C.H. VATSALAN

C.H. VATSALAN

Any

Reading

Problem

Teacher

Russia, Kololam

Edayannur P.O., Kannur - 670 595

Kannur, Ph: 0490-2484331, 9447354074

Nil

Back

Nil

അനിതരസാധാരണമായ സംഘടനാപാടവത്തിനുടമയായ അദ്ധ്യാപകനാണ് ശ്രീ. സി.എച്ച് വത്സലന്‍. ഒരു കര്‍ഷക കുടുംബത്തില്‍ നാരാമ്പ്രത്ത് ഗോവിന്ദന്റെയും ചാക്കടത്ത് ദേവകിയുടെയും മകനായി കണ്ണൂര്‍ ജില്ലയില്‍ കൂടാളി പഞ്ചായത്തിലെ കോളോളത്ത് 1952-ലാണ് ജനനം.

മുട്ടന്നൂര്‍ എ.യു.പി, കൂടാളി ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക പഠനത്തിനുശേഷം 1970-ല്‍ മട്ടന്നൂര്‍ പഴശ്ശിരാജാ എന്‍.എസ്.എസ്. കോളജില്‍നിന്നും പ്രീഡിഗ്രിയും തലശ്ശേരി ഗവ:ബ്രണ്ണന്‍ കോളജില്‍നിന്ന് ഭാഷയും സാഹിത്യവും ഐച്ഛികവിഷയമായി ബി.ഏയും 1975-76-ല്‍ തലശ്ശേരി ഗവ. ട്രെയിനിംഗ് കോളജില്‍നിന്നും ബി.എഡ് ബിരുദവും സമ്പാദിച്ചു.

നടന്‍ ശ്രീനിവാസന്‍, കോണ്‍ഗ്രസ്സ് നേതാവും മുന്‍മന്ത്രിയുമായ കെ. സുധാകരന്‍, സി.പി.ഐ.എം. നേതാവും വൈദ്യുതിമന്ത്രിയുമായ എ.കെ. ബാലന്‍, കഥാകൃത്ത് എന്‍. പ്രഭാകരന്‍ എന്നിവര്‍ സഹപാഠികളായിരുന്നു.

1976-ല്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്കൂളില്‍ ആദ്യമായി അദ്ധ്യാപകനായി. തുടര്‍ന്ന്, കാസര്‍കോഡ് അടുക്കത്തുബയല്‍ ഗവ. എല്‍.പി. സ്കൂളിലും പെരിയ ഗവ. ഹൈസ്കൂളിലും അദ്ധ്യാപകനായി. 1977 -ല്‍ പി.എസ്.സി. വഴി ശ്രീകണ്ഠാപുരം ഗവ. ഹൈസ്കൂളില്‍ അദ്ധ്യാപകനിയമനം ലഭിച്ചു. തുടര്‍ന്ന്, കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂള്‍, മുണ്ടേരി ഗവ. ഹൈസ്കൂള്‍, കല്ല്യാശ്ശേരി ഗവ ഹൈസ്കൂള്‍, പള്ളിക്കുന്ന് ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ ഭാഷാദ്ധ്യാപകനായി പ്രവര്‍ത്തിച്ച വത്സലന്‍ മാസ്റര്‍ എറണാകുളം ജില്ലയില്‍ നേര്യമംഗലം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആദ്യരണ്ടുവര്‍ഷം അദ്ധ്യാപകനും സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയംഗവുമായി പ്രവര്‍ത്തിച്ചു. 

2000-ല്‍ ഗസറ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. മൂന്നാര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസറായി ആദ്യനിയമനം. തുടര്‍ന്ന്, വയനാട് പനങ്കണ്ടി ജി.എച്ച്.എസ്സില്‍ പ്രാധാനാദ്ധ്യാപകന്‍, കോഴിച്ചാല്‍ ജി.എച്ച്.എസ്.എസ്സ്, വടകര ജി.എച്ച്.എസ്.എസ്സ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പാള്‍, ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കണ്ണൂര്‍ മുന്‍സിപ്പല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ (സ്പോര്‍ട്സ്) പ്രിന്‍സിപ്പാള്‍ തസ്തികകളില്‍ സേവനമനുഷ്ഠിച്ച വത്സലന്‍ മാസ്റര്‍ 2007 മെയ് 31-ന് കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ്സില്‍നിന്നും വിരമിച്ചു. 

