Joseph Pulikkunnel

Joseph Pulikkunnel

Any

Reading

Problem

Director, Indian Institute of Christian Studies

Osana Mount

Edamattom, Bharananganam - 686 588

Kottayam, Mob:9447196214

hosanna@sify.com

Back

.

ഓശാനമൌണ്ടിന്റെ ഇടമററത്തെ വേഡ് ആന്റ് ഡീഡ്ഡ് ആശുപത്രി

ഓശാനമൌണ്ടിലെ ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം

ക്രിസ്തീയ സഭയിലെ വേറിട്ട ശബ്ദം

മനുഷ്യായുസ്സോ തൃണതുല്യം; വയലിലെ പുഷ്പംപോലെ വിളങ്ങുന്നു; കാറ്റടിക്കുമ്പോള്‍ പൊയ്പ്പോകുന്നു; അതിന്റെ സ്ഥാനം പിന്നെ ഒരിക്കലും അതിനെ അനുസ്മരിക്കുന്നുമില്ല (സങ്കീ 103:15,16)
മരണശേഷം സാധാരണ ഞാന്‍ ധരിക്കുന്ന ഖദര്‍വസ്ത്രങ്ങള്‍ മാത്രമേ എന്റെ മൃതദേഹത്തില്‍ ധരിപ്പിക്കാവൂ. ഷൂസ്, സോക്സ്, ഗ്ളൌസ് എന്നിവ ധരിപ്പിക്കരുത്. തലയില്‍ മുടിയും വയ്ക്കരുത്! തലഭാഗത്ത് ആചാരപരമായി കുരിശുവയ്ക്കുന്നതും തിരിവയ്ക്കുന്നതും ഉപേക്ഷിക്കണം. റീത്തുവയ്ക്കുന്നതിനെ ഞാന്‍ ശക്തമായി വിലക്കുന്നു. ആചാരപരമായി എന്റെ മൃതദേഹത്തെ ബഹുമാനിക്കണമെങ്കില്‍ സ്വന്തം സ്ഥലത്തുണ്ടായ പൂക്കള്‍ ഉപയോഗിക്കണം. മൃതദേഹം എന്റെ സ്വന്തം ഭൂമിയില്‍ അടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യുക, മറവുചെയ്ത ഇടത്തില്‍ യാതൊരു ആചാരാനുഷ്ഠാനവും പാടില്ല, അനുശോചനയോഗവും കര്‍ച്ചീഫ് ഇട്ടുള്ള ചുംബനവും പൂര്‍ണ്ണമായും ഒഴിവാക്കണം........!
ഇതാണ് ശ്രീ. ജോസഫ് പുലിക്കുന്നേല്‍. ക്രിസ്തീയസഭയിലെ വേറിട്ട ശബ്ദത്തിന്റെ ഉടമ. ബൈബിള്‍ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും പുരോഹിതരല്ലാത്തവര്‍ക്കും സാധ്യമെന്ന് കാണിച്ചുതന്ന അഭ്യുദയകാംക്ഷി. തന്റെ മരണാനന്തരക്രിയകള്‍ എപ്രകാരമായിരിക്കണമെന്നുള്ള ശ്രീ. ജോസഫ് പുലിക്കുന്നേലിന്റെ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴത്തെ സഭാനേതൃത്വങ്ങളെ അമ്പരപ്പിച്ചേക്കാം. വസ്തുനിഷ്ഠവും ക്രിയാത്മകവുമായി സഭാനിയമങ്ങളെ വിമര്‍ശിക്കുകയും പുരോഗമനപരമായ ആശയങ്ങളെ മുറുകെപ്പിടിക്കുകയും ചെയ്യുന്ന ഈ മനുഷ്യന് അവയൊന്നും ഒരു പ്രശ്നമല്ല തന്നെ.
1932 ഏപ്രില്‍ 14-ന് കോട്ടയം ജില്ലയിലെ ഇടമറ്റത്താണ് ശ്രീ. ജോസഫ് പുലിക്കുന്നേലിന്റെ ജനനം. ഭരണങ്ങാനം സെന്റ്മേരീസ് സ്കൂള്‍, മൈസൂര്‍ സെന്റ് ഫിലോമിനാസ് കോളജ്, മദ്രാസ് പ്രസിഡന്‍സികോളജ് എന്നിവിടങ്ങളില്‍ പഠിച്ച് സാമ്പത്തികശാസ്ത്രത്തില്‍ ബി.എ. ഓണേഴ്സ് ബിരുദം നേടുകയും 1958 മുതല്‍ 1967 വരെ കോഴിക്കോട് ദേവഗിരി സെന്റ്ജോസഫ്സ് കോളജില്‍ അദ്ധ്യാപകനായി ഇദ്ദേഹം സേവനമനുഷ്ഠിക്കുകയും ചെയ്തു. 