John Britas

John Britas

Any

Reading

Problem

Managing Director

Kairali T.V.

Pyppinmood, Surya Gardens, Trivandrum

Trivandrum, 0471-2572250, 9847720010

Nil

Back

NIL

ദൃശ്യമാദ്ധ്യമപ്രവര്‍ത്തനരംഗത്ത് തനതുശൈലിയിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാനംനേടിയ പ്രമുഖനാണ് കണ്ണൂര്‍ സ്വദേശിയായ ശ്രീ. ജോണ്‍ ബ്രിട്ടാസ്. മൂര്‍ച്ചയേറിയ വിമര്‍ശനശരങ്ങളിലൂടെയും ആഴമേറിയ അഭിമുഖങ്ങളിലൂടെയും ഇദ്ദേഹം ജനശ്രദ്ധയാകര്‍ഷിക്കുന്നു. ജോണ്‍ ബ്രിട്ടാസ് എന്ന വ്യക്തിയുടെ തനതായ അവതരണശൈലി കൈരളി, പീപ്പിള്‍ തുടങ്ങിയ ചാനലുകളെ, ചാനലുകളുടെ പ്രളയത്തില്‍ മുങ്ങിപ്പോകാതെ ജനപ്രിയമാക്കി പിടിച്ചുനിര്‍ത്തുന്നതില്‍ പ്രധാനപങ്ക് വഹിച്ചു.
തൊടുപുഴ സ്വദേശികളായ, പരേതനായ ആലിലക്കുഴി യില്‍ പൈലി-അന്നമ്മ പടിഞ്ഞാറ്റേതില്‍ ദമ്പതികളുടെ മകനായി 1966-ലാണ് ഇദ്ദേഹം ജനിച്ചത്. 55 വര്‍ഷങ്ങള്‍ക്കുമുമ്പ് തൊടുപുഴയില്‍നിന്നും കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത് മലയോരഗ്രാമമായ പുലിക്കരുമ്പയിലേക്ക് കുടിയേറിയ കര്‍ഷകകുടുംബം ആണ് ഇദ്ദേഹത്തിന്റേത്.
പുലിക്കരുമ്പ യു.പി സ്കൂള്‍, ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍നിന്നും സ്കൂള്‍ വിദ്യാഭ്യാസവും തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍നിന്ന് പ്രീഡിഗ്രി, പയ്യന്നൂര്‍ കോളജില്‍നിന്ന് ഡിഗ്രി, തൃശ്ശൂര്‍ കേരളവര്‍മ്മ കോളജില്‍നിന്നും പി.ജി., ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍നിന്നും എം.ഫില്‍ എന്നിവയും ജോണ്‍ ബ്രിട്ടാസ് പൂര്‍ത്തിയാക്കി.
എഴുത്തും വായനയും വിനോദമാക്കിയ ഇദ്ദേഹം ചെറുപ്പം മുതല്‍ തന്നെ സാഹിത്യവാസനയും വാര്‍ത്തകളുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് യാഥാര്‍ത്ഥ്യമെന്തെന്ന് മനസ്സിലാക്കുന്നതിനുള്ള അന്വേഷണബുദ്ധിയും പ്രകടിപ്പിച്ചിരുന്നു. 1982-ല്‍ കേരളവര്‍മ്മ കോളജില്‍ പി.ജിക്ക് പഠിക്കുമ്പോള്‍ ദേശാഭിമാനി കണ്ണൂര്‍ ജില്ലാലേഖകനായും ഇദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി.