ഇരിട്ടി സബ്ജില്ലയെ ആദ്യ സമ്പൂര്‍ണ്ണ സഞ്ചയികാ ഉപജില്ലയായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായാണ്. കണ്ണൂര്‍ ഗവ. മുന്‍സിപ്പല്‍ വി.എച്ച്.എസ്.എസ്സില്‍ പ്രിന്‍സിപ്പാള്‍ ആയിരിക്കെ, സ്കൂളിന്റെ ശോച്യാവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനായി വിദ്യാര്‍ത്ഥികളെയും രക്ഷാകര്‍ത്താക്കളെയും അദ്ധ്യാപകരേയും അണിനിര്‍ത്തി കണ്ണൂര്‍ കോട്ടയുടെ 500-ാം പിറന്നാള്‍ ദിനത്തില്‍ കോട്ടയിലേക്ക് നടത്തിയ പരിദേവനയാത്ര ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇതിന്റെ ഫലമായി രണ്ടുകോടി രൂപയുടെ സ്കൂള്‍ വികസനപദ്ധതികള്‍ കണ്ണൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. ഉപേന്ദ്രന്റെയും കണ്ണൂര്‍ എം.എല്‍.എ. കെ. സുധാകരന്റെയും നേതൃത്വത്തില്‍ രൂപപ്പെടുത്തുകയുണ്ടായി. 1997-ല്‍ സ്കൂളില്‍ നിര്‍മ്മിച്ച സ്വാതന്ത്യ്രജൂബിലി സ്മാരക ഓഡിറ്റോറിയം നിര്‍മ്മാണകമ്മറ്റിയുടെ നേതൃനിരയില്‍ മാസ്ററുണ്ടായിരുന്നു. 

പഠനകാലത്തുതന്നെ വത്സലന്‍മാസ്റര്‍ മികച്ച സംഘാടകന്‍ എന്നനിലയില്‍ പേരെടുത്തിരുന്നു. അവിഭക്ത കണ്ണൂര്‍ ജില്ല(കാസര്‍ഗോഡ്, വയനാട് ജില്ല ഉള്‍പ്പടെ) യില്‍ എ.ഐ.എസ്.എഫിന്റെ ജില്ലാസെക്രട്ടറി, പ്രസിഡന്റ് എന്നീ ചുമതലകള്‍ അഞ്ചുവര്‍ഷത്തോളം വഹിക്കുകയുണ്ടായി. ഈ കാലയളവില്‍ സി.പി.ഐ. കണ്ണൂര്‍ ജില്ലാ കൌണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. മന്ത്രിമാരായ ബിനോയ് വിശ്വം, കെ.പി. രാജേന്ദ്രന്‍ എന്നിവര്‍ എ.ഐ.എസ്.എഫില്‍ സഹപ്രവര്‍ത്തകരായിരുന്നു. ചെങ്കോരി ഗവ. ട്രെയിനിംഗ് കോളജ് യൂണിയന്‍ ചെയര്‍മാന്‍, കോഴിക്കോട് സര്‍വ്വകലാശാലായൂണിയന്‍ അംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചു. 

കേരള സാക്ഷരതാസമിതി, ജനകീയാസൂത്രണം എന്നീ പ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ വത്സലന്‍ മാസ്റര്‍ ഉണ്ടായിരുന്നു. കേരള സാക്ഷരതാസമിതിയുടെ ജില്ലാ അസിസ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എന്നനിലയില്‍ ഒരുവര്‍ഷവും ഇരിക്കൂര്‍ പ്രോജക്ട് ഓഫീസറായി 6 മാസവും പ്രവര്‍ത്തിക്കുകയുണ്ടായി. ജനകീയാസൂത്രണത്തിന്റെ സംസ്ഥാന കീ റിസോഴ്സ് പേഴ്സണ്‍, കേരളവികസനപദ്ധതിയുടെ വടകര നഗരസഭാവിദ്യാഭ്യാസ സ്പോര്‍ട്സ് വര്‍ക്കിംഗ് ഗ്രൂപ്പ് കണ്‍വീനര്‍, വിദ്യാഭ്യാസവകുപ്പിന്റെ ലാംഗ്വേജ് ടീച്ചര്‍ റിസോ റിസോഴ്സ് പേഴ്സണ്‍, ഇന്ത്യന്‍ സെന്‍സസ് 2000-ത്തിന്റെ മാസ്റര്‍ ട്രെയിനര്‍, സ്കൂള്‍ വിദ്യാരംഗം സാഹിത്യവേദി കണ്ണൂര്‍ ജില്ലാകണ്‍വീനര്‍ എന്നീനിലകളിലും പ്രവര്‍ത്തിച്ചു.

