചയായി 16 വര്‍ഷം ഇതിന്റെ പ്രസിഡന്റായിരുന്നു. ഈ കാലഘട്ടത്തില്‍ സൊസൈറ്റിയുടെ കീഴില്‍ 10 ശാഖകളും ആനപ്പന്തിയില്‍ പ്രീ ക്യൂര്‍ഡ് ത്രെഡ് ഫാക്ടറിയും സ്ഥാപിച്ചു.
രാഷ്ട്രീയരംഗത്തും സജീവമാകാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ്സിന്റെ തുടക്കം മുതല്‍ അതില്‍ പ്രവര്‍ത്തിച്ച ജേക്കബ് സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. പി.സി. തോമസ് ഇന്‍ഡ്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി (ഐ.എഫ്.ഡി.പി)ക്ക് രൂപം കൊടുത്തപ്പോള്‍ അതിന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു. പിന്നീട് ഈ പാര്‍ട്ടി കേരളാ കോണ്‍ഗ്രസ്സ്-ജെയില്‍ ലയിച്ചപ്പോള്‍ അതിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി. ഇപ്പോഴും ആ സ്ഥാനത്ത് തുടരുന്നു. കൂടാതെ, കെ.റ്റി. കുഞ്ഞഹമ്മദ് ചെയര്‍മാനായുള്ള ഡിലൈറ്റ് മെഡിക്കല്‍ എസ്റാബ്ളിഷ്മെന്റ്സ് ഇന്‍ഡ്യ ലിമിറ്റഡ് എന്ന പബ്ളിക് കമ്പനിയുടെ മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.
കര്‍മ്മവീഥിയില്‍ നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1996-ല്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചു. ഇന്‍ഡ്യാഗവണ്‍മെന്റിന്റെ എമിനെന്റ് കോ ഓപ്പറേറ്റര്‍ പദവിയും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ മാഞ്ഞൂരില്‍ കൊല്ലമലയില്‍ ചാക്കോയുടെയും അന്നമ്മയുടെയും മകനായി 1943 ഓഗസ്റ് 24-നാണ് ജേക്കബ് ജനിച്ചത്. കുറവിലങ്ങാട് മര്‍ത്തമറിയം പള്ളിയിലെ ആരംഭ ഇടവകക്കാരായ അഞ്ചുവീടര്‍ കുടുംബത്തിലെ ഒരു കുടുംബമായ കത്തേടം ആണ് മൂലകുടുംബം. ഈ കുടുംബത്തിലെ ഒരു കാരണവര്‍ മാഞ്ഞൂര്‍ കരയില്‍ കൊല്ലമല എന്ന പുരയിടം വാങ്ങുകയും അങ്ങനെ കൊല്ലമലയില്‍ എന്ന വീട്ടുപേര് ലഭിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. ഗവണ്‍മെന്റ് എല്‍.പി.സ്കൂള്‍ മാഞ്ഞൂര്‍ നോര്‍ത്ത്, ഗവണ്‍മെന്റ് യു.പി.എസ.് മാഞ്ഞൂര്‍ സൌത്ത്, സെന്റ് ജോര്‍ജ് എച്ച്.എസ്. കൈപ്പുഴ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം പാലാ സെന്റ് തോമസ് കോളേജില്‍നിന്ന് പി.യു.സി.യും ബി.എസ്.സിയും പാസ്സായി. മാന്നാനം സെന്റ് ജോസഫ്സ് ട്രെയിനിങ് കോളേജില്‍നിന്ന് ബി.എഡും കരസ്ഥമാക്കി. കോട്ടയം മീനച്ചില്‍ താലൂക്കിലെ കൂടല്ലൂരില്‍നിന്നും വെള്ളരിക്കുണ്ടിലേക്കു കുടിയേറിയ ഇരുപ്പക്കാട്ടില്‍ കുടുംബാംഗവും റിട്ടയേഡ് അധ്യാപികയുമായ ചിന്നമ്മ പി.റ്റി.യാണ് ജേക്കബ് മാസ്ററുടെ ഭാര്യ. നാഗ്പ്പൂരില്‍ ബിസിനസ്സ് ചെയ്യുന്ന തോമസ്, കടുത്തുരുത്തി റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയില്‍ എഞ്ചിനീയറായ ജോര്‍ജ്, ഇരിട്ടിയില്‍ ബിസിനസ് ചെയ്യുന്ന ജോസ്, പൈക്കാട് കല്ലോലിക്കല്‍ കുടുംബാംഗം ത്രേസ്യാമ്മ, പരേതയായ ചിന്നമ്മ, പെരുമ്പടവ് ഹൈസ്കൂള്‍ അധ്യാപിക വള്ളിത്തോട് തുമ്പേപറമ്പില്‍ കുടുംബാംഗമായ കെ.സി. ഏലിയാമ്മ എന്നിവര്‍ ഇദ്ദേഹത്തിന്റെ സഹോദരങ്ങളാണ്. ഇദ്ദേഹത്തിന്റെ മക്കള്‍ മൂന്നുപേരും പഠനത്തിലും കലാരംഗത്തും മികവു പുലര്‍ത്തിയവരാണ്. ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനീയറിങ് കോളേജ് ലക്ചറര്‍ ശ്രീജ, കേരള യൂണിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി. ചെയ്യുന്ന ജിഷ, ബാംഗ്ളൂരില്‍ സോഫ്റ്റവെയര്‍ എഞ്ചിനീയറായ ജുഡീഷ് എന്നിവരാണ് മക്കള്‍. മരുമകന്‍ കെനി ഫ്രെഡി റിയാദില്‍ എഞ്ചിനീയറാണ്.
വിസ്തൃതമായ കര്‍മ്മപഥങ്ങളിലൂടെ തന്റെ പ്രയാണം തുടരുകയാണ് ജേക്കബ് മാസ്റര്‍.

              
Back

  Date updated :