Rev. Fr. Thomas D. Thaikkattusseril

Rev. Fr. Thomas D. Thaikkattusseril

Any

Reading

Problem

Priest & Musician

Arch Bishops House

Changanacherry

Kottayam, Mob. 94474 64457

.

Back

.

തരംഗിണി സംഗീത വിദ്യാപീഠത്തിന്റെ കലാപ്രതിഭാ പട്ടം ഫാ. തോമസ് ഡി. തൈക്കാട്ടുശ്ശേരി ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസില്‍ നിന്നും സ്വീകരിക്കുന്നു.

അംഗീകാരത്തിന്റെ സുവര്‍ണ്ണ നിമിഷം: ഫാ. തോമസ് തൈക്കാട്ടുശ്ശേരിക്ക് ജയകുമാര്‍ ഐ.എ.എസ്സ്. ബഹുമുഖപ്രതിഭാ പട്ടം സമ്മാനിക്കുന്നു.

സംഗീതകുടുംബത്തിലെ ദൈവജ്ഞന്‍

സംഗീതം ഈശ്വരനാണ്. സംഗീതരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഈശ്വരസേവയും. വൈദികവൃത്തിയോടൊപ്പം സംഗീതത്തിനും തുല്യസ്ഥാനമാണ് റവ. ഫാ. തോമസ് ഡി. തൈക്കാട്ടുശ്ശേരില്‍ നല്‍കുന്നത്. ചങ്ങനാശ്ശേരി ആര്‍ച്ച്ബിഷപ്പ്സ് ഹൌസിലെ വൈദികനാണ് ഈ കലാകാരനായ ദൈവജ്ഞന്‍.
കലാപാരമ്പര്യമുള്ള കുടുംബത്തിലാണ് റവ. ഫാ. തോമസ് ഡി. തൈക്കാട്ടുശ്ശേരില്‍ ജനിച്ചത്. സുപ്രസിദ്ധ നാടകകൃത്തും സാംസ്കാരികപ്രവര്‍ത്തകനുമായിരുന്ന എസ്.തൈക്കാട്ടുശ്ശേരിയുടെ മകനാണ് ഇദ്ദേഹം. മാതാവ് റോസമ്മ ആലംചേരില്‍. മലയാളനാടകരംഗത്തിന് ഒരിക്കലും മറക്കാനാവാത്ത നാമമാണ് സെബാസ്റ്യന്‍ തൈക്കാട്ടുശ്ശേരിയെന്ന എസ്. തൈക്കാട്ടുശ്ശേരി. ചങ്ങനാശ്ശേരി ഗീഥാ തീയറ്റേഴ്സിന്റെ സ്ഥാപകരിലൊരാളാണ് ഇദ്ദേഹം. കലാപ്രവര്‍ത്തനത്തോടൊപ്പം ചങ്ങനാശ്ശേരി സെന്റ്ബര്‍ക്ക്മാന്‍സ് സ്കൂളിലെ അദ്ധ്യാപകനുമായിരുന്നു എസ്. തൈക്കാട്ടുശ്ശേരി. പ്രസിദ്ധങ്ങളായ നിരവധി നാടകങ്ങളുടെ രചയിതാവാണ് ഇദ്ദേഹം. ആരുടെ തെറ്റ്?, നാടുണരുന്നു, കുറുക്കന്‍ രാജാവായി, ജീവശിഖ തുടങ്ങി ഇദ്ദേഹം രചിച്ച നാടകങ്ങള്‍ ഒട്ടുമിക്കവയും കലാകേരളം നെഞ്ചിലേറ്റുവാങ്ങിയവയാണ്. മികച്ചനാടകകൃത്തിന് ആള്‍ കേരളാ കാത്തലിക് അസോസിയേഷന്റെ അവാര്‍ഡ് എസ്. തൈക്കാട്ടുശ്ശേരിക്ക് ലഭിച്ചിരുന്നു. ജീവശിഖ, കുറുക്കന്‍ രാജാവായി തുടങ്ങിയ നാടകങ്ങള്‍ വിമോചനസമരകാലഘട്ടത്തിലാണ് രചിക്കപ്പെട്ടത്. നാടകരചയിതാവെന്നതിലുപരി മികച്ച ഒരു ഗാനരചയിതാവുകൂടിയായ ഇദ്ദേഹം 2001-ലാണ് ഇഹലോകവാസം വെടിഞ്ഞത്.