കലാകായികസംഘാടകനെന്നനിലയിലും ഇദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. നാല്പതാം സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റ് മീഡിയാക്കമ്മറ്റി കണ്‍വീനര്‍, 1999-ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ യൂത്ത്ഫെസ്റിവല്‍ പ്രോഗ്രാം കമ്മറ്റി ജോയിന്റ് കണ്‍വീനര്‍, 1995-ലെ പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍, കണ്ണൂര്‍ റവന്യൂ ജില്ലാ യൂത്ത്ഫെസ്റിവല്‍ പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍, കണ്ണൂരില്‍ നടന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍, ഫെഡറേഷന്‍ കപ്പ് ഫുട്ബോള്‍, സിസേഴ്സ് കപ്പ് ഫുട്ബോള്‍ ഇ.കെ. നായനാര്‍ സ്മാരക ഇന്റര്‍ നാഷണല്‍ ഫുട്ബോള്‍ എന്നിവയുടെ സംഘാടകസമിതി അംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. 1990-ല്‍ കണ്ണൂരില്‍നടന്ന സംസ്ഥാന യുവജനമേളയുടെ ജൂറി കമ്മറ്റിയംഗം, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കൌണ്‍സിലംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ച വത്സലന്‍മാസ്റര്‍ സ്റേറ്റ് സ്കൂള്‍ സ്പോര്‍ട്സ് സമ്മര്‍ കോച്ചിംഗ് ക്യാമ്പിന്റെ കോ-ഓര്‍ഡിനേറ്ററായി 2006ലും 2007ലും പ്രവര്‍ത്തിക്കുകയുണ്ടായി. 2002-03-ല്‍ പാലക്കാട് നടന്ന സംസ്ഥാന സ്കൂള്‍കായികമേളയില്‍ കോഴിക്കോട് ജില്ലയുടെയും 2003-04-ല്‍ എറണാകുളം മീറ്റില്‍ കണ്ണൂര്‍ ജില്ലയുടെയും ടീം മാനേജര്‍ ഇദ്ദേഹമായിരുന്നു. സ്പോര്‍ട്സ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ എന്നനിലയില്‍ കണ്ണൂര്‍ ജില്ലയുടെ കായികരംഗത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് ഇദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. ആ വര്‍ഷം കോട്ടയത്തു നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ കണ്ണൂര്‍ ജില്ലാ ടീം മാനേജര്‍ ആയിരുന്നു.

വിദ്യാര്‍ത്ഥിയായിരിക്കെ നല്ലൊരു കായികതാരവും കലാകാരനുമായിരുന്നു വത്സലന്‍. കൂടാളി ഹൈസ്കൂളിലെ പഠനകാലത്ത് 1964-65 റവന്യൂ ജില്ലാ യുവജനോത്സവത്തില്‍ ഏറ്റവും നല്ല നടനുള്ള സമ്മാനം ലഭിച്ചിട്ടുണ്ട്. 1967-ല്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ ഖോ-ഖോ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഗവ: ബ്രണ്ണന്‍ കോളജ് വോളിബോള്‍ ടീം അംഗം, എന്‍.സി. സി. കേഡറ്റ് എന്നീനിലകളിലും പ്രവര്‍ത്തിച്ചു. നാടകസംവിധായകന്‍, പ്രാസംഗികന്‍ എന്നീനിലകളിലും മാസ്റര്‍ പ്രസിദ്ധനാണ്. 

ആകാശവാണി, ടെലിവിഷന്‍ അഭിമുഖങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തിയിട്ടുള്ള വത്സലന്‍മാസ്റര്‍ കണ്ണൂര്‍ ആകാശവാണിയിലെ നാടകനടനാണ്. 