1969 മുതല്‍ 1976 വരെ കേരളായൂണിവേഴ്സിറ്റി സെനറ്റുമെമ്പര്‍, കെ.പി.സി.സി. മെമ്പര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ച ശ്രീ. ജോസഫ് പുലിക്കുന്നേല്‍ കേരളാകോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. ഓശാനമാസികയുടെ സ്ഥാപക എഡിറ്റര്‍, കേരള കത്തോലിക്കാ അല്‍മായ അസ്സോസിയേഷന്റെ സ്ഥാപക സെക്രട്ടറി, ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യയുടെ വിവിധ സ്ഥാപനങ്ങളുടെയും ക്രിസ്ത്യന്‍ റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റിയുടെയും ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രത്തിന്റെയും സ്ഥാപകന്‍... ശ്രീ. ജോസഫ് പുലിക്കുന്നേല്‍ പ്രവര്‍ത്തിച്ചിട്ടുള്ളതും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ സ്ഥാനങ്ങള്‍ അങ്ങനെയങ്ങനെ നീളുകയാണ്. സഭാനവീകരണത്തെ ലക്ഷ്യമാക്കി 1975-ല്‍ പ്രസിദ്ധീകരണമാരംഭിച്ചതാണ് ഓശാന മാസിക. കഴിഞ്ഞ 35 വര്‍ഷമായി ഓശാന മാസിക സഭകളിലെ ജീര്‍ണ്ണതകളെ ചൂണ്ടിക്കാണിക്കുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
ക്രൈസ്തവരുടെ സമൂഹസമ്പത്ത് ഭരിക്കുന്നതിന് ഒരു നിയമം വേണം എന്ന അഭിപ്രായത്തില്‍ ഉറച്ചുനിന്നുകൊണ്ട് ശ്രീ. ജോസഫ് പുലിക്കുന്നേല്‍ പ്രവര്‍ത്തിക്കുന്നു. സഭയുടെ സ്വത്തുവകകള്‍ ചില പുരോഹിതന്മാരുടെയും കന്യാസ്ത്രീകളുടെയും സ്വകാര്യസ്വത്തായി മാറുന്നു എന്ന ഇദ്ദേഹത്തിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് പറയാനാകില്ല. ഹിന്ദു, മുസ്ളിം, സിഖ് തുടങ്ങിയ ഇതരമതവിഭാഗങ്ങള്‍ക്കെല്ലാം ഇക്കാര്യത്തില്‍ അവരുടേതായ നിയമസംഹിതകളുള്ളപ്പോള്‍ പുരോഗമനോന്മുഖമായ ക്രിസ്തീയസഭകള്‍ക്ക് അത്തരമൊന്നില്ലാത്തത് അത്ഭുതകരംതന്നെയാണ്.
തികച്ചും ജനാധിപത്യപരമായ ഭരണസമ്പ്രദായമായിരുന്നു കേരളത്തിലെ ക്രൈസ്തവര്‍ക്കുണ്ടായിരുന്നത്. 19-ാം നൂറ്റാണ്ടിന്റെ അവസാനംവരെ പള്ളികളുടെ ഭൌതികസ്വത്തിന്മേല്‍ പുരോഹിതന്മാര്‍ക്കോ, മെത്രാന്മാര്‍ക്കോ ഒരു നിയന്ത്രണവുമുണ്ടായിരുന്നില്ല. ഇടവകയോഗത്തിനായിരുന്നു ഇത്തരം കാര്യങ്ങളില്‍ അധികാരങ്ങള്‍. എന്നാല്‍, 1983-ല്‍ കാനോന്‍ നിയമം പ്രാബല്യത്തില്‍ വന്നതോടെ പള്ളിക്കാരുടെ അധികാരം നഷ്ടപ്പെടുകയും ഭൌതികസ്വത്തുകള്‍ പുരോഹിതന്മാരുടെ ചൊല്പടിയിലാവുകയും ചെയ്തു. ക്രൈസ്തവരുടെ പൊതുസമ്പത്തിന്റെ ഭരണത്തില്‍ ഒരു പൊതുനിയമം വന്നാല്‍ അതുതന്നെ സഭകളുടെ ഏകീകരണത്തിന് കാരണമാകുമെന്ന് ശ്രീ. ജോസഫ് പുലിക്കുന്നേല്‍ പറയുന്നു. ഓര്‍ത്തഡോക്സ് സഭയിലെ ബാവാമാരുടെ ഏറ്റുമുട്ടലുകള്‍ ഇവിടെ പ്രസക്തമാണ്. സ്വത്തിനുവേണ്ടി ഇവര്‍ പരസ്പരം കലഹിക്കുമ്പോള്‍ വിശ്വാസികള്‍ക്കുണ്ടാകുന്ന ആദ്ധ്യാത്മിക തകര്‍ച്ച ആരും കാണുന്നില്ല. അനധികൃതമായി സമ്പത്ത് കുന്നുകൂടുന്നിടത്ത് ആദ്ധ്യാത്മികത ദുര്‍ബ്ബലമാകും. അവിടെ അഴിമതിയും അക്രമവും സ്ഥിരം സംഭവങ്ങളായിമാറുന്നു. ഓശാന മാസികയിലൂടെ ശ്രീ. ജോസഫ് പുലിക്കുന്നേല്‍ പറയുന്നു.
രൂപതകളില്‍നിന്ന് പണം അടിച്ചുമാറ്റി മുങ്ങുന്ന മെത്രാന്മാരും പുരോഹിതന്മാരും ഉണ്ട്. സത്യസന്ധനായിരിക്കേണ്ട പുരോഹിതന്‍ കാട്ടുന്ന അധാര്‍മ്മികതകള്‍ സമൂഹത്തെയാകെ ദുര്‍ബ്ബലപ്പെടുത്തുകയേ ഉള്ളൂ. പള്ളി സ്വത്ത് മാര്‍പാപ്പയുടേയോ മെത്രാന്റെയോ അച്ചന്മാരുടെയോ അല്ല; അത് പള്ളിക്കാരുടേതാണ്. പള്ളി സ്വത്തിന്റെ ഭരണം ഭാരതീയപാരമ്പര്യമനുസരിച്ച് ജനാധിപത്യരീതിയില്‍ നടത്തപ്പെടുന്നതിനുള്ള ഒരു സംവിധാനമാണ് ഉണ്ടാകേണ്ടതെന്ന് ഓശാന മാസികയിലെ എഡിറ്റോറിയലില്‍ ഇദ്ദേഹം അടിവരയിട്ടുപറയുന്നു. സഭകളുടെ മൂല്യച്യുതിക്കെതിരേ പടനയിക്കുകയാണ് ഓശാനമൌണ്ട് സ്ഥാപനങ്ങളിലൂടെ ശ്രീ. പുലിക്കുന്നേല്‍.
വിശുദ്ധമായ ഒരു ട്രസ്ററാണ് ഓശാനമൌണ്ട്. സ്ഥാപകന്‍ താനാണെങ്കിലും തനിക്കോ തന്റെ പിന്‍മുറക്കാര്‍ക്കോ ഇതിന്മേല്‍ നിയമപരമായ യാതൊരു അവകാശവും നല്കിയിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. ഓശാന മൌണ്ട് സ്ഥാപനങ്ങള്‍ ഈശ്വരനിശ്ചയമാണ്. അതിന്റെ വളര്‍ച്ചയ്ക്കുവേണ്ടി 35 വര്‍ഷക്കാലം ചെലവഴിച്ചത് ഈശ്വരനിയോഗമായി മാത്രമേ കാണുന്നുള്ളൂ. ശ്രീ. ജോസഫ് പുലിക്കുന്നേലിനെപ്പോലെ ഇങ്ങനെ നെഞ്ചില്‍ കൈവച്ചുപറയാന്‍ ഇന്നത്തെ ഏതെങ്കിലും പുരോഹിതര്‍ക്കു കഴിയുമോ? തങ്ങള്‍ സ്ഥാപിച്ചതോ അല്ലാത്തതോ ആയ സ്ഥാവരജംഗമവസ്തുവകകള്‍ അന്ത്യയാത്രയിലും ഒപ്പം കൂട്ടുവാന്‍ പഴുതന്വേഷിക്കുന്ന പുരോഹിതന്മാര്‍ക്ക് ശ്രീ. ജോസഫ് പുലിക്കുന്നേല്‍ എന്ന സഭാസ്നേഹി അകലെ നിര്‍ത്തേണ്ടവനാകുന്നതില്‍ അത്ഭുതത്തിനുവകയില്ല.
ഓശാനമൌണ്ടിന്റെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥാവകാശം ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യ, കാത്തലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി എന്നീ പേരുകളിലുള്ള ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കാണ്. ഗുഡ്സമരിറ്റന്‍ പ്രോജക്ട് ഇന്ത്യ എന്ന സംഘടനയാണ് കേരളത്തിനകത്തും പുറത്തുമായി വിവിധ സേവനസ്ഥാപനങ്ങള്‍ നടത്തുന്നത്. കാത്തലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ ചുമതലയില്‍ ബൈബിള്‍, ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റഡീസ്, ലൈബ്രറി, വാസകേന്ദ്രങ്ങള്‍ മുതലായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
