Dr. A M Mathai

Dr. A M Mathai

Any

Reading

Problem

Director

Centre for Mathematical Sciences

Pala Campus, Arunapuram P.O.

Kottayam, Mob:9495427558, Ph.&Fax:04822216317

mathai@math.mcgill.ca, cmspala@gmail.com

Back

www.cmsintl.org

ജപ്പാനിലെ ടോക്കിയോയില്‍ നടന്ന യു.എന്‍. ആസ്ട്രോ ഫിസിക്സ് വര്‍ക്ക് ഷോപ്പില്‍ ഡോ. എ.എം. മത്തായിയെ ആദരിക്കുന്നു.

തിരുവനന്തപുരത്ത് നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ 97-ാം വാര്‍ഷിക യോഗത്തില്‍ ഡോ. എ.എം. മത്തായി മുഖ്യപ്രഭാഷണം നടത്തുന്നു.

ഗണിതശാസ്ത്രത്തിലെ വിശ്വവിജ്ഞാനകോശം

കഷ്ടതകളില്‍ ചഞ്ചലമാകാത്ത കരുത്തുറ്റ മനസ്സിന്റെ ഉടമയാണ് ശ്രീ.എ.എം. മത്തായി, അഥവാ അറക്കപ്പറമ്പില്‍ മത്തായി മത്തായി. കഷ്ടപ്പാടുകള്‍ പിന്നോക്കം വലിക്കുമ്പോഴും ആത്മവിശ്വാസവും കര്‍മ്മനിരതയും മാത്രം കൈമുതലാക്കി ജീവിതത്തെ വെല്ലുവിളിച്ച അപൂര്‍വ്വവ്യക്തികളിലൊരാളാണ് സെന്റര്‍ ഫോര്‍ മാത്തമാറ്റിക്കല്‍ സയന്‍സസ്, പാലാ ക്യാംപസ് ഡയറക്ടറായ ഇദ്ദേഹം. വിജയങ്ങളുടെയും നേട്ടങ്ങളുടെയും ഒരു വലിയ പട്ടികതന്നെ സ്വന്തമായുള്ള ഇദ്ദേഹം അതിനായി അര്‍പ്പിച്ചത് സ്വന്തം ജീവിതം തന്നെയായിരുന്നു.
1935 ഏപ്രില്‍ 28-ാം തീയതി കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള ചക്കാമ്പുഴ എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ ജനനം. പിതാവ് ശ്രീ. മത്തായി, മാതാവ് അറക്കപ്പറമ്പില്‍ ശ്രീമതി ഏലി. കര്‍ഷകകുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. പിതാവ് തികഞ്ഞ കൃഷിക്കാരനായിരുന്നു. അതിനാല്‍ത്തന്നെ കൃഷിയില്‍ നിന്നുലഭിക്കുന്ന ലാഭം മാത്രമായിരുന്നു വീട്ടിലേക്കുള്ള ഏകവരുമാനം. ശ്രീ. മത്തായി തന്റെ സ്കൂള്‍, കോളജ് വിദ്യാഭ്യാസം വളരെയധികം കഷ്ടതകള്‍ സഹിച്ചാണ് പൂര്‍ത്തീകരിച്ചത്. പ്രൈമറി സ്കൂള്‍, ഹൈസ്കൂള്‍, കോളജ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കിലോമീറ്ററുകള്‍ കാല്‍നടയായി താണ്ടിയാണ് ഇദ്ദേഹം വിദ്യ അഭ്യസിച്ചത്. അക്കാലത്ത് വാഹനസൌകര്യം ഉണ്ടായിരുന്നില്ല. 
കുടുംബത്തിലെ കൃഷികാര്യങ്ങള്‍ രാവിലെയും വൈകിട്ടും ഒഴിവുസമയങ്ങളിലും ശ്രദ്ധിച്ചിരുന്ന ഇദ്ദേഹം കഷ്ടതകള്‍ക്കിടയിലും റിക്കാര്‍ഡ് മാര്‍ക്കോടുകൂടി 1951-ല്‍ എസ്.എസ്.എല്‍.സി. പാസ്സായി. 1953-ല്‍, കേരളാ
യൂണിവേഴ്സിറ്റിയില്‍നിന്ന് സയന്‍സ് ഡിഗ്രി, 1957-ല്‍ ബി.എസ്സി മാത്സ് ഡിഗ്രി, 1959-ല്‍ സ്റാറ്റിസ്റ്റിക്സില്‍ എം.എസ്സ്.സി., 1962-ല്‍ ടൊറാന്റോ യൂണിവേഴ്സിറ്റിയില്‍നിന്നും എം.എ. മാത്തമാറ്റിക്സ്, 1964-ല്‍ ടൊറാന്റോ യൂണിവേഴ്സിറ്റിയില്‍നിന്നും ഗണിതത്തില്‍ പി.എച്ച്.ഡി. എന്നിവ സ്വന്തമാക്കിയ എ.എം. മത്തായി സാര്‍, അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്റെ ഉത്തമ ഉദാഹരണമാണ്.
വിദ്യാഭ്യാസശേഷം രണ്ട് വര്‍ഷക്കാലം (1959-61) ഇദ്ദേഹം പാലാ സെന്റ് തോമസ് കോളജില്‍ എം.എസ്.സിക്ക് പഠിപ്പിക്കുകയുണ്ടായി. എം.ജി. യൂണിവേഴ്സിറ്റി വി.സി.ആയിരുന്ന സിറിയക് തോമസ് ഇദ്ദേഹത്തിന്റെ ശിഷ്യനാണ്. കൊച്ചിന്‍ യൂണിവേഴ്സിറ്റി വി.സി. ഡോ. ഉണ്ണിക്കൃഷ്ണന്‍നായര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്റെ ശിഷ്യനാണ്. മത്തായി സാറിന്റെ ശിഷ്യന്മാരും അവരുടെ ശിഷ്യഗണങ്ങളും ഇന്ന് ലോകമെമ്പാടും ഉന്നതപദവികള്‍ അലങ്കരിക്കുന്നു.
പാലായിലാരംഭിച്ച അദ്ധ്യാപകവൃത്തി പിന്നീട് കടലുകള്‍ കടന്നു. കാനഡയിലെ മക്ഗിന്‍ യൂണിവേഴ്സിറ്റിയിലെ അസി.പ്രൊഫസര്‍, അസ്സോസിയേറ്റ് പ്രൊഫസര്‍, മുഴുവന്‍സമയ പ്രൊഫസര്‍, എമിറൈറ്റ്സ് പ്രൊഫസര്‍, ടെക്സാസ് യൂണിവേഴ്സിറ്റി വിസിറ്റിംഗ് പ്രൊഫസര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം എല്‍പാഡോ യു.എസ്.എ., ബ്രസീലിലെ കാംബിനാസ് യൂണിവേഴ്സിറ്റി, ജയ്പൂര്‍ യൂണിവേഴ്സിറ്റി, ഇന്ത്യന്‍ സ്റാറ്റിസ്റിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട്, സെന്‍ട്രല്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ അസ്ട്രോഫിസിക്സ് എന്നിവിടങ്ങളിലും അദ്ധ്യാപകനായി. 
റിസര്‍ച്ച് ഡയറക്ടര്‍ എന്നനിലയില്‍ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ പ്രശംസാര്‍ഹമാണ്. 1965 മുതല്‍ 2005 വരെ നാച്ചുറല്‍ സയന്‍സസ് ആന്‍ഡ് ദി എന്‍ജിനീയറിങ്ങ് റിസര്‍ച്ച് കൌണ്‍സില്‍ ഓഫ് കാനഡ, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, ഡല്‍ഹി എന്നിവിടങ്ങളിലും മറ്റനേകം കേന്ദ്രങ്ങളിലും ഇദ്ദേഹം തന്റെ സേവനങ്ങള്‍ ലഭ്യമാക്കി.
അഞ്ച് പി.എച്ച്.ഡി. തീസിസ്സുകളും മുപ്പത് എം.എസ്സ്.സി.തീസിസ്സുകളും മത്തായിസാറിന്റെ മേല്‍നോട്ടത്തിന്‍കീഴില്‍ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. മാത്തമാറ്റിക്കല്‍ സ്റാറ്റിസ്റിക്സ്, അപ്ളൈഡ് സ്റാറ്റിസ്റിക്സ്, പ്രോബബ്ലിറ്റി, ആസ്ട്രോഫിസിക്സ്, ഇന്‍ഫര്‍മേഷന്‍ തിയറി എന്നിവയാണ് പ്രധാനമായും ഇദ്ദേഹത്തിന്റെ ഗവേഷണമേഖലകള്‍.
സംഘാടകന്‍ എന്നനിലയിലും മത്തായിസാര്‍ തിളങ്ങുന്നു. ഫങ്ഷണല്‍ ഇക്വേഷന്‍സ് ആന്‍ഡ് ദെയര്‍ ആപ്ളിക്കേഷന്‍സ്(1985), സ്പെഷ്യല്‍ ഫങ്ഷന്‍സ് ആന്‍ഡ് പ്രോബ്ളം സോള്‍വിങ്ങ് റിസര്‍ച്ച് (1988), കമ്പ്യൂട്ടര്‍ ഓറിയന്റഡ് റിസേര്‍ച്ച് ഇന്‍ മാത്തമാറ്റിക്കല്‍ സയന്‍സസ് (1989), ഓപ്പറേറ്റര്‍ തിയറി ആന്‍ഡ് ഫങ്ഷണല്‍ അനാലിസിസ് (1989) തുടങ്ങി പതിനഞ്ചോളം സിംപോസിയങ്ങളും കോണ്‍ഫറന്‍സുകളും ഫലപ്രദമായി സംഘടിപ്പിക്കുവാന്‍ ഇദ്ദേഹത്തിന് സാധിച്ചു.