സി. അച്യുതമേനോന്‍ ഫൌണ്ടേഷന്‍, റ്റി.സി. നാരായണന്‍നമ്പ്യാര്‍ ഫൌണ്ടേഷന്‍, ഡോ.ടി.പി. സുകുമാരന്‍ സ്മാരകസമിതി എന്നിവയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നു. ഒരു സഹകാരികൂടിയായ മാസ്റര്‍ പട്ടാന്നൂര്‍ സര്‍വ്വീസ്സ് സഹകരണ ബാങ്ക് ഡയറക്ടര്‍ ആയിരുന്നു. ഇപ്പോള്‍ എടക്കാട് ബ്ളോക്ക് അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സൊസൈറ്റിയുടെ പ്രസിഡന്റാണ് (2008 മുതല്‍).

യുവകലാസാഹിതി കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി (12 വര്‍ഷം) ഇന്‍ഡോ-സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റി (ഇസ്ക്കസ്) ജില്ലാസെക്രട്ടറി (10 വര്‍ഷം), ദേശീയസമിതിയംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചു. 

അദ്ധ്യാപകനായിരിക്കെ സംഘടനാരംഗത്ത് സജീവമായിരുന്നു. ഡിപ്പാര്‍ട്ടുമെന്റല്‍ സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ ജില്ലാസെക്രട്ടറി, സംസ്ഥാനസെക്രട്ടറി, കേരളാ ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്‍ ജില്ലാപ്രസിഡന്റ്, അദ്ധ്യാപക സര്‍വ്വീസ് സംഘടനാ സമര സമിതി ജില്ലാ പ്രസിഡണ്ട് എന്നീനിലകളിലും പ്രവര്‍ത്തിക്കുകയുണ്ടായി.