സാഹസികനും ധൈര്യശാലിയുമായിരിക്കണം ഒരു പത്രപ്രവര്‍ത്തകന്‍ എന്ന് പറയുന്ന ജോണ്‍ ബ്രിട്ടാസ് വാര്‍ത്തയ്ക്കുപിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ ഇവ രണ്ടും പ്രധാനഘടകങ്ങളാണെന്ന് സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ തെളിയിക്കുന്നു. ദേശാഭിമാനിയുടെ ഡല്‍ഹി റിപ്പോര്‍ട്ടറായിരുന്നപ്പോള്‍ ഇദ്ദേഹത്തിനുലഭിച്ച ആദ്യത്തെ അസൈന്‍മെന്റ് പഞ്ചാബിലായിരുന്നു. ഖാലിസ്ഥാന്‍ തീവ്രവാദം കത്തിനില്ക്കുന്ന കാലഘട്ടം. സിഖ്കൂട്ടക്കൊല, ബോഫോഴ്സ് വിവാദം, മണ്ഡല്‍ പ്രക്ഷോഭം, ഒന്നിനുപിറകേ മറ്റൊന്നായി 5 തെരഞ്ഞെടുപ്പുകള്‍- ഇവയെല്ലാംചേര്‍ന്ന് ദില്ലിയെ ഇളക്കിമറിക്കുന്നകാലം. പ്രശ്നങ്ങളും വിവാദങ്ങളും തെളിയുന്നതും മായുന്നതും ക്ഷണത്തിലാണ്. ഇന്നുകാണുന്ന മുഖങ്ങള്‍ നാളെയില്ല. സാഹസികനും ധൈര്യശാലിയുമായ ഒരു പത്രപ്രവര്‍ത്തകനുമാത്രമേ ഇങ്ങനെയുള്ള ഒരു വ്യവസ്ഥിതിയില്‍ പച്ചയായ ജീവിതത്തിന്റെയും സത്യത്തിന്റെയും ചുരുളഴിക്കാന്‍ സാധിക്കുകയുള്ളൂ. ദില്ലിവാസകാലഘട്ടത്തില്‍ നിരവധി സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയപ്രമുഖരുമായി പരിചയത്തിലാകാന്‍ സാധിച്ചത് പിന്നീടുള്ള പത്രപ്രവര്‍ത്തനത്തില്‍ ഇദ്ദേഹത്തെ ഏറെ സഹായിച്ചിട്ടുണ്ട്.
മാധ്യമങ്ങള്‍ കൂണുകള്‍പോലെ പൊട്ടിമുളയ്ക്കുന്ന ഈ കാലഘട്ടത്തില്‍ മറ്റുള്ളവയോട് കിടപിടിച്ചുനില്ക്കുക എന്നത് സുഗമമായ കാര്യമല്ല. എങ്കിലും, ചാനല്‍ തലവന്‍ എന്നനിലയില്‍ ജോണ്‍ ബ്രിട്ടാസ് ഇതും അതിജീവിച്ചു. ഒന്നൊന്നായി തലവേദനകള്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കാം എന്ന തീരുമാനത്തില്‍വരെ എത്തിയിട്ടുണ്ടെങ്കിലും ചെയ്യുന്ന പ്രവര്‍ത്തന ങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരങ്ങള്‍ അതിനനുവദിക്കുന്നില്ല എന്ന് ഒരു ചെറുപുഞ്ചിരിയോടെ ബ്രിട്ടാസ് പറയുന്നു.
മാധ്യമപ്രവര്‍ത്തനം ഒരു ഞാണിന്മേല്‍ കളിയാണ്. ഉദ്യോഗം, കുടുംബം, വായന, യാത്ര, സൌഹൃദം ഇവയെല്ലാം ഒത്തുകൊണ്ടുപോവാന്‍ സാധിക്കണം. എങ്കില്‍ മാത്രമേ ഒരു ജേര്‍ണലിസ്റിന് തന്റെ മേഖലയില്‍ നിലനില്‍പ്പുള്ളൂ. വിഷ്വല്‍ മീഡിയയുടെ രംഗപ്രവേശത്തോടെ ജേര്‍ണലിസം നഷ്ടപ്പെട്ട ഗ്ളാമര്‍ വീണ്ടെടുത്തു എന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു. ടി.വി. ഒരുപാടുസാധ്യതകള്‍ ഉള്ള മാധ്യമമാണെന്നും അതിന്റെ ഒരംശം മാത്രമേ ഇപ്പോള്‍ പ്രയോഗത്തില്‍ വന്നിട്ടുള്ളൂ എന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