പിതാവിനെപ്പോലെ കലയുടെ വഴിയിലൂടെയാണ് റവ. ഫാ. തോമസ് തൈക്കാട്ടുശ്ശേരിയും ചരിക്കുന്നത്. കുട്ടിക്കാലത്ത് പ്രമുഖരായ നിരവധി കലാകാരന്മാര്‍ പിതാവുമായി ചര്‍ച്ചകള്‍ നടത്തുന്നതും മറ്റും കണ്ടുവളര്‍ന്ന ഫാ. തോമസ് തൈക്കാട്ടുശ്ശേരി സംഗീതരംഗത്ത് മികവ് പ്രദര്‍ശിപ്പിക്കുന്നതില്‍ അത്ഭുതമില്ല. സെമിനാരി വിദ്യാഭ്യാസകാലത്ത് വേനലവധിദിനങ്ങളില്‍ മദ്രാസില്‍നിന്നും സംഗീതത്തില്‍ ഡിപ്ളോമ കരസ്ഥമാക്കി. ആലയമണി എന്നൊരു അവാര്‍ഡും സാന്‍തോം സംഗീതപീഠത്തില്‍നിന്നും നേടി. കര്‍ണ്ണാടകസംഗീതത്തില്‍, ഗാനഭൂഷണം ഡിപ്ളോമയും 1989-ല്‍ കരസ്ഥമാക്കി.
വളരെ പുരാതനമായ ഒരു കുടുംബമാണ് ഫാ. തോമസിന്റേത്. കുടുംബത്തില്‍ കലാവാസനയുള്ള ധാരാളം അംഗങ്ങളുണ്ടായിരുന്നു. പൈതൃകമായി കലാദേവതയുടെ അനുഗൃഹം ലഭിച്ച ഫാ. തോമസ് തൈക്കാട്ടുശ്ശേരിയുടെ സംഗീതമികവ് സഹൃദയര്‍ അംഗീകരിച്ചുകഴിഞ്ഞിട്ടുള്ളതാണ്. അനേകം കാസറ്റുകളില്‍ ഗാനങ്ങള്‍ എഴുതിയും ഈണം പകര്‍ന്നും ഇദ്ദേഹം ശ്രദ്ധേയനായി. രണ്ട് ക്രിസ്മസ്സ് കാലങ്ങളില്‍ സ്നേഹസരോവരം, സ്നേഹാര്‍ച്ചന എന്നിങ്ങനെ യേശുദാസ് പാടിയ രണ്ട് കാസറ്റുകള്‍ തരംഗിണി പുറത്തിറക്കുകയുണ്ടായി.
കേരളത്തിന്റെ രാഷ്ട്രീയസിരാകേന്ദ്രമായ തിരുവനന്തപുരത്ത് പി.എം.ജി മുതല്‍ പട്ടം വരെയുള്ള തെരുവീഥികളില്‍ സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ എന്നീ മൂന്നുരൂപതകളിലെയും വിശ്വാസികളെ കോര്‍ത്തിണക്കി, ഒരു ദുഃഖവെള്ളിയാഴ്ച ദിവസം, ക്രിസ്തുവിന്റെ പീഡാനുഭവചരിത്രം ലൈവായി ഇദ്ദേഹം അവതരിപ്പിച്ചത് ആബാലവൃദ്ധം ജനങ്ങളുടെയും പ്രശംസയ്ക്ക് പാത്രമായി. തന്റെ കലാജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങളിലൊന്നായി ഫാ. തോമസ് ഈ സംഭവം ഓര്‍മ്മിക്കുന്നു.
ചങ്ങനാശ്ശേരി വെരൂര്‍ സെന്റ് മേരീസ് എല്‍.പി. സ്കൂളിലായിരുന്നു ഫാ. തോമസിന്റെ പ്രൈമറിസ്കൂള്‍ പഠനം. പിന്നീട്, സെന്റ് ബെര്‍ക്ക്മാന്‍സ് ഹൈസ്കൂളില്‍നിന്ന് സ്കൂള്‍പഠനം പൂര്‍ത്തിയാക്കുകയും ചങ്ങനാശ്ശേരി എസ്.ബി. കോളജില്‍നിന്ന് പ്രീഡിഗ്രി വിദ്യാഭ്യാസം നേടുകയും ചെയ്തു. പിന്നീടാണ് വൈദികപഠനത്തിലേക്ക് തിരിയുന്നത്. തുടര്‍ന്ന്, കേരളായൂണിവേഴ്സിറ്റിയില്‍നിന്നും ഇംഗ്ളീഷ് സാഹിത്യത്തില്‍ ബി.ഏയും റോമിലെ അര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ബി.റ്റി.എച്ച് ഡിഗ്രിയും സമ്പാദിച്ചു.