പത്രപ്രവര്‍ത്തനരംഗത്തും മാസ്റര്‍ ഉണ്ടായിരുന്നു. ടി.സി. സ്മരണിക, ഡോ. ടി.പി. സുകുമാരന്‍ ആല്‍ബം, ജി.വി.എച്ച്.എസ്.എസ്. സുവര്‍ണ്ണ ജൂബിലി ഓഡിറ്റോറിയം സ്മരണിക, എ. കൃഷ്ണന്‍ നവതി ആഘോഷസ്മരണിക, യുവകലാസാഹിതി പ്രസിദ്ധീകരണമായ വാര്‍ത്ത, വെല്‍കം ടു കണ്ണൂര്‍ ടൂറിസം ബ്രോഷര്‍ എന്നിവയുടെ എഡിറ്ററായിരുന്നു. 
എം.എന്‍.വിജയന്‍, ബി.രാജീവന്‍, ഡി. വിനയചന്ദ്രന്‍, പ്രൊഫ. വി. വിജയന്‍, കഥാകൃത്ത് ടി.ആര്‍., പ്രൊഫ. സി.ജി.നായര്‍ തുടങ്ങിവരുടെ ശിഷ്യനാകാന്‍ സാധിച്ചതില്‍ അഭിമാനം കൊള്ളുന്ന വത്സലന്‍മാസ്റര്‍, മുന്‍മുഖ്യമന്ത്രി സി. അച്യുതമേനോന്‍, എന്‍.ജി.ബാലറാം, നോവിലിസ്റ് സി. രാധാകൃഷ്ണന്‍, മാടമ്പ് കുഞ്ഞിക്കുട്ടന്‍, ഒ.എന്‍.വി. കുറുപ്പ്, ശ്രീകുമാരന്‍ തമ്പി, അക്ബര്‍ കക്കട്ടില്‍, പി.കെ. ഗോപി, പന്ന്യന്‍ രവീന്ദ്രന്‍, കെ.ഇ. ഇസ്മയില്‍, സി.കെ. ചന്ദ്രപ്പന്‍, ഡോ. പി.പി. സുകുമാരന്‍, എന്‍.സി. മമ്മൂട്ടി, മാനോല്‍ മാണിയം സുന്ദരനാര്‍, യൂണിവേഴ്സിറ്റി സ്പോട്സ് ഡയറക്ടര്‍ ഡോ. ഡി. ഷഡ്മുഖന്നാഥന്‍, തമിഴ് നോവലിസ്റ് ജയകാന്തന്‍, പൊന്നീലന്‍ തുടങ്ങിയവരുമായുള്ള വ്യക്തിപരമായ അടുപ്പവും സൌഹൃദവും മഹാഭാഗ്യമായി കരുതുന്നു. കണ്ണൂര്‍ ജി.വി.എച്ച.എസ്സ്-ല്‍ പ്രിന്‍സിപ്പലായിരിക്കെ 2005-2006 വര്‍ഷത്തില്‍ കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ്. വേദിയായത് വത്സലന്‍ മാസ്ററുടെ സംഘാടന പാഠവത്തിന് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ അംഗീകാരമാണ് എന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല. ഈ അപൂര്‍വ്വത ഒരു മഹാ ഭാഗ്യമായിട്ടാണ് വത്സലന്‍ മാസ്റര്‍ കരുതുന്നത്.
ലക്ഷദ്വീപ്, യു.എ.ഇ., ബഹ്റിന്‍ എന്നിവിടങ്ങളില്‍ സഞ്ചരിച്ചിട്ടുള്ള വത്സലന്‍ മാസ്ററുടെ പ്രവര്‍ത്തനമണ്ഡലം ഇനിയുമേറെയുണ്ട്. കേരളാ പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ ക്വസ്റ്യന്‍ സെറ്റര്‍, 2004 മുതല്‍ 2007 വരെ 3 വര്‍ഷം കേരളാ മെഡിക്കല്‍ എഞ്ചിനീയറിംഗ് പൊതുപ്രവേശനപരീക്ഷയുടെ കണ്ണൂര്‍ ജില്ലാ ലെയ്സണ്‍ ഓഫീസര്‍, എസ്.എസ്.എല്‍.സി. പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയവിഭാഗം അംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചു. 
ബഹുമുഖമേഖലകളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുള്ള ഇദ്ദേഹത്തെപ്പോലെയുള്ള അദ്ധ്യാപകര്‍ വിരളമാണ്. റിട്ടയര്‍മെന്റിനുശേഷമുള്ള ജീവിതം വിശ്രമത്തിന് വിട്ടുകൊടുക്കാതെ പൊതുരംഗത്ത് സജീവമായി നിലകൊള്ളുന്ന ഇദ്ദേഹം ഇപ്പോള്‍ എടക്കാട് ബ്ളോക്ക് അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ്, മാഹി സെക്രട്ടറി എന്നീനിലകളില്‍ സജീവമാണ്. 
അദ്ധ്യാപികയായ പി.വി. ചന്ദ്രികയാണ് ഭാര്യ. ഭാര്യയുടെ പിതാവ് മുണ്ടയാടന്‍ കോറോത്ത് ഗംഗാധരന്‍ നമ്പ്യാര്‍, സ്വാതന്ത്യസമരസേനാനിയും ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന നാവിക ലഹളയില്‍ പങ്കെടുത്ത റോയല്‍ നേവി ഉദ്യോഗസ്ഥനുമായിരുന്നു. ഭാര്യാമാതാവ് പാറക്കുളങ്ങര പ്രഭാവതി അമ്മ. പ്രഭാവതിയമ്മയുടെ പിതാവ് ഡോ. കടാങ്കോട്ട് ഗോപാലന്‍ നമ്പ്യാര്‍, മദിരാശി ഗവ: സര്‍വ്വീസില്‍ സിവില്‍ സര്‍ജ്ജനായിരുന്നു. ശോഭ, ഗിരിജ, ബിന്ദു, ഷീല, റിജു എന്നിവരാണ് സഹോദരങ്ങള്‍. ഇദ്ദേഹത്തിന്റെ സഹോദരന്മാരായ ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ്, മധുപ്രകാശ് എന്നിവര്‍ കുടുംബസമേതം വിദേശത്താണ്. ലയ സി.എച്ച്. (ഭര്‍ത്താവ് സ്വരൂപ് ജെ.എസ്.), ഋഷി സി.എച്ച്. (എഞ്ചിനീയര്‍, അബുദാബി) എന്നിവര്‍ മക്കള്‍. ലക്ഷ്മിസ്വരൂപാണ് വത്സന്റെ പേരക്കുട്ടി. മകളുടെ ഭര്‍ത്താവ് സി.പി. ഹരിപ്രസാദ് (കോഴിക്കോട്) ലണ്ടനില്‍ എഞ്ചിനീയറായി ജോലി നോക്കുന്നു. അവര്‍ക്ക് ഒരു മകള്‍ ശ്രീലക്ഷ്മിമേനോന്‍. മകന്‍ സന്ദീപ് മേനോന്‍ ബാംഗ്ളൂരില്‍ എം.ബി.എ.യ്ക്ക് പഠിക്കുന്നു. മോഡലിംഗിലും ഫിലിമിലും അഭിനയിക്കുന്നുണ്ട്.

              
Back

  Date updated :