മാധ്യമപ്രവര്‍ത്തനം പലപ്പോഴും കുടുംബകാര്യങ്ങളില്‍ നിന്നുപോലും ഇദ്ദേഹത്തെ പിന്നോട്ട് വലിക്കുന്നു. പുലിക്കറുമ്പ സെന്റ് അഗസ്റിന്‍ ദേവാലയത്തിനുസമീപം സ്ഥിതിചെയ്യുന്ന ഇദ്ദേഹത്തിന്റെ തറവാട്ടില്‍ പലപ്പോഴും അടുത്തുള്ള പ്രദേശങ്ങളിലെ കാര്യപരിപാടികളില്‍ പങ്കെടുക്കുവാന്‍ വരുമ്പോള്‍പോലും സമയപരിമിതി മൂലം സന്ദര്‍ശിക്കാന്‍ കഴിയാറില്ല എന്ന് ഇദ്ദേഹം ഖേദപൂര്‍വ്വം പറയുന്നു. എങ്കിലും ഒരു മാധ്യമപ്രവര്‍ത്തകന്റെ തിരക്കുകള്‍ മനസ്സിലാക്കുന്ന, വേണ്ട പ്രചോദനങ്ങള്‍ നല്‍കി വിഷമതകളില്‍ താങ്ങായി നില്ക്കുന്ന അച്ഛനും അമ്മയും ഭാര്യയുമാണ് തനിക്കുള്ളത് എന്ന് പറയുമ്പോള്‍ ആ കണ്ണുകളില്‍ അഭിമാനത്തിന്റെ തിരിതെളിയുന്നു.
പ്രശസ്തരും അതിപ്രശസ്തരുമായ അനേകം വ്യക്തികളെ ഇതിനോടകം ജോണ്‍ ബ്രിട്ടാസ് ഇന്റര്‍വ്യൂ ചെയ്തുകഴിഞ്ഞു. പ്രമുഖ സാഹിത്യകാരി കമലാസുരയ്യ, പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മദനി, രാഷ്ട്രദീപിക എം.ഡി. ഫാരിസ് അബൂബക്കര്‍ തുടങ്ങിയവരുമായുള്ള അഭിമുഖങ്ങള്‍ വളരെ വിജയകരമായി നിര്‍വ്വഹിച്ച ബ്രിട്ടാസ് ഒരു സ്വതന്ത്രചാനല്‍ എന്നനിലയില്‍ കൈരളി ടി.വി.യുടെ സ്വപ്നങ്ങള്‍ പൂവണിയുന്നതിനുള്ള മുഖ്യഹേതുവായി.
അമേരിക്ക-ഇറാഖ് യുദ്ധസമയത്ത് കൈരളി ടി.വി. റിപ്പോര്‍ട്ടറായി ഇറാഖില്‍ ബ്രിട്ടാസ് സേവനമനുഷ്ഠിച്ചു. ധീരനായ ഈ മാധ്യമപ്രവര്‍ത്തകനെ അനേകം അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. മാധ്യമരംഗത്തെ ആഗോളവത്കരണത്തെക്കുറിച്ചുള്ള പഠനത്തിന് ബാംഗ്ളൂര്‍ എഡ്യൂക്കേഷന്‍ ഫൌണ്ടേഷന്‍ നല്കിയ ഫെല്ലോഷിപ്പ്, കെ.സി ഡാനിയേല്‍ പുരസ്കാരം, 2006-ലെ ഏറ്റവും നല്ല മാധ്യമപ്രവര്‍ത്തകനുള്ള പി.ആര്‍. കുറുപ്പ് സ്മാരക അവാര്‍ഡ് എന്നിവ അതില്‍ ചിലതുമാത്രമാണ്.
ഒരു തികഞ്ഞ കമ്മ്യൂണിസ്റ് ചിന്താഗതിക്കാരനായ ഇദ്ദേഹം, ഇടതുപക്ഷ രാഷ്ട്രീയകക്ഷികള്‍ക്ക് മാത്രമേ രാജ്യത്ത് മതനിരപേക്ഷത നിലനിര്‍ത്താനാവൂ എന്ന് അവകാശപ്പെടുന്നു.
സെന്‍ട്രല്‍ റെയില്‍വേ ജീവനക്കാരിയായ ഷീബയാണ് ഇദ്ദേഹത്തിന്റെ ജീവിതസഖി. തന്റെ എല്ലാ ഉയര്‍ച്ചയ്ക്കും പ്രധാനപങ്ക് വഹിച്ചത് തന്റെ സഹധര്‍മ്മിണിയാണെന്ന് ബ്രിട്ടാസ് അഭിമാനത്തോടെ പറയുന്നു. അന്ന, ആനന്ദ് എന്നിവരാണ് ജോണ്‍ ബ്രിട്ടാസിന്റെ മക്കള്‍. ഇരുവരും തിരുവനന്തപുരം സെന്റ് തോമസ് സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. സഹോദരങ്ങള്‍: പോള്‍, ത്രേസ്യാമ്മ, സെബാസ്റ്യന്‍, റെജീന, ബേബി, ജിമ്മി.
ഇപ്പോള്‍ ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ പത്രസാരഥി എന്നസ്ഥാനം അലങ്കരിക്കുന്ന ജോണ്‍ ബ്രിട്ടാസ് ഭാവിയില്‍ പത്രപ്രവര്‍ത്തനരംഗത്ത് ഉയരങ്ങള്‍ കീഴടക്കുമെന്നുറപ്പാണ്.

              
Back

  Date updated :