കഥാപ്രസംഗകലയ്ക്ക് മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത അദ്വിതീയ കലാകാരനായ കാഥികന് വി. സാംബശിവനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരുകാലത്ത് അമ്പലപ്പറമ്പുകളിലും ആഘോഷവേദി
കളിലുമെല്ലാം ഘനഗംഭീരമായി മുഴങ്ങിക്കേട്ടിരുന്ന ആ ശബ്ദം ഓരോ മലയാളികളുടെയും ഹൃദയത്തില്‍ ആഴത്തില്‍ കോറിയിടപ്പെട്ടിട്ടുള്ള ഒന്നാണ്. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും കേരളീയകലാരംഗത്ത് എക്കാലവും
നക്ഷത്രശോഭ വിതറി നില് ക്കുന്ന ആ മഹാനായ കലാകാരന്റെ മകനാണ് പ്രൊഫസര്‍ വസന്തകുമാര്‍ സാംബശിവന്.
അദ്ധ്യാപനം തൊഴിലായി സ്വീകരിച്ചിട്ടുണ്ടെങ്കിലും പിതാ വിന്റെ പാത പിന്തുടരുന്ന കലാകാരനാണ് പ്രൊ. വസന്തകുമാര്‍. വി.സാംബശിവന്റെയും ചവറ കൊല്ലരഴികത്ത് കെ.കെ. സുഭദ്രയുടെയും മകനായി കൊല്ലത്താണ് ഇദ്ദേഹം ജനിച്ചത്. തങ്കശ്ശേരി ഐ.ജെ.എച്ച്.എസ്സിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന്, തുമ്പ സെന്റ് സേവ്യേഴ്സ്, കൊല്ലം ശ്രീനാരായണ കോളജുകളില്‍ ഉപരിപഠനം നടത്തി. രസതന്ത്രത്തില്‍ ഇദ്ദേഹം എം.എസ്സി, എം.ഫില്‍ എന്നീ ഡിഗ്രികള്‍ സമ്പാദിച്ചു. പി.എച്ച്.ഡി കരസ്ഥമാക്കുവാനുള്ള ഗവേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ ഠനശേഷം ടി.കെ.എം.കോളജ്, പുനലൂര്‍ എസ്.എന്‍.കോളജ്, കൊല്ലം എസ്.എന്‍. കോളജ് എന്നിവിടങ്ങളില്‍ രസതന്ത്രം അദ്ധ്യാപകനായി ജോലിചെയ്തു. ഇപ്പോള്‍ കൊല്ലം എസ്.എന്‍. കോളജില്‍ ലക്ചററാണ്.
1996 മുതലാണ് കഥാപ്രസംഗരംഗത്ത് പ്രൊഫ. വസന്തകുമാര്‍ സജീവമാകുന്നത്. കല രക്തത്തില്‍ത്തന്നെ അലിഞ്ഞുചേര്‍ന്നിട്ടുള്ള ഇദ്ദേഹം നല്ലൊരു കാഥികനെന്നനിലയില് ചുരുങ്ങിയ സമയം കൊണ്ടുതന്നെ പേരെടുത്തു. ഇതിനോടകം കേരളത്തിലുടനീളവും ഇന്ത്യയിലെ പ്രമുഖകേന്ദ്രങ്ങളിലും യു.എ.ഇ., ബഹ്റിന്, കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ വിദേ ശരാജ്യങ്ങളിലുമായി രണ്ടായിരത്തഞ്ഞൂറിലധികം വേദികള്‍ ഇദ്ദേഹം പിന്നിട്ടുകഴിഞ്ഞു. ഒഥെല്ലോ, ആയിഷ, നോറ, പ്രഭു, ഇ.എം.എസ്., ശ്രീനാരായണ ഗുരു, കുമാരനാശാന്, ഐന്സ്റൈന്, സ്റീഫന് ഹോക്കിംഗ് തുടങ്ങി ഇരുപതോളം കഥകളാണ് ഇതുവരെ ഇദ്ദേഹം വേദികളില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന്റെ പിതാവ് കഥാപ്രസംഗ ചക്രവര്‍ത്തി വി. സാംബശിവന് പുരാണകഥകള്‍, ക്ളാസ്സിക്കുകള്‍ തുടങ്ങിയവയെ സാധാരണ മലയാളികളിലെത്തിക്കുന്നതില് നൂറുശതമാനം വിജയം വരിച്ച കാഥികനാണ്. അച്ഛന്റെ ശൈലിതന്നെയാണ് പ്രൊഫ. വസന്തകുമാറും കഥപറച്ചിലില്‍ അവലംബിച്ചിരിക്കുന്നത്.
കാഥികനെന്നതുകൂടാതെ മലയാളം, ഇംഗ്ളീഷ് എന്നീ ഭാഷകളില്‍ ഇദ്ദേഹം കവിതകള്‍ എഴുതിയിട്ടുമുണ്ട്. സീഡ്സ് ഓഫ് ട്രൂത്ത് എന്നപേരില്‍ ഇദ്ദേഹത്തിന്റെ ഇംഗ്ളീഷ് കവിതകളുടെ സമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്. കഥാപ്രസംഗം കൂടാതെ ഇതരവിഷയങ്ങളില്‍ നല്ലൊരു പ്രഭാഷകന്‍കൂടിയാണ് ഈ അദ്ധ്യാപകന്.കഴിഞ്ഞ അഞ്ചുവര്‍ഷമായി മുടങ്ങാതെ വാര്ത്താമദ്ധ്യം എന്ന ആഗോള വാര്‍ത്താവിശകലന ലേഖനപരമ്പര ഇദ്ദേഹം എഴുതിവരുന്നു.