പാറേല്‍ സെമിനാരി, മംഗലാപുരം സെന്റ് ജോസഫ് മേജര്‍ സെമിനാരി എന്നിവിടങ്ങളില്‍നിന്നാണ് ഫാ. തോമസ് തൈക്കാട്ടുശ്ശേരി വൈദികപഠനം പൂര്‍ത്തിയാക്കിയത്. 1979 ജനുവരി 1-ന് ഇദ്ദേഹം വൈദികനായി അഭിഷിക്തനായി. ചങ്ങനാശ്ശേരി കത്തീഡ്രലിലായിരുന്നു ആദ്യനിയമനം. പിന്നീട് അതിരമ്പുഴ ഫെറോന, എടത്വാ ഫെറോന, മണലാടി, തിരുവനന്തപുരം ലൂര്‍ദ്പള്ളി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. കഴിഞ്ഞ 28 വര്‍ഷങ്ങളായി വൈദികരംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ് ഇദ്ദേഹം.
വൈദികവൃത്തിയോടൊപ്പം നിരവധിയാളുകള്‍ക്ക് സംഗീതപരിശീലനം നല്‍കാനും ഫാ.തോമസ് തൈക്കാട്ടുശ്ശേരി ശ്രദ്ധിക്കുന്നു. കഴിഞ്ഞ 19 വര്‍ഷമായി ചങ്ങനാശ്ശേരി അതിരൂപതയുടെ കള്‍ച്ചറല്‍ അക്കാദമിയായ സദസ്സി ന്റെ ഡയറക്ടറാണ് ഇദ്ദേഹം. പതിനായിരത്തിലേറെ ശിഷ്യസമ്പത്തിനുടമയാണ് ഫാ. തോമസ്. എല്ലാ മതവിഭാഗത്തിലുംപെട്ട മുതിര്‍ന്ന വരെയും കുട്ടികളെയും സംഗീതം പഠിപ്പിക്കുന്നുവെന്നത് ഈ പുരോഹിതന്റെ മഹത്വത്തിന് മാറ്റുകൂട്ടുന്നു. 
കാല്‍നൂറ്റാണ്ട് കാലത്തോളം സംഗീതത്തെ ഉപാസിച്ച് ജീവിതത്തെ സംഗീതംകൊണ്ടും സംഗീതത്തെ ജീവിതംകൊണ്ടും ധന്യമാക്കിയ ഫാ. തോമസ് ഡി. തൈക്കാട്ടുശേരില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ ശിഷ്യന്‍കൂടിയാണ്. ആര്‍ക്കും സംഗീതം സ്വന്തമായി അഭ്യസിക്കാന്‍ സഹായിക്കുന്ന ദി ഗുരു എന്ന ഒരു അപൂര്‍വ ഗ്രന്ഥം ഫാ. തോമസ് തൈക്കാട്ടുശേരി രചിച്ചു കഴിഞ്ഞു. സംഗീതാഭ്യാസത്തിന്റെ അടിസ്ഥാനപാഠങ്ങള്‍, സംഗീതോപകരണങ്ങള്‍ അഭ്യസിക്കുന്നതിനുള്ള പാഠങ്ങള്‍, സീറോ മലബാര്‍, ലത്തീന്‍, റീറോ മലങ്കര റീത്തുകളിലെ ആരാധനാ ഗീതങ്ങള്‍, വിവിധ മതങ്ങളിലെ ഭക്തിഗാനങ്ങള്‍, സിനിമാ ഗാനങ്ങള്‍ എന്നിവയുടെ നോട്ടുകളും ശാസ്ത്രീയ പാഠങ്ങളും അടങ്ങുന്നതാണ് ദി ഗുരു എന്ന ഗ്രന്ഥം. 368 പേജുകളുള്ളതും 500 രൂപ വിലയുള്ളതുമായ ഈ ഗ്രന്ഥം ഇപ്പോള്‍ 400 രൂപയ്ക്ക് ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് 0471 2327253, 94470 37580 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. ഇദ്ദേഹത്തില്‍നിന്നും കലാകേരളത്തിന് ഇനിയുമേറെ സംഭാവനകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
ബാംഗ്ളൂരില്‍ ഉദ്യോഗസ്ഥനായ എന്‍.ഡി സെബാസ്റ്യന്‍, ജോസഫ് റ്റി.ഡി. (ഗുജറാത്ത്), റിട്ടയേഡ് അദ്ധ്യാപിക റോസി എന്നിവരാണ് ഫാ. തോമസ്. ഡി. തൈക്കാട്ടുശ്ശേരിയുടെ സഹോദരങ്ങള്‍. ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.

              
Back

  Date updated : 10/9/2010