കഴിഞ്ഞ കുറേക്കാലമായി ചില പുരോഹിതന്മാര്‍ തനിക്കെതിരെ ധാരാളം ആരോപണങ്ങള്‍ ലഘുലേഖകളിലൂടെയും കത്തുകളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നുണ്ടെന്ന് ശ്രീ. ജോസഫ് പുലിക്കുന്നേല്‍ പറഞ്ഞു. സാമൂഹികമാറ്റത്തിനുവേണ്ടി ആശയസംവാദം നടത്തുന്നവര്‍ക്കെതിരെ അപവാദപ്രചാരണം നടത്തുന്നത് കാലിക സമൂഹവ്യവസ്ഥയുടെ ഗുണഭോക്താക്കളുടെ സ്ഥിരം ശൈലിയാണ്. തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെ ശ്രീ. ജോസഫ് പുലിക്കുന്നേല്‍ ഇങ്ങനെ മാത്രമേ കാണുന്നുള്ളൂ.
പാലാ-ഈരാറ്റുപേട്ട റൂട്ടില്‍ ഭരണങ്ങാനത്തുനിന്ന് ഒന്നരക്കിലോമീറ്റര്‍ മാറിയാണ് ഓശാനമൌണ്ട് സ്ഥിതിചെയ്യുന്നത്. ശ്രീ. ജോസഫ് പുലിക്കുന്നേല്‍ ഓണററി ഡയറക്ടര്‍ ആയുള്ള ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യ ക്യാന്‍സര്‍ സാന്ത്വന ശുശ്രൂഷാ ക്ളിനിക്ക്, പ്രമേഹബാലികാഭവനം, സൌജന്യപ്രമേഹചികിത്സാപദ്ധതി, പഠനസഹായ പദ്ധതി, സുനാമി ഭവനപദ്ധതി, തുടങ്ങിയ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കുന്നുണ്ട്.
ഏകദേശം മുന്നൂറോളം ക്യാന്‍സര്‍ രോഗികള്‍ക്കും ഓശാനമൌണ്ടില്‍ സൌജന്യചികിത്സ നല്കുന്നുണ്ട്. ശ്രീ. ജോസഫ് പുലിക്കുന്നേല്‍, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സംഭാവനയായി കാണുന്നത്, ബൈബിള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ നേതൃത്വം നല്കി എന്നതാണ്. അല്‍മായന്റെ നേതൃത്വത്തില്‍, സഭകളുടെ പിന്തുണയില്ലാതെ നടത്തിയ ലോകത്തിലെ ആദ്യസംരംഭമായിരുന്നു ഇത്. അഞ്ചുകൊല്ലംകൊണ്ട് തര്‍ജ്ജമ പൂര്‍ത്തിയാക്കി. 1983-ല്‍ മലയാളം ബൈബിള്‍ പ്രസിദ്ധീകരിച്ചു എന്നതും ഒരു ലോകറിക്കാര്‍ഡാണ്. ഏഴരലക്ഷം ബൈബിളുകള്‍ ഇക്കാലത്തിനിടയില്‍ വിതരണം ചെയ്തു. നൂറ്റിയന്‍പതുമുതല്‍ മുകളിലേക്ക് വിലയുള്ള ബൈബിളുകള്‍ വെറും മുപ്പത്തിയഞ്ച് രൂപയ്ക്ക് ഇവിടെനിന്നും ലഭ്യമാക്കി. കാലാകാലങ്ങളില്‍ സെമിനാറുകള്‍, ക്യാമ്പുകള്‍ എന്നിവ നടത്തുകയും സഭയുടെ ആദ്ധ്യാത്മികപുരോഗതി വിലയിരുത്തുകയും ചെയ്യുന്നുണ്ട്.
