Madavana Balakrishnapillai

Madavana Balakrishnapillai

Any

Reading

Problem

Professor

Prasanthi

Kudamaloor

Kottayam, 9447230707

Nil

Back

NIL

മൂന്നുപതിറ്റാണ്ടുകളായി വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇടമുറിയാതെ പ്രതിവാര പംക്തിയെഴുതുന്ന ആള്‍ ആരെന്ന് ചോദിച്ചാല്‍ അതിനൊറ്റ ഉത്തരമേയുള്ളൂ- പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള! കേരള പത്രപ്രവര്‍ത്തനരംഗത്തും പൊതുരംഗത്തും സാഹിത്യരംഗത്തുമെല്ലാം ചിരപരിചിതമായ നാമമാണിത്. തനതായ ശൈലിയിലൂടെ വായനക്കാരുടെ മനസ്സില്‍ ഇടംപിടിക്കാന്‍ മിടുക്കുള്ള ചുരുക്കം എഴുത്തുകാരില്‍ ഒരാളാണ് ഇദ്ദേഹം.
പ്രൊഫ. മാടവനയ്ക്ക് ലഭിച്ച വാണീപ്രസാദം യാദൃച്ഛികമല്ല; പൈതൃകമായി ലഭിച്ച വരമാണത്. പ്രമുഖ ഭാഷാപണ്ഡിതനായിരുന്ന മാടവന കൃഷ്ണപിള്ളയുടെ മകന് അക്ഷരദേവത വശംവദയായില്ലെങ്കിലേ അത്ഭുതമുള്ളൂ. ലക്ഷ്മിക്കുട്ടിയമ്മയാണ് പ്രൊഫ. ബാലകൃഷ്ണപിള്ളയുടെ മാതാവ്. 1949 മെയ് 22-ന് കൊട്ടാരക്കരയിലാണ് ഇദ്ദേഹം ജനിച്ചത്. പത്രപ്രവര്‍ത്തകന്‍, വാഗ്മി, സംഘടനാപ്രവര്‍ത്തകന്‍, സമുദായപ്രവര്‍ത്തകന്‍ എന്നീനിലകളിലെല്ലാം തിളങ്ങിനില്‍ക്കുന്ന ഇദ്ദേഹം ഒരു നിയമബിരുദധാരികൂടിയാണ്.
ഇരുപത്തിയൊന്നുവര്‍ഷക്കാലം ദീപികയുടെ ചീഫ് റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ച പ്രൊഫ. മാടവന മൂന്നുവര്‍ഷക്കാലത്തോളം മംഗളത്തിന്റെ റസിഡന്റ് എഡിറ്ററുമായിരുന്നു. രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഇദ്ദേഹം കേരളായൂത്ത്ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി, ജനശക്തി സംസ്ഥാന പ്രസിഡണ്ട്, പ്രസ് ക്ളബ് പ്രസിഡണ്ട്, ലയണ്‍സ് ക്ളബ് പ്രസിഡണ്ട് എന്നീനിലകളില്‍ ഉജ്ജ്വലപ്രവര്‍ത്തനമാണ് കാഴ്ചവച്ചത്.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന്റെ ഡയറക്ടറാണ് ഇദ്ദേഹമിപ്പോള്‍. കൂടാതെ, നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രതിനിധി സഭാംഗം, കോട്ടയം പബ്ളിക് ലൈബ്രറി കള്‍ച്ചറല്‍ സൊസൈറ്റി സെക്രട്ടറി, കുടമാളൂര്‍ കലാകേന്ദ്രം പ്രസിഡണ്ട്, ചിന്മയാമിഷന്‍ പ്രസിഡണ്ട്, ചിന്മയാവിദ്യാലയം പ്രസിഡണ്ട്, ലയണ്‍സ് ഡിസ്ട്രിക്ട് അഡ്വൈസര്‍ എന്നീ ഉത്തരവാദിത്വങ്ങളും പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള വഹിക്കുന്നു.