സ്വദേശത്തും വിദേശത്തുമുള്ള ധാരാളം സര്‍വ്വകലാശാലകള്‍ ഇദ്ദേഹത്തെ വര്‍ക്ക്ഷോപ്പുകളിലും സിംപോസിയങ്ങളിലും ക്ളാസ്സുകള്‍ക്കായി ക്ഷണിക്കാറുണ്ട്. ഈജിപ്ത്, നൈജീരിയ, കോസ്റാ-റിക്കാ, കൊളംബിയ, ജര്‍മ്മനി, മൌറീഷ്യസ്, ചൈന, യു.എ.ഇ, ഗ്രീസ്, സിസിലി, ബ്രസീല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇദ്ദേഹം ഇതിനോടകം സ്റാറ്റിസ്റിക്സ്, ഓര്‍ഡര്‍ സ്റാറ്റിസ്റിക്സ്, ആസ്ട്രോഫിസിക്സ് തുടങ്ങിയ വിഷയങ്ങളില്‍ ക്ളാസ്സുകള്‍ നല്കുകയുണ്ടായി.
ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സ്റാറ്റിസ്റിക്സ്, ഇന്റര്‍നാഷണല്‍ സ്റാറ്റിസ്റിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട്, കനേഡിയന്‍ സ്റാറ്റിസ്റിക്കല്‍ സൊസൈറ്റി, എണ്‍വണ്‍മെട്രിക് സൊസൈറ്റി എന്നീ അന്തര്‍ദേശീയ സംഘടനകളില്‍ അംഗമാണ് എ.എം. മത്തായി സാര്‍.
അനേകം ജേര്‍ണലുകളുടെയും മാസികകളുടെയും എഡിറ്റോറിയല്‍, റിവ്യൂ, റഫറന്‍സ് വര്‍ക്കുകള്‍ എന്നിവ ചെയ്തുവരുന്ന ഇദ്ദേഹം ഗവേഷണവിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പതിനഞ്ചോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഗ്രാജ്യുവേറ്റ്, അണ്ടര്‍ഗ്രാജ്യുവേറ്റ് തലത്തില്‍ മൂന്ന്, ജനറല്‍ രണ്ട്, എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങള്‍ ഇതിനോടകം ഇദ്ദേഹം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഇവയില്‍ 12 പ്രസിദ്ധീകരണങ്ങള്‍ എ.എം. മത്തായിസാര്‍ എന്ന ബൌദ്ധികപ്രതിഭയുടെ മാറ്റുരച്ചുനോക്കുവാന്‍ ഉതകുന്നവയാണ്.
ഇതിനോടകം സെന്റര്‍ ഫോര്‍ മാത്തമാറ്റിക്കല്‍ സയന്‍സസിനുവേണ്ടി അന്‍പതോളം പുസ്തകങ്ങളുടെയും മോഡ്യൂളുകളുടെയും എഡിറ്റിങ്ങ് വര്‍ക്കുകളുമായി ഇദ്ദേഹം ബന്ധപ്പെട്ടുകഴിഞ്ഞു. ഇദ്ദേഹം രചിച്ച ഇരുനൂറോളം 
പേപ്പറുകള്‍ ഇപ്പോള്‍ ഗവേഷണവിദ്യാര്‍ത്ഥികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു.
നിലവില്‍ യു.എന്നിന്റെ മാത്തമാറ്റിക്കല്‍ അഡ്വൈസര്‍ (ശമ്പളരഹിതം), ഗവ.ഓഫ് മാത്ത്സിന്റെ ഡയറക്ടര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ സ്പോണ്‍സര്‍ തുടങ്ങിയ മേഖലകളില്‍ ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു.
ശ്രീമതി ഇവാഞ്ജലിയാണ് ഇദ്ദേഹത്തിന്റെ പത്നി. ഇവര്‍ക്ക് മൂന്ന് കുട്ടികളാണുള്ളത്. ലളിത (കാനഡ), അജയ (മെക്കാനിക്കല്‍ എന്‍ജിനീയര്‍, കാലിഫോര്‍ണിയ), സുബിന്‍ (കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍, കാലിഫോര്‍ണിയ).
ജോസഫ് (കൃഷി), ഏബ്രഹാം, തോമസ് (വ്യാപാരം), ഫിലിപ്പ് (പ്രൊഫസര്‍), ജോണ്‍ (കൃഷി), മേരി, അന്ന എന്നിവരാണ് ഇദ്ദേഹത്തിന്റെ സഹോദരങ്ങള്‍.

              
Back

  Date updated :