ഇന്നത്തെ ന്യൂനപക്ഷാവകാശം സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ല എന്ന അഭിപ്രായവും ശ്രീ. ജോസഫ് പുലിക്കുന്നേലിനുണ്ട്. സഭയുടെ പ്രിയപ്പെട്ടവര്‍ക്കും ഉന്നതരായ അച്ചന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും മാത്രമാണ് ഇതിന്റെ പ്രയോജനം. സാധാരണക്കാരായ വിശ്വാസികള്‍ ഇന്നത്തെ ന്യൂനപക്ഷം എന്ന സഭാനിര്‍വ്വചനത്തിന്റെ പരിധിയില്‍ വരുന്നില്ല എന്ന് ഇദ്ദേഹം പറയുന്നു.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 485 കുട്ടികള്‍ക്ക് സഹായവും പലിശരഹിത വായ്പയും ഓശാനമൌണ്ടില്‍നിന്നും നല്കുന്നുണ്ട്. 11 പേരടങ്ങുന്ന ബോര്‍ഡിന്റെ തീരുമാനമനുസരിച്ചാണ് ഇവിടത്തെ കാര്യങ്ങള്‍ നടത്തുന്നത്. എണ്‍പതോളം ജീവനക്കാരുണ്ട് ഓശാനമൌണ്ടില്‍. സ്വന്തമായുള്ള പതിനൊന്നരയേക്കര്‍ സ്ഥലത്തുനിന്നുള്ള വരുമാനമാണ് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനം. അടുത്തകാലത്ത് ചിക്കുന്‍ഗുനിയപോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നപ്പോള്‍ രോഗികള്‍ക്ക് പത്തുകിലോ അരിവീതം ഓശാനമൌണ്ടില്‍നിന്ന് നല്കിയിരുന്നു.
ഓശാന മാസികയുടെ എഡിറ്ററായ ശ്രീ. ജോസഫ് പുലിക്കുന്നേല്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഐഡന്റിറ്റി ഓഫ് നസ്രാണി ചര്‍ച്ച് ഓഫ് കേരള, സിംഹാസനപ്പോര്, കേരളക്രൈസ്തവ ചരിത്രം-വിയോജനക്കുറിപ്പുകള്‍, കാനോന്‍ നിയമത്തിലെ കാണാച്ചരടുകള്‍, മാനിക്കേയന്‍ കുരിശുവിവാദം, മറുവാക്ക്, കേരളാകോണ്‍ഗ്രസ് സ്ഥാപനചരിത്രം എന്നിങ്ങനെ പതിന്നാലോളം പുസ്തകങ്ങളുടെ കര്‍ത്താവാണ് ഇദ്ദേഹം.
പരേതയായ ശ്രീമതി കൊച്ചുറാണിയാണ് ശ്രീ. ജോസഫ് പുലിക്കുന്നേലിന്റെ ഭാര്യ. 2008 ഫെബ്രുവരി 22-ന് നിര്യാതയായ ഇവരുടെ മൃതദേഹം വീട്ടുവളപ്പില്‍ ദഹിപ്പിച്ചു. ശ്രീ. ജോസഫ്-ശ്രീമതി കൊച്ചുറാണി ദമ്പതികള്‍ക്ക് ശ്രീമതി. റസീമ, ശീമതി. റിനീമ, പരേതയായ ശീമതി. രാഗീമ, ശ്രീ. രാജു, ശീമതി. രതീമ എന്നീ അഞ്ചുമക്കളുണ്ട്. മരുമക്കള്‍: ശ്രീ. ജോര്‍ജ്ജ് മാത്യു വാഴേപ്പറമ്പില്‍, ചങ്ങനാശ്ശേരി(ഇലക്ട്രിസിറ്റി ബോര്‍ഡ്). അഡ്വ: അശോക് ചെറിയാന്‍ മഠത്തില്‍പ്പറമ്പില്‍, എറണാകുളം (കേരള ഹൈക്കോടതി) അഡ്വ: കെ സി ജോസഫ് കിഴക്കയില്‍, പാല (പാല കോടതി) ശ്രീമതി. ഷിജി വാലേത്ത്, കോലഞ്ചേരി, ശ്രീ. രവി ഡി.സി. (സി.ഇ.ഒ., ഡി.സി. ബുക്സ്, കോട്ടയം)
കത്തോലിക്കാസഭയില്‍ ഇന്നുകാണുന്ന രാജകീയ മെത്രാന്‍സ്ഥാനത്തിന് കാലപ്രവാഹത്തില്‍ അസ്തമിക്കാതിരിക്കാന്‍ കഴിയില്ലെന്ന് ശ്രീ. ജോസഫ് പുലിക്കുന്നേലിന് ഉറപ്പാണ്. സമ്പത്തും അധികാരവും മണലാണ്. മണലില്‍ പണിത കെട്ടിടം നിലംപതിക്കുമെന്നാണല്ലോ പ്രമാണം.

              
Back

  Date updated : 10/9/2010