പത്രപ്രവര്‍ത്തകനെന്നനിലയില്‍ ശ്ളാഘനീയമായ പ്രവര്‍ത്തനമാണ് ഇദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. ആനുകാലികങ്ങളിലെ പ്രതിവാര കോളങ്ങളിലൂടെ മാധ്യമരംഗത്ത് എപ്പോഴും ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യം സജീവമായി നില്‍ക്കുന്നു. പത്രപ്രവര്‍ത്തകനെന്നനിലയില്‍ ജി. സ്മാരക അവാര്‍ഡ്, ഡോ. ആനിബസന്റ് അവാര്‍ഡ്, ശിവറാം അവാര്‍ഡ്, പോത്തന്‍ ജോസഫ് അവാര്‍ഡ്, ലേബര്‍ ഇന്ത്യാ അവാര്‍ഡ്, കാര്‍ട്ടൂണിസ്റ് ശിവറാം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഈ സാംസ്കാരികനായകനെ തേടിയെത്തി.
അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, ജര്‍മ്മനി തുടങ്ങി അമ്പതിലധികം വിദേശരാജ്യങ്ങള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനുള്ളില്‍ കോട്ടയം സന്ദര്‍ശിച്ചിട്ടുള്ള എല്ലാ രാഷ്ട്രപതിമാരെയും പ്രധാനമന്ത്രിമാരെയും സ്വകാര്യസന്ദര്‍ശനം നടത്തുന്നതിനുള്ള സൌഭാഗ്യവും പ്രൊഫ. മാടവന ബാലകൃഷ്ണപിള്ളയ്ക്ക് ലഭിച്ചു.
തൂലികത്തുമ്പിലൂടെ മാത്രമല്ല ഈ പ്രതിഭാധനനായ പത്രപ്രവര്‍ത്തകന്‍ തനിക്ക് പറയാനുള്ളത് ജനസമക്ഷം അവതരിപ്പിക്കുന്നത്. അനുഗൃഹീതപ്രഭാഷകനായ ഇദ്ദേഹം തന്റെ മൂര്‍ച്ചയേറിയ പ്രസംഗങ്ങളിലൂടെ കേഴ്വിക്കാരില്‍ ആവേശത്തിന്റെ അലകളുയര്‍ത്തുന്നു. കോട്ടയം സി.എം.എസ് കോളജില്‍ 18 വര്‍ഷം തുടര്‍ച്ചയായി ചടങ്ങുകളില്‍ മുഖ്യാതിഥിയായിട്ടുള്ള മാടവനയുടെ പേര്‍ ഗിന്നസ്ബുക്കില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോളജധികൃതര്‍ അധികാരികള്‍ക്ക് കത്തയച്ചിരിക്കുകയാണ്. വൈകാതെതന്നെ ഗിന്നസ് ബുക്കിലും തന്റെ സ്ഥാനം ഉറപ്പിക്കാന്‍ പ്രൊഫ. മാടവനയ്ക്കാകുമെന്ന് പ്രതീക്ഷിക്കാം.
കോട്ടയം സി.എം.എസ്. കോളജിലെ പൌരസ്ത്യഭാഷാവിഭാഗം തലവനായിരുന്ന പ്രൊഫ. കെ. പരമേശ്വരന്‍പിള്ളയുടെ പുത്രിയും പരിപ്പ് ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപികയുമായ കൃഷ്ണകുമാരിയാണ് പ്രൊഫ. മാടവന ബാലകൃഷ്ണപിള്ളയുടെ സഹധര്‍മ്മിണി. ശാസ്ത്രി കെ.സി. പിള്ള, എന്‍. ഗോപിനാഥപിള്ള, തങ്കമ്മ എന്നിവരാണ് ഇദ്ദേഹത്തിന്റെ സഹോദരങ്ങള്‍. പ്രശാന്ത് മാടവന, ധന്യ എന്നിവര്‍ മക്കളാണ്.
സമകാലിക രാഷ്ട്രീയ, സാംസ്കാരികരംഗങ്ങളില്‍ ഫലപ്രദമായ ഇടപെടലുകള്‍ നിരന്തരമായി നടത്തുകയും തന്റെ തൂലികത്തുമ്പിലൂടെ സമൂഹത്തിനുവേണ്ടി വാണീവൈഖരി മുഴക്കുകയും ചെയ്യുന്ന മാടവന ബാലകൃഷ്ണപിള്ള എന്ന പ്രതിഭാധനനായ പത്രപ്രവര്‍ത്തകനില്‍നിന്ന് കേരളീയ സമൂഹത്തിന് ഇനിയുമേറെ പ്രതീക്ഷിക്കാം.

              
Back

  Date updated :