കഥാപ്രസംഗത്തെ ഒരു ജനകീയ കലയാക്കി മാറ്റുന്നതില്‍ പ്രൊഫ. വസന്തകുമാറിന്റെ പിതാവ് വി. സാംബശിവന് ചരിത്രപരമായ പങ്കുവഹിച്ചിട്ടുണ്ട്. ആദ്യമായി വിദേശസാഹിത്യം മലയാള മണ്ണിലെ സാധാരണ ജനങ്ങള്‍ക്ക് ഹൃദ്യമായി കഥാപ്രസംഗത്തിലൂടെ പകര്‍ന്നുകൊടുത്ത് ഇദ്ദേഹം ഖ്യാതി നേടി. സ്കൂള്‍ അദ്ധ്യാപകനെന്നതിനുപുറമെ കഥാപ്രസംഗപരിശീലന കോഴ്സിന്റെ പ്രൊഫസറുമായിരുന്നു അന്തരിച്ച സാംബശിവന്. മേലൂട്ട് വേലായുധന് ജ്യോത്സ്യരുടെയും ഇ. ശാരദയുടെയും മകനാണ് സാംബശിവന്. കവി, സ്വാതന്ത്യ്രസമരസേനാനി, സംസ്കൃത പണ്ഡിതന് എന്നീനിലകളില്‍ അറിയപ്പെട്ടിരുന്ന ഒ.നാണു ഉപാദ്ധ്യായന്റെയും കല്യാണിയുടെയും മകള്‍ സുഭദ്രയാണ് സാംബശിവന്റെ സഹധര്‍മ്മിണി. സ്വാതന്ത്യ്രസമരകാലത്ത് ദേശസ്നേഹഗാഥകളും ഗ്രാമീണകാവ്യങ്ങളും എഴുതി അധികാരികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ സാംബശിവന്റെ ഭാര്യാ പിതാവ് ഒ. നാണുവിന് സാധിച്ചിരുന്നു. പ്രൊഫ. വസന്തകുമാറിന്റെ മാതുലനായ ത്യാഗരാജന്, അദ്ധ്യാപകനും നടനും പ്രഭാഷകനുമായിരുന്നു. മറ്റൊരു മാതുലന് പവിത്രന് കെ.എസ്.എഫ്.ഇ. മാനേജരായി വിരമിച്ചയാളാണ്. ഇളയച്ഛന് സുബ്രഹ്മണ്യന് ദേശാഭിമാനിയുടെ എറണാകുളം ജില്ലാ ബ്യൂറോചീഫായി വിരമിച്ചു.
മത്സ്യഫെഡ് ജില്ലാമാനേജരും പ്രൊജക്ട് ആഫീസറുമായ പ്രശാന്തകുമാര്‍, എന്‍ജിനീയറും ബിസിനസ്സുകാ രനുമായ ജീസസ്, ഡോക്ടര്‍ ജിനരാജ് (സൌദി അറേബ്യ), വിക്രം സാരാഭായ് സ്പെയ്സ് സെന്ററില്‍ സയന്റിസ്റായ ഐശ്വര്യ, സമൃദ്ധ് എന്നിവരാണ് പ്രൊഫ. വസന്തകുമാറിന്റെ സഹോദരങ്ങള്‍. ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദധാരിയായ എസ്. ലീനയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ബി.എ. വിദ്യാര്‍ത്ഥി സമ്പത്ത് വി. സാംബശിവന്, അഞ്ചാം ക്ളാസ്സ് വിദ്യാര്‍ത്ഥിയായ ജീവന് വി. സാംബശിവന് എന്നിവര്‍ മക്കള്‍. പുരോഗമന കലാസാഹിത്യസംഘം കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറി, ഏരിയാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന ഇദ്ദേഹം പു.ക.സയുടെ ജില്ലാജോയിന്റ് സെക്രട്ടറിയും ഏരിയാപ്രസിഡന്റുമാണ്. അദ്ധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ.യുടെ സംസ്ഥാനകൌണ്‍സില്‍ അംഗമായിരുന്നു. എ.കെ.പി.സി.ടി.എ ജേര്‍ണല്‍ പത്രാധിപസമിതിയംഗമാണ് പ്രൊഫ. വസന്തകുമാര്‍.
മലയാളക്കരയെ തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെയും ആലാപനമാധുര്യത്തിലൂടെയും കഥപറഞ്ഞുണര്ത്തിയ വി. സാംബശിവനെന്ന കഥാപ്രസംഗ ചക്രവര്‍ത്തിയുടെ പുത്രനും ഇന്ന് അതേപാതയിലാണ്. ഇടക്കാലത്ത് മലയാളിക്ക് അന്യമായിത്തീര്‍ന്ന ഈ മഹത്തായ കലാപ്രസ്ഥാനത്തിന് പ്രൊഫ. വസന്തകുമാര്‍ എന്ന കാഥികനില്നിന്ന് പ്രതീക്ഷിക്കാന്‍ ഏറെയുണ്ട്. |